പേ പിടിക്കാത്ത നായയുടെയും പേ പിടിച്ച മനുഷ്യരുടെയും കഥ
Malayalam Cinema
പേ പിടിക്കാത്ത നായയുടെയും പേ പിടിച്ച മനുഷ്യരുടെയും കഥ
അമര്‍നാഥ് എം.
Friday, 13th February 2026, 3:25 pm

ചെറിയ വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച രാജേഷ് മാധവന്റെ ആദ്യ സംവിധാന സംരംഭം. പെണ്ണും പൊറാട്ടും എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതുതന്നെയായിരുന്നു. പാലക്കാട് ഗ്രാമപ്രദേശങ്ങളില്‍ കാണുന്ന പൊറാട്ടുനാടകം എന്ന കലാരൂപത്തിന്റെ ചില ഫ്‌ളേവറുകള്‍ കഥയില്‍ കടന്നുവരുന്നുണ്ട്. നൂറിലധികം പുതുമുഖങ്ങളെയും ഇരുനൂറിനടുത്ത് മൃഗങ്ങളെയും അണിനിരത്തി ഒരുക്കിയ പെണ്ണും പൊറാട്ടും സമീപകാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും നല്ല സറ്റയറെന്ന് കണ്ണുംപൂട്ടി പറയാം.

പെണ്ണും പൊറാട്ടും Photo: 123 Musix

മലയാളികളുടെ മനസിലെ കപട സദാചാരവും ആള്‍ക്കൂട്ട ആക്രമണത്തിന് വെമ്പി നില്‍ക്കുന്ന മനസും ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ചിത്രമാണ് പെണ്ണും പൊറാട്ടും. പട്ടട എന്ന സാങ്കല്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഉടമസ്ഥയെ കടിച്ച് ചങ്ങല പൊട്ടിച്ച് ഓടിയ ഒരു പട്ടിയെ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.

സുട്ടു എന്ന ഈ പട്ടിയെ പിടിക്കാന്‍ ഗ്രാമത്തിലെ ക്ലബ്ബ് അംഗങ്ങളെല്ലാം വെറിയോടെ ഇറങ്ങിത്തിരിക്കുന്നു. ഇതിനിടയില്‍ കുമാര്‍ എന്ന യുവാവ് നടത്തുന്ന മണ്ടത്തരങ്ങളെല്ലാം ഗ്രാമത്തിലെ എല്ലാവരെയും ഒരു വീട്ടിലെത്തിക്കുകയും അവര്‍ തമ്മില്‍ ഉണ്ടാകുന്ന കലഹവും കൃത്യമായി ബ്ലെന്‍ഡ് ചെയ്തുകൊണ്ടുപോകാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. മനുഷ്യരുടെ തമ്മിലടി കണ്ട് മടുത്ത മൃഗങ്ങളെല്ലാം തിരിച്ച് കാടുകയറുന്ന ക്ലൈമാക്‌സ് വേറെ ലെവലെന്ന് മാത്രമേ പറയാനുള്ളൂ.

പെണ്ണും പൊറാട്ടും Photo: 123 Musix

രാജേഷ് മാധവന്‍, റെയ്‌ന രാധാകൃഷ്ണന്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ സിനിമയിലുടനീളം പുതുമുഖങ്ങളാണ്. എന്നാല്‍ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നതിന്റെ യാതൊരു പരിഭ്രമവുമില്ലാതെ അതിഗംഭീര പെര്‍ഫോമന്‍സാണ് ഓരോരുത്തരും കാഴ്ചവെച്ചത്. അതില്‍ എടുത്തുപറയേണ്ടത് സുജാതന്‍ മാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷനോജ് അലനല്ലൂരിനെയാണ്.

പെണ്ണും പൊറാട്ടും Photo: 123 Musix

മാഷ് എന്ന നല്ലപിള്ള ഇമേജ് നാട്ടുകാരുടെ മുന്നില്‍ ഉപയോഗിക്കുമ്പോഴും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാനും ആളുകളെ തമ്മില്‍ തല്ലിക്കാനുമുള്ള മനസുമായി നടക്കുന്ന കഥാപാത്രം അതിഗംഭീരമായി തന്നെ ഷനോജ് അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ വര്‍ഷ വത്സന്‍ അവതരിപ്പിച്ച സുമ എന്ന കഥാപാത്രവും വേറെ ലെവലായിരുന്നു. ഏഷണിയുടെ അങ്ങേയറ്റത്തെ കഥാപാത്രം കറക്ട് മീറ്ററില്‍ വര്‍ഷ പ്രസന്റ് ചെയ്തു.

ദിനേശ് പെ.പൊ, സുമേഷ് പുളിക്ക, സുമ പെ. പൊ, മനോജ് കുമാര്‍ തുടങ്ങിയ ആര്‍ട്ടിസ്റ്റുകളെല്ലാം അവരുടെ ഭാഗം ഗംഭീരമാക്കിയിട്ടുണ്ട്. സുട്ടുവിന് ശബ്ദം നല്‍കിയ ടൊവിനോയും സിനിമയെ കൂടുതല്‍ മികച്ചതാക്കി. രണ്ട് മണിക്കൂര്‍ നേരം പാലക്കാട്ടെ ഒരു ഗ്രാമത്തിലെത്തിയ ഫീലാണ് ഈ ചിത്രത്തിലൂടെ രാജേഷ് മാധവന്‍ സമ്മാനിച്ചത്.

പെണ്ണും പൊറാട്ടും Photo: 123 Musix

ഡോണ്‍ വിന്‍സെന്റ് ഒരുക്കിയ സംഗീതമാണ് മറ്റൊരു ഹൈലൈറ്റ്. പക്കാ ക്ലാസ് ഐറ്റമെന്ന് കണ്ണുംപൂട്ടി ഈ സിനിമയുടെ ബി.ജി.എമ്മിനെ വിശേഷിപ്പിക്കാം. ഒരു സ്ഥലത്തും ഓവര്‍ ലൗഡാകാതെ സട്ടിലായി പ്രസന്റ് ചെയ്തിട്ടുണ്ട്. സബിന്‍ ഊരാളിക്കണ്ടിയുടെ ഫ്രെയിമുകളും എടുത്തുപറയേണ്ട ഒന്നാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും പോയിന്റ് ഓഫ് വ്യൂവില്‍ നിന്നുകൊണ്ടുള്ള ഫ്രെയിമുകളെല്ലാം കൃത്യമായി കണ്‍വേ ചെയ്യിക്കുക എന്ന ടാസ്‌ക് സബിനില്‍ ഭദ്രമായിരുന്നു.

മൃഗങ്ങളെയെല്ലാം ട്രെയിന്‍ ചെയ്യിച്ച ഉണ്ണി വൈക്കത്തിനും പ്രത്യേക കൈയടി നല്‍കണം. സിനിമയിലെ കലഹങ്ങളെല്ലാം കൃത്യമായി അളന്നുമുറിച്ച ചമന്‍ ചാക്കോയുടെ എഡിറ്റിങ്ങും ഗംഭീരമായിട്ടുണ്ട്. ടെക്‌നിക്കല്‍ പരമായും പ്രകടനങ്ങള്‍ കൊണ്ടും മുന്നിട്ടുനില്‍ക്കുന്ന മികച്ച സിനിമാനുഭവമായി പെണ്ണും പൊറാട്ടും മാറിയിട്ടുണ്ട്.

പെണ്ണും പൊറാട്ടും Photo: 123 Musix

ഗ്രാമത്തിലെ എല്ലാവരും നിഷ്‌കളങ്കരും നല്ല മനസിന്റെ ഉടമകളുമാണെന്ന് പറഞ്ഞുവെച്ച പഴയകാല സത്യന്‍ അന്തിക്കാടിന്റെയും സിബി മലയിലിന്റെയുമെല്ലാം സിനിമകളുടെ നേര്‍ വിപരീത കാഴ്ച കൂടിയാണ് പെണ്ണും പൊറാട്ടും. പ്രൈവസി, കണ്‍സെന്റ് തുടങ്ങിയ കാര്യങ്ങളുടെ പ്രാധാന്യവും ചിത്രം അടിവരയിട്ട് പറയുന്നുണ്ട്.

Content Highlight: Pennum Porattum movie review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം