| Tuesday, 31st March 2026, 10:09 pm

ആര്‍.ആര്‍.ആര്‍ റിലീസായിട്ട് നാല് വര്‍ഷം, കൈയില്‍ വന്ന സ്റ്റാര്‍ഡം മര്യാദക്ക് ഉപയോഗിക്കാനാകാതെ റാം ചരണ്‍

അമര്‍നാഥ് എം.

നെപ്പോട്ടിസത്തിന് പേരുകേട്ട ഇന്ത്യന്‍ ഇന്‍ഡസ്ട്രിയാണ് ടോളിവുഡ്. താരപുത്രന്മാരെല്ലാം സിനിമാലോകത്ത് കൊണ്ടാടപ്പെടുന്ന തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ചിരഞ്ജീവിയുടെ മകനെന്ന ലേബലില്‍ ഇന്‍ഡസ്ട്രിയിലേക്ക് കടന്നുവന്ന താരമാണ് റാം ചരണ്‍. തെലുങ്കിലെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ രാജമൗലി ഒരുക്കിയ മഗധീരയിലൂടെ രണ്ടാമത്തെ ചിത്രത്തില്‍ തന്നെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടാന്‍ താരത്തിന് സാധിച്ചു.

എന്നാല്‍ ധീരക്ക് ശേഷം റാം ചരണിന്റേതായി വന്ന പല സിനിമകളും ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല. അഭിനയിക്കാനറിയില്ലെന്ന തരത്തില്‍ പല വിമര്‍ശനങ്ങളും ഇക്കാലയളവില്‍ റാം ചരണ്‍ നേരിട്ടു. സുകുമാറുമായി ഒന്നിച്ച രംഗസ്ഥലം റാം ചരണിലെ നടനെ അടയാളപ്പെടുത്തി. ഒരിക്കല്‍ കൂടി രാജമൗലിയുമായി കൈകോര്‍ത്ത ആര്‍.ആര്‍.ആര്‍ ഗ്ലോബല്‍ റീച്ചും താരത്തിന് സമ്മാനിച്ചു.

എന്നാല്‍ ആര്‍.ആര്‍.ആര്‍. റിലീസായി നാല് വര്‍ഷമായിട്ടും റാം ചരണിന്റെ കരിയര്‍ പ്രതീക്ഷക്കൊത്ത് ഉയരാതിരിക്കുകയാണ്. ഈ നാല് വര്‍ഷത്തിനിടയില്‍ വെറും രണ്ട് സിനിമകള്‍ മാത്രമാണ് താരം പൂര്‍ത്തിയാക്കിയത്. ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചര്‍, ബുച്ചി ബാബു സനയുടെ പെദ്ദി എന്നിവയാണ് താരത്തിന്റെ ചിത്രങ്ങള്‍.

മൂന്ന് വര്‍ഷത്തോളം സമയമെടുത്ത് പുറത്തിറക്കിയ ഗെയിം ചേഞ്ചര്‍ റാം ചരണിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറി. 250 കോടിയുടെ നഷ്ടമാണ് ഗെയിം ചേഞ്ചര്‍ നിര്‍മാതാവിന് സമ്മാനിച്ചത്. ഗെയിം ചേഞ്ചറിന്റെ ക്ഷീണം തീര്‍ക്കുമെന്ന് ആരാധകര്‍ അവകാശപ്പെടുന്ന പെദ്ദി റിലീസ് ഡേറ്റ് മാറ്റിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ ഹൈപ്പിന്റെ കൊടുമുടിയിലായിരുന്നു.

മാര്‍ച്ച് 26ന് റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം ഏപ്രില്‍ 30ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് വീണ്ടും റിലീസ് ഡേറ്റ് മാറ്റാന്‍ സാധ്യതയുണ്ട്. ഷൂട്ട് പൂര്‍ത്തിയായിട്ടില്ലെന്നും ജൂണ്‍/ ജൂലൈ മാസത്തിലായിരിക്കും റിലീസെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കരിയറില വിലപ്പെട്ട നാല് വര്‍ഷം എങ്ങുമെത്താത്ത അവസ്ഥയിലാണ് റാം ചരണ്‍.

റൂറല്‍ മാസ് എന്റര്‍ടൈനറായൊരുങ്ങുന്ന പെദ്ദിക്കായി വലിയ തയാറെടുപ്പുകളാണ് റാം ചരണ്‍ നടത്തിയത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഗ്ലിംപ്‌സിലെ ഏറ്റവും വലിയ പോസിറ്റീവ് താരത്തിന്റേ ഫിസീക്കായിരുന്നു. പുരാണത്തിലെ ഹനുമാനെ ഓര്‍മിപ്പിക്കുന്ന ഫിസീക്കാണെന്ന് പലരും അഭിപ്രായപ്പെട്ടു. ഒരു സിനിമക്ക് വേണ്ടി ഒരുവര്‍ഷത്തിലധികം മാറ്റിവെക്കുന്നത് ശരിയല്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Peddi movie release date changing making confusion in Ram Charan Fans

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more