അവന്‍ മെസിയെ പോലെ കളിക്കുന്നു; സിറ്റി താരത്തെ പ്രശംസിച്ച് ഗാര്‍ഡിയോള
Football
അവന്‍ മെസിയെ പോലെ കളിക്കുന്നു; സിറ്റി താരത്തെ പ്രശംസിച്ച് ഗാര്‍ഡിയോള
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th November 2023, 4:19 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്തിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തിരുന്നു. മത്സരത്തില്‍ പോര്‍ച്ചുഗീസ് താരം ബെര്‍ണാഡോ സില്‍വ ഇരട്ടഗോള്‍ നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഈ മിന്നും പ്രകടനത്തില്‍ താരത്തെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള.

ബെര്‍ണാഡോ സില്‍വയുടെ കളി അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയെപോലെ തോന്നുമെന്നും സില്‍വ നേടിയ രണ്ടാമത്തെ ഗോള്‍ മെസി ഇതിന് മുമ്പ് നേടിയ പല ഗോളുമായി സാമ്യതകള്‍ ഉണ്ടെന്നുമാണ് ഗാര്‍ഡിയോള പറഞ്ഞത്.

‘ബെര്‍ണാഡോ സില്‍വ ഒരു അസാധാരണ കളിക്കാരനാണ്. അവന്‍ രണ്ട് മികച്ച ഗോളുകള്‍ നേടി. അവന്‍ രണ്ടാമത്തെ ഗോള്‍ നേടിയപ്പോള്‍ എനിക്ക് മെസിയെ പോലെ തോന്നി. കാരണം മെസി ഇതുപോലെ പല തവണ ഗോള്‍ നേടിയിട്ടുണ്ട്. എല്ലാവര്‍ക്കും അവന്റെ പ്രകടനങ്ങളില്‍ വലിയ സന്തോഷമുണ്ട്,’ ഗാര്‍ഡിയോള ബി.ബി.സി മാച്ച് ഓഫ് ദി ഡേയില്‍ പറഞ്ഞു.

മത്സരത്തില്‍ 33′, 83′ മിനിറ്റുകളിലായിരുന്നു സില്‍വയുടെ തകര്‍പ്പന്‍ ഗോളുകള്‍. താരം ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് സിറ്റിക്കായി നേടിയിട്ടുള്ളത്.

സിറ്റിയുടെ തട്ടകമായ ഇത്തിഹാദില്‍ നടന്ന മത്സരത്തില്‍ ബെര്‍ണാഡോക്ക് പുറമെ ജെറെമി ഡോകു, മാനുവല്‍ അക്കാഞ്ചി, ഫിലിപ് ഫോഡന്‍, നഥാന്‍ ആക്കെ എന്നിവരും ഗോളുകള്‍ നേടി.

ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 11 മത്സരങ്ങളില്‍ നിന്നും 27 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി.

ചാമ്പ്യന്‍സ് ലീഗില്‍ നവംബര്‍ എട്ടിന് യങ് ബോയ്‌സുമായാണ് സിറ്റിസണ്‍സിന്റെ അടുത്ത മത്സരം.

Content Highlight: Pep Guardiola praises Bernado Silva performance like Lionel Messi.