| Sunday, 28th September 2025, 11:55 am

വിജയത്തില്‍ ഇന്ത്യയ്ക്ക് 80 ശതമാനവും പാകിസ്ഥാന് 50 ശതമാനവും; ഫൈനലിലെ കണക്കുകളിങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലേക്ക് ചുരുങ്ങാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. 2025 ഏഷ്യാ കപ്പിന്റെ കിരീട പോരാട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും.

ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീട പോരാട്ടത്തിന് ടിക്കറ്റെടുത്തത്. അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് തോല്‍ക്കുകയും മറ്റ് ടീമുകളോട് വിജയിച്ചുമാണ് സല്‍മാന്‍ അലി ആഘയും സംഘവും ഏഷ്യയുടെ ക്രിക്കറ്റ് കിരീടത്തിനായുള്ള കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

ടി-20 ഫൈനലുകളില്‍ ഇന്ത്യയുടെ പ്രകടനം മികച്ചതാണ്. ആറ് തവണ ഫൈനല്‍ കളിച്ചപ്പോള്‍ പരാജയപ്പെട്ടത് ഒന്നില്‍ മാത്രം. നാല് മത്സരത്തില്‍ വിജയിക്കുകയും അഞ്ചെണ്ണത്തില്‍ കിരീടമണിയുകയും ചെയ്തു. 2023 ഏഷ്യന്‍ ഗെയിംസില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരം ഉപേക്ഷിക്കപ്പെടുകയും ടോപ്പ് സീഡായ ഇന്ത്യയ്ക്ക് സ്വര്‍ണം ലഭിക്കുകയുമായിരുന്നു.

2007 ടി-20 ലോകകപ്പ്, 2016 ഏഷ്യാ കപ്പ്, 2018 നിദാഹസ് ട്രോഫി, 2024 ടി-20 ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകളിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 2014 ടി-20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയോടായിരുന്നു ഇന്ത്യയുടെ പരാജയം.

2007 ടി-20 ലോകകപ്പുമായി ഇന്ത്യ

അതേസമയം, പാകിസ്ഥാന് ഫൈനലുകളില്‍ 50 ശതമാനം വിജയമാണുള്ളത്. ആകെ കളിച്ച എട്ട് ഫൈനലുകളില്‍ നാല് വീതം മത്സരത്തില്‍ വിജയവും തോല്‍വിയും. 2007 ടി-20 ലോകകപ്പ്, 2022 ടി-20 ലോകകപ്പ്, 2022 ഏഷ്യാ കപ്പ് എന്നീ മത്സരങ്ങളില്‍ പരാജയപ്പെട്ടപ്പോള്‍ 2009 ടി-20 ലോകകപ്പിലും മള്‍ട്ടി നാഷണല്‍ സീരീസ് / ടൂര്‍ണമെന്റുകളില്‍ വിജയിക്കുകയും ചെയ്തു.

2009 ടി-20 ലോകകപ്പ് കിരീടവുമായി പാകിസ്ഥാന്‍

ടി-20 ഫൈനലുകളില്‍ ഓരോ ടീമിന്റെയും വിജയ ശതമാനം (കിരീടനേട്ടം)

( ടീം – ഫൈനലുകള്‍ – വിജയശതമാനം എന്നീ ക്രമത്തില്‍)

വെസ്റ്റ് ഇന്‍ഡീസ് – 2 – 100%

ഇന്ത്യ – 6 – 83.33%

ഇംഗ്ലണ്ട് – 3 – 66.66%

ശ്രീലങ്ക – 5 – 60%

പാകിസ്ഥാന്‍ – 8 – 50%

ഓസ്‌ട്രേലിയ – 4 – 50%

അഫ്ഗാനിസ്ഥാന്‍ – 6 – 40%

ന്യൂസിലാന്‍ഡ് – 4 – 25%

ബംഗ്ലാദേശ് – 2 – 0

സൗത്ത് ആഫ്രിക്ക – 2 – 0

ക്രിക്കറ്റ് ലോകം എന്നും ആവേശത്തോടെ നോക്കിക്കാണുന്ന ഫൈനല്‍ മത്സരമാണ് ഇന്ത്യ – പാകിസ്ഥാന്‍ കിരീടപ്പോരാട്ടങ്ങള്‍. ഈ നൂറ്റാണ്ടില്‍ ഇതുവരെ രണ്ട് തവണയാണ് ഇരുവരും കിരീടത്തിനായി കൊമ്പുകോര്‍ത്തത്. ഓരോ തവണ വീതം വിജയം ഇരുവരെയും കടാക്ഷിച്ചു. 2007 ടി-20 ലോകകപ്പില്‍ ഇന്ത്യയും 2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനും കിരീടം ചൂടി.

ഈ ക്ലാസിക് റൈവല്‍റിയുടെ പുതിയ പതിപ്പിനാണ് ദുബായ് ഇത്തവണ വേദിയാകുന്നത്. കണക്കുകള്‍ ഇന്ത്യയ്‌ക്കൊപ്പമാണെങ്കിലും ക്രിക്കറ്റിന്റെ അണ്‍പ്രഡിക്ടബിലിറ്റി ഫാക്ടറും മാറ്റിവെക്കാന്‍ സാധിക്കില്ല.

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

പാകിസ്ഥാന്‍ സ്‌ക്വാഡ്

സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ തലാത്ത്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സഹിബ്‌സാദ ഫര്‍ഹാന്‍, സയിം അയ്യൂബ്, സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സൂഫിയാന്‍ മഖീം.

Content Highlight: Performance of India and Pakistan in T20 Finals

We use cookies to give you the best possible experience. Learn more