ഒരുകാലത്ത് തെലുങ്ക് സിനിമയിലെ ടോപ് സ്റ്റാറായി വിലസിനിന്ന നടനായിരുന്നു പവന്‍ കല്യാണ്‍. ചിരഞ്ജീവിയുടെ സഹോദരനെന്ന ലേബലില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന പവനെ പവര്‍ സ്റ്റാര്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിച്ചു. എന്നാല്‍ കഴിഞ്ഞ കുറേക്കാലമായി ബോക്‌സ് ഓഫീസില്‍ പവന് അത്ര നല്ല സമയമല്ല.
കഴിഞ്ഞദിവസം റിലീസായ ഉസ്താദ് ഭഗത് സിങ്ങിനും വന്‍ നെഗറ്റീവ് റിവ്യൂവാണ് ലഭിക്കുന്നത്. ചിത്രം പരാജയമായി മാറുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇതോടെ വലിയ ഹിറ്റില്ലാതെ 13ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് പവര്‍ സ്റ്റാര്‍. 2013ല്‍ പുറത്തിറങ്ങിയ അത്തരിന്‍ടികി ദരേദി എന്ന ചിത്രമാണ് പവന്റെ ലാസ്റ്റ് സൂപ്പര്‍ ഹിറ്റ്.
ഇതിന് ശേഷം 10 സിനിമകളില്‍ താരം നായകനായെങ്കിലും ഒന്നുപോലും സൂപ്പര്‍ഹിറ്റായില്ല. വലിയ ഫാന്‍ ബേസുള്ളതുകൊണ്ട് മാത്രം ചില സിനിമകള്‍ ആവറേജ് അഭിപ്രായമെങ്കിലും സ്വന്തമാക്കി. വന്‍ ഹൈപ്പിലെത്തിയ പല സിനിമകളും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഒ.ജി 200 കോടിയിലേറെ കളക്ഷന്‍ നേടിയെങ്കിലും ബജറ്റിന്റെ ആധിക്യം കാരണം നിര്‍മാതാവിന് വലിയ ലാഭം സമ്മാനിച്ചില്ല.
ഇപ്പോഴിതാ ഉസ്താദ് ഭഗത് സിങ്ങും പരാജയത്തിലേക്ക് നീങ്ങുകയാണ്. പവന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഗബ്ബര്‍ സിങ് അണിയിച്ചൊരുക്കിയ ഹരീഷ് ശങ്കറാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. 100 കോടി പോലും നേടാനാകാതെ ഉസ്താദ് ഭഗത് സിങ് കളംവിട്ടേക്കുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
ആദ്യ ഷോ അവസാനിച്ചതുമുതല്‍ വന്‍ നെഗറ്റീവ് റിപ്പോര്‍ട്ടാണ് ചിത്രത്തിന് ലഭിച്ചത്. 54 വയസുള്ള പവന്‍ കല്യാണിന്റെ നായികയായി 24കാരിയായ ശ്രീലീലയെ കാസ്റ്റ് ചെയ്തതടക്കം ട്രോള്‍ മെറ്റീരിയലായി മാറി. മാസ് സീനെന്ന് പറഞ്ഞ് പവന്‍ കാണിച്ചുകൂട്ടുന്ന സീനുകള്‍ക്ക് ഒരു സ്വാഗുമില്ലെന്നും ആരാധകര്‍ പോലും ഈ ചിത്രത്തെ പ്രൊമോട്ട് ചെയ്യില്ലെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.
രാഷ്ട്രീയപാര്‍ട്ടി ആരംഭിച്ചതിന് ശേഷം ആര്‍ക്കോ വേണ്ടിയാണ് പവന്‍ സിനിമകള്‍ ചെയ്യുന്നതെന്നും അഭിപ്രായങ്ങളുണ്ട്. കഴിഞ്ഞവര്‍ഷം റിലീസായ ഹരിഹര വീരമല്ലു എന്ന ചിത്രം മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ പരാജയമായി മാറിയിരുന്നു. അഞ്ച് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രം ആദ്യ ആഴ്ചയില്‍ തന്നെ ബോക്‌സ് ഓഫീസില്‍ വീണു.
പവന്റെ സീനുകളില്‍ ഫേസ് സ്വാപ് ചെയ്തതും ഗ്രീന്‍ മാറ്റിന്റെ അതിപ്രസരവും ചിത്രത്തെ പിന്നോട്ടടിച്ചു. മാസ് സിനിമകള്‍ക്ക് ഒട്ടും ചേരാത്ത മുഖമാണ് പവന്റേതെന്നും എങ്ങനെയാണ് ഇത്രയും കാലം തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനിന്നതെന്നും മലയാളത്തിലെ ചില സിനിമാപേജുകള്‍ ചോദിക്കുന്നുണ്ട്.
Content Highlight: Pawan Kalyan entering to 13th year without a super hit