തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.
പരിവര്‍ത്തിത ക്രൈസ്തവ സമൂഹത്തിന്റെ (എസ്.സി.സി.സി) പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കമ്മീഷനെയും നിയമിച്ചു. ബിശ്വനാഥ് സിന്‍ഹ, ടി.വി. അനുപമ, ജെറോമിക് ജോര്‍ജ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ഇന്ന് (ചൊവ്വ) ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍ക്കാരിന്റെ നീക്കം.
പെന്തക്കോസ്ത് സഭാംഗങ്ങളെ ഒരു കമ്മ്യൂണിറ്റിയായി അംഗീകരിക്കണമെന്നും നിലവിലുള്ള സെമിത്തേരികള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പെന്തക്കോസ്ത് ലീഡേഴ്‌സ് കൗണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിവേദനം നല്‍കിയിരുന്നു.
കഴിഞ്ഞ കുറേ കാലമായി വിവിധ പെന്തക്കോസ്ത് ഗ്രൂപ്പുകള്‍ സഭാ പദവി ആവശ്യപ്പെട്ട് രംഗത്തുണ്ട്. സഭാ പദവി ഇല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുക, പാസ്റ്റര്‍മാര്‍ക്കും സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തുക,
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ആനുപാതികമായി ലഭ്യമാക്കുക, ദളിത് ക്രൈസ്തവ സംവരണം അനുവദിക്കുക, ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളില്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പെന്തക്കോസ്ത് വിഭാഗം പ്രധാനമായും മുന്നോട്ടുവെക്കുന്നത്.
Content Highlight: Pentecostal churches will be recognized as a Christian denomination