വാഷിങ്ടണ്: മിഷിഗണിലെ ഒരു ഓട്ടോപ്ലാന്റ് സന്ദര്ശനത്തിനിടെ ട്രംപിനെതിരെ പ്രതിഷേധമുയര്ത്തിയ ആള്ക്കെതിരെ നടുവിരല് ഉയര്ത്തി ആക്രോശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
പീഡോഫൈല് പ്രോട്ടക്റ്റര്(കുട്ടികളെ പീഡിപ്പിക്കുന്നവരെ സംരക്ഷിക്കുന്നയാള്) എന്ന് പ്രതിഷേധക്കാരന് ട്രംപിനെതിരെ മുദ്രാവാക്യം വിളിക്കുന്നതായാണ് ദൃശ്യങ്ങള്. ട്രംപ് അയാള്ക്ക് നേരെ നടുവിരല് കാണിക്കുകയും അസഭ്യം പറയുന്നതുമായും വീഡിയോയിലുണ്ട്. ഈ വീഡിയോയാണ് സോഷ്യല് മീഡിയയിലൂടെ പ്രചരിക്കുന്നത്.
US President Donald Trump gave the middle finger after he was heckled during a tour of a car manufacturing plant in Michigan.
ഡെട്രോയിറ്റിലെ ഫോര്ഡ് എഫ്-150 ഫാക്ടറികളുടെ സന്ദര്ശനത്തിനിടെയാണ് സംഭവം. ഫാക്ടറിയിലെ നടപ്പാതയിലൂടെ ട്രംപ് നീണ്ട ഓവര് കോട്ട് ധരിച്ച് നടന്നുവരുന്നതായും താഴെ നിന്ന് പ്രതിഷേധങ്ങള് ഉയരുന്നതും ദൃശ്യങ്ങളില് കാണാം.
അതിനിടയിലായിരുന്നു പ്രതിഷേധക്കാരില് ഒരാള് മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധക്കാരനെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല് വിഷയത്തില് ട്രംപിനെ അനുകൂലിച്ചുകൊണ്ട് വൈറ്റ് ഹൗസ് വക്താവ് സ്റ്റീവന് ചിയാങ് രംഗത്തെത്തിയിട്ടുണ്ട്. ‘ ഒരു ഭ്രാന്തന് രോഷാകുലനായി അസഭ്യം പറഞ്ഞ് കൊണ്ടിരുന്നു, പ്രസിഡന്റ് ഉചിതവും വ്യക്തവുമായ മറുപടി നല്കി,’ ചിയാങ് പറഞ്ഞു.
പീഡനക്കേസില് ജയിലിലായ ജെഫ്രി എപ്സ്റ്റിനുമായി ബന്ധപ്പെട്ട രേഖകള് പുറത്തുവിടണമെന്ന ആവശ്യം ശക്തമാവുന്ന സാഹചര്യത്തിലാണ് സംഭവം. പ്രയപൂര്ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില് വിചാരണ കാത്തിരിക്കവെ എപ്സ്റ്റിനെ ജയിലില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.
ട്രംപിന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു എപ്സ്റ്റിന്. എപ്സ്റ്റിന്റെ മരണം ആത്മഹത്യയാണെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും മരണം ട്രംപ് അനുകൂലികളുടെ ഗൂഡാലോചനയുടെ ഭാഗമാണെന്നും ആരോപങ്ങള് ഉണ്ടായിരുന്നു.
എപ്സ്റ്റിനെതിരായ ഫയലില് ട്രംപിനെതിരെയും ആരോപണങ്ങളുണ്ടായിരുന്നു. ട്രംപും എപ്സ്റ്റിനും തമ്മിലുള്ള നിരവധി ഫോട്ടോകള് പുറത്ത് വരികയും വിഷയത്തില് ട്രംപിന് ബന്ധമുണ്ടെന്നും ആരോപണങ്ങള് ഉണ്ടായിരുന്നു.
എന്നാല് ഇവയെല്ലാം ട്രംപ് നിഷേധിക്കുകയായിരുന്നു. ഡിസംബര് 19ന് ഇതുമായി ബന്ധപ്പെട്ട ഫയലുകള് പുറത്ത് വിടുന്നതിനുള്ള അവസാന തീയതിയും കഴിഞ്ഞതോടെ പ്രതിഷേധം ശക്തമാണ്. ഇരുപത് ലക്ഷത്തോളം രേഖകള് പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നായിരുന്നു ഫയലുകള് പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ നീതിന്യായ വകുപ്പിന്റെ വിശദീകരണം.
നൂറുകണക്കിന് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതായിരുന്നു എപ്സ്റ്റിനെതിരായ കേസ്. 2006ലാണ് എപ്സ്റ്റീന് അറസ്റ്റിലായത്. 2009ല് വീണ്ടും അറസ്റ്റിലായി. 2021ല് കൂട്ടുപ്രതി ഗ്ലിസെയ്‌നും അറസ്റ്റിലായിരുന്നു. എന്നാല് 2019ലാണ് എപ്സ്റ്റിനെ ജയിലില് മരിച്ച നിലയില് കണ്ടെത്തിയത്. എപ്സ്റ്റിനെതിരായി പരാതിക്കാരി കോടതിയിലും മൊഴി നല്കിയിരുന്നു. 2025ല് ഇവര് ജീവനൊടുക്കുകയായിരുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.