| Tuesday, 10th February 2026, 2:51 pm

നരവനെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെന്‍ഗ്വിന്‍ പറയുന്നു; എന്നാല്‍ പുസ്തകം ആമസോണിലുണ്ട്: രാഹുല്‍ ഗാന്ധി

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: കരസേന മുന്‍ മേധാവി എം. നരവനെയുടെ ‘ദി ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകം ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ ലഭ്യമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

എന്നാല്‍ നരവനെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് പെന്‍ഗ്വിന്‍ ബുക്ക്‌സ് പറയുന്നതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ലോക്‌സഭ ചേരുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുസ്തകത്തിലെ ഉള്ളടക്കം ഇന്ത്യന്‍ സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പെന്‍ഗ്വിനാണോ നരവനെയാണോ സത്യം പറയുന്നതെന്ന് ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

2023 ഡിസംബര്‍ 15ന് നരവനെ പങ്കുവെച്ച എക്‌സ് പോസ്റ്റിനെ കുറിച്ചും രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചു. ഈ എക്‌സ് പോസ്റ്റിലൂടെ, ആമസോണ്‍ ലിങ്ക് ഉള്‍പ്പെടെ നല്‍കികൊണ്ട് പുസ്തകം ലഭ്യമാണെന്ന് നരവനെ അറിയിച്ചിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.


നരവനെ കള്ളം പറയുമെന്ന് താന്‍ കരുതുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. നിങ്ങള്‍… നരവനെയാക്കാള്‍ വിശ്വസിക്കുന്നത് പെന്‍ഗ്വിനെയാണോ എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

ഇന്നലെ (ചൊവ്വ) നരവനെയുടെ പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അച്ചടിച്ചതോ ഡിജിറ്റല്‍ രൂപത്തിലുള്ളതോ ആയ ഒരു പകര്‍പ്പും പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ വില്‍ക്കുകയോ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ലെന്നും പെന്‍ഗ്വിന്‍ ബുക്ക്സ് പ്രസ്താവനയിറക്കിയിരുന്നു.

നരവനെയുടെ പുസ്തകം പ്രചരിപ്പിക്കുന്നതില്‍ ദല്‍ഹി പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പെന്‍ഗ്വിന്‍ ബുക്ക്‌സ് പ്രസ്താവന ഇറക്കിയത്. പുസ്തകത്തിന്റെ പി.ഡി.എഫ് പതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിന് എതിരെ ദല്‍ഹി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

നരവനെയുടെ പുസ്തകത്തിന് പ്രതിരോധ മന്ത്രാലയം പ്രസിദ്ധീകരണാനുമതി നല്‍കിയിട്ടില്ലെന്നും സുരക്ഷാ സംബന്ധമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നുമാണ് നടപടിയില്‍ ദല്‍ഹി പൊലീസ് നല്‍കിയ വിശദീകരണം.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നരവനെയുടെ പുസ്തകത്തിലെ ഉള്ളടക്കങ്ങള്‍ ലോക്സഭയില്‍ ഉദ്ധരിച്ചതോടെയാണ് പ്രസിദ്ധീകരണം വിവാദമായത്.

നരവനെയുടെ ലേഖനം വായിക്കുന്നതില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ ഉള്‍പ്പെടെ രാഹുലിനെ തടസപ്പെടുത്തിയിരുന്നു.

2020ലെ ഗാല്‍വാന്‍ സംഘര്‍ഷ സമയത്ത് സൈന്യത്തിന് ഇടപെടാന്‍ രാഷ്ട്രീയാനുമതി വൈകിയതിനെ തുടര്‍ന്ന്, ലഡാക്കിലെ ഇന്ത്യന്‍ ഭൂമി ചൈന കൈയേറിയെന്നാണ് ലേഖനത്തില്‍ പറയുന്നത്.

Content Highlight: Penguin says Naravane’s book is not published; but the book is on Amazon: Rahul Gandhi

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more