ന്യൂദല്‍ഹി: ഇസ്രഈല്‍ അധിനിവേശ പ്രദേശങ്ങളിലെ കടുത്ത വാര്‍ത്താ നിയന്ത്രണങ്ങളെയും സെന്‍സര്‍ഷിപ്പുകളെയും കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍.
ഇസ്രഈലില്‍ നിന്ന് മടങ്ങിയെത്തിയ മുതിര്‍ന്ന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ബ്രജ് മോഹന്‍ സിങ്ങാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇസ്രഈലില്‍ കടുത്ത സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നുണ്ടെന്നും ആശുപത്രികളിലോ മിസൈല്‍ വീണ സ്ഥലങ്ങളിലോ വീഡിയോകള്‍ ചിത്രീകരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ ആക്രമണങ്ങളില്‍ ഇസ്രഈലിന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് പുറം ലോകമറിയാതെ സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിന് മുമ്പ് സൈന്യത്തിന്റെ അനുമതി വാങ്ങേണ്ടിവരുന്നുണ്ടെന്നും സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പല പ്രധാന വിവരങ്ങളും പുറത്തുവിടുന്നതില്‍ നിന്ന് വിലക്കുന്നുണ്ടെന്നും മാധ്യമ പ്രവര്‍ത്തകന്‍ വെളിപ്പെടുത്തി.
ബങ്കറുകളില്‍ അഭയം പ്രാപിച്ചവര്‍ പോലും ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രഈലിന്റെ നൂതന സംവിധാനങ്ങള്‍ ഉണ്ടായിരുന്നിട്ട് പോലും പലപ്പോഴും സൈറണുകള്‍ മുഴങ്ങുന്നതിന് മുമ്പേ മിസൈലുകള്‍ ലക്ഷ്യ സ്ഥാനത്ത് പതിക്കുന്നുണ്ടെന്നും ബ്രജ് മോഹന്‍ സിങ് പറഞ്ഞു.
‘യുദ്ധഭൂമിയിലെ യാഥാര്‍ത്ഥ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ഇസ്രഈല്‍ ഭരണകൂടം കര്‍ശനമായി വിലക്കുകയാണ്, വസ്തുതകള്‍ ലോകത്തിന് മുന്നിലെത്തിക്കാതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് അവിടെ നടക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
Content Highlight: People are falling dead even in bunkers; censorship is strong: Indian journalist who returned from Israel with revelations