ഏഴ് തവണ! ബെര്‍ണാബ്യൂവിലിട്ട് റയലിനെ തീര്‍ത്തവരില്‍ ഒന്നാമന്‍; പെപ് 'ദി ഫൈനല്‍ ബോസ്' ഗ്വാര്‍ഡിയോള
Sports News
ഏഴ് തവണ! ബെര്‍ണാബ്യൂവിലിട്ട് റയലിനെ തീര്‍ത്തവരില്‍ ഒന്നാമന്‍; പെപ് 'ദി ഫൈനല്‍ ബോസ്' ഗ്വാര്‍ഡിയോള
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th December 2025, 4:29 pm

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയിരുന്നു. ലോസ് ബ്ലാങ്കോസിന്റെ സ്വന്തം തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് പെപ്പിന്റെ കുട്ടികള്‍ റയല്‍ മാഡ്രിഡിനെ കരയിച്ചുവിട്ടത്.

സിറ്റിസണ്‍സിനായിരുന്നു മത്സരത്തിന്റെ സകലമേഖലയിലും മേല്‍ക്കൈ ഉണ്ടായിരുന്നത്. മത്സരത്തിന്റെ 28ാം മിനിട്ടിലൂടെ റോഡ്രിഗോയുടെ ഗോളില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്.

35ാം മിനിട്ടില്‍ നിക്കോ ഒ റെയ്‌ലിയും 43ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ എര്‍ലിങ് ഹാലണ്ടും ഗോള്‍ നേടി. സിറ്റിക്ക് വിജയം സമ്മാനിച്ചു.

ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സിറ്റി ബോസ് പെപ് ഗ്വാര്‍ഡിയോളയെ തേടിയെത്തിയത്. സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ ഏറ്റവുമധികം തവണ റയലിനെ പരാജയപ്പെടുത്തിയ പരിശീലകന്‍ എന്ന നേട്ടമാണ് പെപ് സ്വന്തമാക്കിയത്. ഇത് ഏഴാം തവണയാണ് പെപ് മാഡ്രിഡില്‍ റയലിന് ചരമഗീതം പാടുന്നത്.

അഞ്ച് തവണ ബാഴ്‌സലോണയ്‌ക്കൊപ്പമായിരുന്നു പെപ് റയലിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയത്. 2009ലെ 6-2ന്റെ വിജയവും 2012ലെ കോപ്പ ഡെല്‍ റേ വിജയവും ഇതില്‍ ഉള്‍പ്പെടുന്നു.

രണ്ട് തവണയാണ് സിറ്റിസണ്‍സിനൊപ്പം പെപ് ബെര്‍ണാബ്യൂ കീഴടക്കിയത്, രണ്ടും ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍. 2020ലാണ് ഇതിന് മുമ്പ് ലോസ് ബ്ലാങ്കോസ് സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ വെച്ച് പെപ് ഗ്വാര്‍ഡിയോളയോട് പരാജയപ്പെട്ടത്.

ഇതിന് പുറമെ ഏറ്റവുമധികം തവണ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയ പരിശീലകരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും പെപ്പിന് സാധിച്ചു. 14 തവണയാണ് പെപ്പിന് മുമ്പില്‍ ലോസ് ബ്ലാങ്കോസ് അടിയറവ് പറഞ്ഞത്. ഏഴ് മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഏഴെണ്ണം സമനിലയിലും കലാശിച്ചു.

 

ഏറ്റവുമധികം തവണ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയ പരിശീലകരില്‍ ഒന്നാമന്‍ ഹെലേനിയോ ഹെരേരയാണ്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മാനേജര്‍മാരില്‍ പ്രഥമസ്ഥാനീയനായ അദ്ദേഹം 22 തവണയാണ് റയലിനെ പരാജയപ്പെടുത്തിയത്. 16 തവണ ഈ നേട്ടത്തിലെത്തിയ ലൂയീസ് ആരഗോനെസാണ് രണ്ടാമന്‍.

 

Content Highlight: Pep Guardiola becomes the coach to defeat Real Madrid the most times at the Santiago Bernabéu