തെലുങ്കില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് പവന് കല്യാണ്‍. തെലുങ്കിലെ താരകുടുംബമായ കൊണ്ടിലേല ഫാമിലിയില്‍ നിന്ന് സിനിമയിലേക്കെത്തിയ പവന്‍ കല്യാണ്‍ വളരെ വേഗത്തില്‍ തെലുങ്കിലെ യൂത്ത് ഐക്കണായി മാറി. 2000ന് ശേഷം ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്ത് താരം തന്റെ സ്റ്റാര്‍ഡം വലുതാക്കി. സിനിമക്ക് പുറമെ രാഷ്ട്രീയത്തിലും താരം സജീവമാണ്.
താരത്തിന്റേതായി പുറത്തിറങ്ങാനുള്ള പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. 2020ല്‍ അനൗണ്‍സ് ചെയ്ത ഹരി ഹര വീര മല്ലുവാണ് അഞ്ച് വര്‍ഷത്തോളമായി റിലീസാകാതെയിരിക്കുന്നത്. പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന പീരിയോഡിക് ആക്ഷന്‍ ത്രില്ലറാണ് ഹരി ഹര വീര മല്ലു. ക്രിഷ് ജഗരലമുഡിയും ജ്യോതി കൃഷ്ണയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2022 ജനുവരിയില്‍ റിലീസ് ചെയ്‌തേക്കമെന്ന് ആദ്യം അറിയിച്ച ചിത്രം പിന്നീട് മെയിലേക്ക് റിലീസ് മാറ്റിയിരുന്നു. എന്നാല്‍ ഷൂട്ട് അവസാനിക്കാത്തതിനാല്‍ 2023 മാര്‍ച്ചിലേക്ക് വീണ്ടും റിലീസ് നീട്ടി. പവന്‍ കല്യാണിന്റെ രാഷ്ട്രീയ പ്രവേശനവും തെരഞ്ഞെടുപ്പും കാരണം ചിത്രത്തിന്റെ ഷൂട്ട് വീണ്ടും നീളുകയായിരുന്നു.
2025 മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചെങ്കിലും അതും നടന്നില്ല. പിന്നീട് മെയ് ഒമ്പത്, ജൂണ്‍ 12 എന്നീ റിലീസ് ഡേറ്റുകള്‍ പുറത്തുവിട്ടെങ്കിലും അതെല്ലാം അവസാനനിമിഷം മാറ്റിവെക്കപ്പെടുകയായിരുന്നു. നിലവില്‍ ജൂലൈ 24ന് ചിത്രം റിലീസാകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളൊന്നുമില്ല.
തമിഴില്‍ വിക്രം നായകനായ ധ്രുവ നച്ചത്തിരത്തിന്റെ അതേ അവസ്ഥ തന്നെയാണ് ഹരി ഹര വീര മല്ലുവിനുമെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. എട്ട് വര്‍ഷത്തിന് മേലെയായി ധ്രുവ നച്ചത്തിരത്തിനായി സിനിമാലോകം കാത്തിരിക്കുകയാണ്. ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു.
പവന് കല്യാണിന്റെ മറ്റ് ചിത്രങ്ങളായ ഒ.ജി, ഉസ്താദ് ഭഗത് സിങ് എന്നിവയും ഈ വര്‍ഷം തന്നെ പുറത്തിറങ്ങും. സാഹോക്ക് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ഒ.ജിയുടെ ഗ്ലിംപ്‌സിന് വന്‍ വരവേല്പാണ് ലഭിച്ചത്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ഒ.ജി ഒരുങ്ങുന്നത്.
Content Highlight: Pawan Kalyan’s Hari Hara Veera Mallu postponed again for sixth time