ബെംഗളൂരൂ: കൈയ്യോ കാലോ വെട്ടിയാല്‍ മാത്രമേ ആളുകള്‍ നിയമം അനുസരിക്കാന്‍ തയ്യാറാവുകയുള്ളൂവെന്ന് കര്‍ണാടക ഹൈക്കോടതി ജഡ്ജി. പ്രതികള്‍ക്കെതിരെ കര്‍ശനമായ നിയമനപടികള്‍ സ്വീകരിക്കാത്തത് കൊണ്ടാണ് ആളുകള്‍ നിസ്സാരമായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതെന്നും കോടതി പറഞ്ഞു.
കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്‍. നടരാജിന്റെതാണ് വാക്കാലുള്ള പരാമര്‍ശം. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ 23 കാരനായ ഒരു വിദ്യാര്‍ത്ഥിയുടെ ബലാത്സംഗക്കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
‘നിയമത്തിന് അതിന്റെ പല്ലുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു, കാരണം നമ്മള്‍ കുറ്റവാളികളോട് കര്‍ശനമായി പെരുമാറുന്നില്ല. മിഡില്‍ ഈസ്റ്റിലെ (ഗള്‍ഫ് രാജ്യങ്ങള്‍) പോലെ കൈയോ കാലോ വെട്ടുന്ന രീതിയിലുള്ള കടുത്ത ശിക്ഷകള്‍ നടപ്പാക്കിയാല്‍ മാത്രമേ നമ്മുടെ നാട്ടില്‍ ആളുകള്‍ നിയമം അനുസരിക്കാന്‍ തയാറാവൂ. ജനാധിപത്യം ഉള്ളതുകൊണ്ട് എല്ലാവരും കാര്യങ്ങളെ വളരെ നിസ്സാരമായാണ് കാണുന്നത്,’ജഡ്ജി പറഞ്ഞു.
സഹപാഠിയായ പെണ്‍കുട്ടിയെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിലാണ് പ്രതിയായ ഗോപി റെഡ്ഡി കാര്‍ത്തിക് റെഡ്ഡി ഏപ്രില്‍ 5 മുതല്‍ ജയിലില്‍ കഴിയുന്നത്. പ്രതി രണ്ട് മാസത്തോളമായി ജയിലിലാണെന്നും ഇത് പഠനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി അത് നിരക്കുകയായിരുന്നു.
‘ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും’ എന്ന് വ്യക്തമാക്കിയ കോടതി, പ്രതി കുറച്ചുദിവസം കൂടി ജയിലില്‍ കിടന്ന് അവിടുത്തെ അവസ്ഥകള്‍ മനസ്സിലാക്കട്ടെ എന്ന് പറഞ്ഞു. കേസ് കൂടുതല്‍ വാദത്തിനായി ജൂണ്‍ 8-ലേക്ക് മാറ്റിയിരിക്കുകയാണ്.
Content Highlight: People will only obey the law if they cut off their hands or feet; Punishment should be like that in Gulf countries: Karnataka High Court Judge