| Wednesday, 14th May 2025, 12:03 pm

എല്ലാവരും പേടിപ്പിച്ചു; താങ്കള്‍ ചിരിക്കില്ലേയെന്ന ചോദ്യത്തിനുള്ള ഗൗതം സാറിന്റെ മറുപടിയില്‍ മഞ്ഞുരുകി: പേര്‍ളി മാണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളില്‍ ഒരാളാണ് പേര്‍ളി മാണി. ഏറെ ആരാധകരുള്ള നടിയും അവതാരകയുമാണ് പേര്‍ളി. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് നടിയെ യുവതലമുറ ഏറ്റെടുത്തത്.

പിന്നീട് ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന പരിപാടിയില്‍ വന്നതോടെ പേര്‍ളി മാണി കുടുംബപ്രേക്ഷകര്‍ക്ക് ഇടയിലും ശ്രദ്ധിക്കപ്പെട്ടു. തന്റെ യൂട്യൂബ് ചാനലില്‍ പേര്‍ളി തുടങ്ങിയ പേര്‍ളി മാണി ഷോ എന്ന പരിപാടിക്കും ആരാധകര്‍ ഏറെയാണ്.

ഈയിടെ ആയിരുന്നു സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ പേര്‍ളി മാണി ഷോയില്‍ അഭിമുഖത്തിനായി എത്തിയത്. പേര്‍ളിയോടൊപ്പമുള്ള അഭിമുഖത്തില്‍ പൊട്ടിച്ചിരിക്കുന്ന സംവിധായകനെ കണ്ടതോടെ പലരും പേര്‍ളി മാണിയുടെ അഭിമുഖത്തെ പ്രശംസിച്ചിരുന്നു.

ഇപ്പോള്‍ ഗൗതം വാസുദേവ് മേനോനെ ബ്ലഷ് ചെയ്യിച്ച പേര്‍ളി മാജിക് എന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടി. അത്തരത്തിലുള്ള മാജിക്കൊന്നും ഇല്ലെന്നും തന്റെ മുന്നില്‍ ഇരിക്കുന്ന വ്യക്തിയുടെ വൈബാണ് ഷോയില്‍ ഉടനീളം തന്നെ ലീഡ് ചെയ്യുന്നതെന്നും പേര്‍ളി പറയുന്നു.

അദ്ദേഹം നല്ല സീരിയസാണെന്നും ചിരിക്കില്ലെന്നും പറഞ്ഞ് ഒപ്പമുള്ളവര്‍ തന്നെ പേടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം വന്നപ്പോള്‍ മുതല്‍ നല്ല മൂഡിലായിരുന്നുവെന്നും നടി പറഞ്ഞു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പേര്‍ളി മാണി.

‘മാജിക് ഒന്നുമില്ല. മുന്നിലിരിക്കുന്ന വ്യക്തിയുടെ വൈബാണ് ഷോയിലുടനീളം എന്നെ ലീഡ് ചെയ്യുന്നത്. ഗൗതം വാസുദേവ് മേനോന്റെ ഇന്റര്‍വ്യൂവിനായി തയാറെടുക്കുമ്പോള്‍ മനസില്‍ മുഴുവന്‍ അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളുമായിരുന്നു.

‘അദ്ദേഹം നല്ല സീരിയസാണ്. ചിരിക്കില്ല’ എന്നൊക്കെ പറഞ്ഞ് ഒപ്പമുള്ളവര്‍ എന്നെ പേടിപ്പിച്ചിരുന്നു. പക്ഷേ, അദ്ദേഹം വന്നപ്പോള്‍ മുതല്‍ നല്ല മൂഡിലായിരുന്നു. ഷോ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ താങ്കള്‍ ചിരിക്കില്ലേ എന്ന് ഞാന്‍ ചോദിച്ചു. ‘ഞാനിപ്പോള്‍ ചിരിക്കുകയാണല്ലോ’ എന്ന മറുപടിയില്‍ മഞ്ഞുരുകിത്തുടങ്ങി,’ പേര്‍ളി മാണി പറയുന്നു.

Content Highlight: Pearle Maaney Talks About Gautham Vasudev Menon

We use cookies to give you the best possible experience. Learn more