'തീർച്ചയായും അത് അവനാണ്'; ഒപ്പം കളിച്ചവരിൽ മികച്ച താരമാരെന്ന് വെളിപ്പെടുത്തി ഗ്വാർഡിയോള
Football
'തീർച്ചയായും അത് അവനാണ്'; ഒപ്പം കളിച്ചവരിൽ മികച്ച താരമാരെന്ന് വെളിപ്പെടുത്തി ഗ്വാർഡിയോള
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th October 2023, 10:31 am

പ്രൊഫഷണൽ ഫുട്ബോൾ കരിയറിൽ തന്റെ കൂടെ കളിച്ച ഏറ്റവും മികച്ച താരമാരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള.

വിയാലി മൗറോ ഫൗണ്ടേഷനും ഗാർഡിയോള ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറ്റലിയുടെ ഇതിഹാസതാരവും മുൻ യുവന്റസ് താരവുമായ റോബർട്ടോ ബാജിയോ ആണ് തന്റെ ഒപ്പം കളിച്ചിട്ടുള്ളതിലെ ഏറ്റവും മികച്ച താരമെന്നാണ് ഗ്വാർഡിയോള പറഞ്ഞത്.

റോബർട്ടോ ബാജിയോ ഇറ്റാലിയൻ ക്ലബ്ബുകളായ യുവന്റസ്, എ.സി മിലാൻ, ഇന്റർ മിലാൻ തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുളള താരമാണ്. ക്ലബ്ബ് തലത്തിൽ 488 മത്സരങ്ങളിൽ നിന്നും 218 ഗോളുകളാണ് ഇതിഹാസതാരം സ്വന്തമാക്കിയത്.

ഇറ്റലിക്ക് വേണ്ടി 57 മത്സങ്ങളിൽ ബൂട്ട് കെട്ടിയ ബാജിയോ 27 തവണ എതിരാളികളുടെ പോസ്റ്റിലേക്ക് പന്ത് എത്തിച്ചിട്ടുണ്ട്. ഇറ്റലിക്ക് വേണ്ടി 1990, 1994, 1998 എന്നീ മൂന്ന് ലോകകപ്പുകളിലാണ് ബാജിയോ കളിച്ചത്. ലോകകപ്പിൽ ഇറ്റലിക്ക് വേണ്ടി 16 മത്സരങ്ങളിൽ നിന്നും ഒൻപത് ഗോളുകളാണ് ബാജിയോ സ്വന്തമാക്കിയത്.

1993ലെ ബാലൻഡി ഓർ അവാർഡ് നേടാനും ബാജിയോക്ക്  സാധിച്ചു.

2001 ലായിരുന്നു ബാഴ്‌സലോണയിൽ നിന്നും സീരിയ എ ടീമായ ബ്രെസിയയിലേക്ക് പെപ് ഗ്വാർഡിയോള ചേക്കേറിയത്. ആ സമയത്ത് ബാജിയോയും ബ്രെസിയൻ ടീമിൽ ഉണ്ടായിരുന്നു. ഇരുവരും ഈ ടീമിന് വേണ്ടിയാണ് ഒരുമിച്ച് കളിച്ചത്. ബ്രെസിയക്ക് വേണ്ടി 45 ഗോളുകളാണ് താരം നേടിയത്.

ഫുട്ബോളിൽ വളർന്നു വരുന്ന കുട്ടികൾക്ക് ഗാർഡിയോള നിർദേശങ്ങൾ നൽകുകയും ചെയ്തു.

‘നിങ്ങൾ വീട്ടിൽ ഇരുന്ന് ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും നോക്കിയിരുന്നാൽ കഴിവുകൾ വികസിക്കില്ല. കഴിവുകൾ വികസിപ്പിക്കാൻ നിങ്ങൾ വ്യായാമങ്ങൾ ചെയ്യണം. നിങ്ങൾക്ക് ഫുട്ബോൾ കളിക്കാൻ ഇഷ്ടമാണെങ്കിൽ അത് എപ്പോഴും കളിച്ചുകൊണ്ടിരിക്കണം,’ പെപ് പറഞ്ഞു.

Content Highlight: Pep Guardiola has said that who is the best player to play with him.