| Wednesday, 15th October 2025, 9:00 am

പേരാമ്പ്ര സംഘര്‍ഷം: സ്‌ഫോടക വസ്തു എറിഞ്ഞ ഏഴ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിനിടെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ സംഭവത്തില്‍ ഏഴ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. ഉടനെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

സംഘര്‍ഷത്തിനിടെ പൊലീസ് അതിക്രമമുണ്ടായെന്നും ഗ്രനേഡും ടിയര്‍ ഗ്യാസും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍ സംഘര്‍ഷത്തിനിടെ യു.ഡി.എഫ് പ്രവര്‍ത്തകരാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് പുറത്തെത്തിയ വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. തുടര്‍ന്നാണ് ഏഴ് യു.ഡി.എഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇതിനിടെ, സ്‌ഫോടക വസ്തു എറിഞ്ഞതില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് യു.ഡി.എഫ് നേതൃത്വം. പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റിരുന്നു. മൂക്കിന് പരിക്കേറ്റ എം.പി ചികിത്സയില്‍ തുടരുകയാണ്.

പൊലീസിന്റെ ലാത്തി ചാര്‍ജിലാണ് എം.പിക്ക് പരിക്കേറ്റതെന്നും അദ്ദേഹത്തെ ആക്രമിച്ച പൊലീസുദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്നും യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

അഞ്ച് ദിവസത്തിനുള്ളില്‍ നടപടിയെടുത്തില്ലെങ്കില്‍ പൊലീസുദ്യോഗസ്ഥന്റെ വീടിന് മുന്നില്‍ പ്രതിഷേധിക്കുമെന്നും യു.ഡി.എഫ് അറിയിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പേരാമ്പ്രയില്‍ നടന്ന യു.ഡി.എഫ് പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്പില്‍ എം.പി, ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ എന്നിവരുള്‍പ്പടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. ഡി.വൈ.എസ്.പി ഹരിപ്രസാദ് ഉള്‍പ്പടെയുള്ള പത്തോളം പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

തുടര്‍ന്ന് ഷാഫി പറമ്പില്‍, പ്രവീണ്‍ തുടങ്ങി എട്ട് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയും കണ്ടാലറിയുന്ന 692 സി.പി.ഐ.എം, യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

മാരകായുധങ്ങള്‍ ഉപയോഗിച്ചു, പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി, പൊലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Content Highlight: Perambra clash: Seven UDF activists who threw explosives in custody

We use cookies to give you the best possible experience. Learn more