ന്യൂദല്‍ഹി: കരസേന മുന്‍ മേധാവി എം. നരവനെയുടെ ‘ദി ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകം ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ ലഭ്യമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

എന്നാല്‍ നരവനെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് പെന്‍ഗ്വിന്‍ ബുക്ക്‌സ് പറയുന്നതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ലോക്‌സഭ ചേരുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുസ്തകത്തിലെ ഉള്ളടക്കം ഇന്ത്യന്‍ സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പെന്‍ഗ്വിനാണോ നരവനെയാണോ സത്യം പറയുന്നതെന്ന് ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

2023 ഡിസംബര്‍ 15ന് നരവനെ പങ്കുവെച്ച എക്‌സ് പോസ്റ്റിനെ കുറിച്ചും രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചു. ഈ എക്‌സ് പോസ്റ്റിലൂടെ, ആമസോണ്‍ ലിങ്ക് ഉള്‍പ്പെടെ നല്‍കികൊണ്ട് പുസ്തകം ലഭ്യമാണെന്ന് നരവനെ അറിയിച്ചിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.