മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. വില്ലനായി അരങ്ങേറി നായകനായി പ്രേക്ഷകമനസില്‍ ഇടംപിടിച്ച മഹന്‍ലാല്‍ നാലരപ്പതിറ്റണ്ടിലധികമായി ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. പകര്‍ന്നാടാന്‍ വേഷങ്ങളോ സ്വന്തമാക്കാന്‍ പുരസ്‌കാരങ്ങളോ ബാക്കിയില്ലാത്ത മോഹന്‍ലാല്‍ സിനിമാപ്രേമികളെ വിസ്മയിപ്പിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
മലയാളത്തിനകത്തും പുറത്തും മോഹന്‍ലാലിന് ധാരാളം സെലിബ്രിറ്റി ആരാധകരുണ്ട്. തമിഴ് താരം ചിയാന്‍ വിക്രം, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍ തുടങ്ങി നിരവധി അന്യഭാഷാ താരങ്ങള്‍ മോഹന്‍ലാലിന്റെ ആരാധകരാണെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന് കടലും കടന്ന് പുതിയൊരു സെലിബ്രിറ്റി ഫാന്‍ വന്നിരിക്കുകയാണ്.
ഹോളിവുഡ് സീരീസായ പീക്കി ബ്ലൈന്‍ഡേഴ്‌സിലൂടെ ശ്രദ്ധേയനായ കോസ്‌മോ ജാര്‍വിസാണ് മോഹന്‍ലാലിന്റെ അഭിനയം ഇഷ്ടമാണെന്ന് പറഞ്ഞത്. ആര്‍ട്ടിക്കിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സി.ജെ എന്നറിയപ്പെടുന്ന കോസ്‌മോ തന്റെ ഇഷ്ടതാരങ്ങളുടെ പട്ടികയില്‍ മോഹന്‍ലാലിന്റെ പേരും എടുത്തുപറഞ്ഞത്.
‘ചാര്‍ലി ചാപ്ലിന്‍, വോക്കിന്‍ ഫീനിക്‌സ്, ബ്രൂണോ ഗാന്‍സ്, ആന്തണി ഹോപ്കിന്‍സ്, വില്യം ഫിച്‌നര്‍, നിക് നോള്‍ടെ, ഗാരി ഓള്‍ഡ്മാന്‍, പോള്‍ ജിയമാറ്റി, ഡാനിയല്‍ ഡേ ലൂയിസ്, ജോണ്‍ കാന്‍ഡി, വില്യം ഹര്‍ട്, കാത്തി ബേറ്റ്‌സ്, മോഹന്‍ലാല്‍, റിക്കി ഗെര്‍വേയ്‌സ്, നെഡ് ഡെന്നിഹി, മെലിസ ലിയോ, വിഗ്ഗോ മോര്‍ടെന്‍സന്‍ എന്നിങ്ങനെ ഒരുപാട് ആര്‍ട്ടിസ്റ്റുകളെ ഇഷ്ടമാണ്,’ കോസ്‌മോ ജാര്‍വിസ് പറഞ്ഞു.
ടെക്‌സ്റ്റ് മാത്രമുള്ള അഭിമുഖത്തിലെ ഈയൊരു ഭാഗം മാത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മോഹന്‍ലാലിന്റെ ഫാന്‍സ് പേജുകളും സോഷ്യല്‍ മീഡിയയിലെ സിനിമാപേജുകളും ഇതിനോടകം ഈയൊരു ഭാഗം ഷെയര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുന്ന മോഹന്‍ലാല്‍ ഈയൊരൊറ്റ അഭിമുഖത്തിലൂടെ ഇന്റര്‍നാഷണല്‍ റേഞ്ചിലേക്ക് റീച്ച് നേടിയിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെ പേരിലും സ്‌ക്രിപ്റ്റ് സെലക്ഷന്റെയും പേരില്‍ മോഹന്‍ലാല്‍ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വിധേയനാകേണ്ടി വന്നിരുന്നു. എന്നാല്‍ രണ്ട് സിനിമകള്‍ കൊണ്ട് മലയാളത്തിലെ സകല കളക്ഷന്‍ റെക്കോഡും തന്റെ പേരിലാക്കി പഴയ സിംഹാസനം സ്വന്തമാക്കുന്ന കാഴ്ചക്കാണ് 2025 സാക്ഷിയായത്.
Content Highlight: Peaky Blinders actor Cosmo Jarvis interview portion about Mohanlal viral