ന്യൂദൽഹി: പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി സാഹിൽ ലോചവിന്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ 30 ദിവസം വൈകിയതിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ പി. ചിദംബരം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഏഴ് മണിക്കൂർ ധർണ നടത്തേണ്ടിവന്നെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
കുറ്റകൃത്യത്തിന്റെ പരാതി ലഭിച്ചാൽ അടിയന്തരമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സുപ്രീം കോടതി നിർദേശത്തിന് വിരുദ്ധമാണ് ഡൽഹി പൊലീസിന്റെ നടപടിയെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
‘ഇരയുടെ പരാതിയിൽ ദൽഹിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ 30 ദിവസവും ലോക്‌സഭാ പ്രതിപക്ഷ നേതാവ് ഏഴ് മണിക്കൂർ ധർണ നടത്തേണ്ടിയും വന്നു. എല്ലാ പരാതികളിലും എഫ്.ഐ.ആർ അടിയന്തരമായി രജിസ്റ്റർ ചെയ്യണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്.’ എന്നാണ് അദ്ദേഹം പറഞ്ഞത്.
പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റിട്ടും പരാതിയിൽ ഉറച്ചുനിന്ന സാഹിൽ ലോചവിനെ ചിദംബരം അഭിനന്ദിച്ചു. സത്യഗ്രഹത്തിന്റെ ശക്തി തെളിയിച്ച രാഹുൽ ഗാന്ധിയെയും അദ്ദേഹം പ്രശംസിച്ചു.
വെള്ളിയാഴ്ചയാണ് ദൽഹി പൊലീസ് പെല്ലറ്റ് ആക്രമണവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സാഹിൽ ലോചവിന്റെ പരാതിയിൽ നടപടി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ നടത്തിയ ഏഴ് മണിക്കൂർ ധർണയ്ക്ക് പിന്നാലെയായിരുന്നു നടപടി.
ജൂലൈ 20ന് കോണാട്ട് പ്ലേസിൽ നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് വെടിയേറ്റ് പരിക്കേറ്റെന്നാണ് സാഹിൽ ലോചവിന്റെ പരാതി. പരാതി നൽകാൻ പൊലീസ് ആദ്യം തയ്യാറായില്ലെന്നും അദ്ദേഹം വിമർശിച്ചു. എയിംസിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ചയ്ക്ക് ഇപ്പോഴും തകരാറുണ്ടെന്നും സാഹിൽ പറഞ്ഞു.
മുൻ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്ക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ‘സൻസദ് ചലോ’ മാർച്ചിനിടെയാണ് സാഹിലിന് പെല്ലറ്റ് വെടിയേറ്റത്.
നേരത്തെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയ രാഹുൽ ഗാന്ധി പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചെന്ന ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. തുടർന്ന് സെൻട്രൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറെ കണ്ട രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി ധർണ നടത്തുകയായിരുന്നു.
ദൽഹി പൊലീസ് ഉദ്യോഗസ്ഥർ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നാണ് പറയുന്നതെങ്കിൽ, ആക്രമണം എങ്ങനെ സംഭവിച്ചുവെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം പിന്തുണച്ചതിന് പിന്നാലെ സാഹിൽ ലോചവ് രാഹുൽ ഗാന്ധിക്ക് നന്ദിയും അറിയിച്ചു.
Content Highlight:Pellet Attack: 30 Days to Register FIR and Rahul Gandhi’s Seven-Hour Protest; P. Chidambaram Criticises Delay.