ന്യൂദൽഹി: രാജ്യ തലസ്ഥാനത്തെ വായുമലിനീകരണത്തിൽ പ്രതികരിച്ച് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
വായുമലിനീകരണം മൂലം പൊതുജനങ്ങൾ വലിയ വിലകൊടുക്കേണ്ടിവരുമെന്നും, കുട്ടികളെയും പ്രായമായവരെയുമാണ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും അദ്ദേഹം എക്‌സിൽ പ്രതികരിച്ചു.
വായുമലിനീകരണത്തിനെതിരെ പൊതുജനങ്ങളോട് പ്രതിഷേധിക്കാനും, ദുരന്തഫലങ്ങൾ എങ്ങനെയെല്ലാം ബാധിക്കും എന്നുള്ളതിനെകുറിച്ച് അഭിപ്രായങ്ങൾ പങ്കുവെക്കാനും അദ്ദേഹം പറഞ്ഞു.
‘വായുമലിനീകരണം കാരണം നമ്മൾ വലിയ വിലയാണ് നൽകികൊണ്ടിരിക്കുന്നത്. നമ്മുടെ ആരോഗ്യത്തെയും, സാമ്പത്തികസ്ഥിതിയെയും ഇത് പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച് നിർമാണ തൊഴിലാളികൾ അടക്കമുള്ള പുറംതൊഴിലിലേർപ്പെട്ടിരിക്കുന്നവർക്ക് ‘ അദ്ദേഹം പറഞ്ഞു.
അന്തരീക്ഷമലിനീകരണം എങ്ങനെയെല്ലാമാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ച് അഭിപ്രായം പങ്കുവെക്കുന്നതിന് വേണ്ടി പ്രത്യേക വെബ്സൈറ്റ് ലിങ്കും പ്രതിപക്ഷ നേതാവ് പങ്കുവച്ചു.
ആശങ്കകൾ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ടു.
ദൽഹിയിലെ വായുമലിനീകരണം ബി.ജെ.പിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ‘ട്രിപ്പിൾ എൻജിൻ’ സർക്കാറുണ്ടായിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.