2026 ടി-20 ലോകകപ്പില്‍ ഓസീസിനെ പരാജയപ്പെടുത്തി ശ്രീലങ്ക സൂപ്പര്‍ 8ന് യോഗ്യതയുറപ്പിച്ചിരിക്കുകയാണ്. പല്ലേക്കലെയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ലങ്കന്‍ ലയണ്‍സ് സ്വന്തമാക്കിയത്.
ഓസീസ് ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം 12 പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലങ്ക മറികടക്കുകായയിരുന്നു. സൂപ്പര്‍ താരം പാതും നിസങ്കയുടെ സെഞ്ച്വറി കരുത്തിലാണ് ശ്രീലങ്ക വിജയം പിടിച്ചടക്കിയത്. 2026 ലോകകപ്പിലെ ആദ്യ സെഞ്ച്വറിയാണ് നിസങ്കയുടെ ബാറ്റില്‍ നിന്നും പിറന്നത്.
52 പന്ത് നേരിട്ട ലങ്കന്‍ ഓപ്പണര്‍ അഞ്ച് സിക്‌സറും പത്ത് ഫോറും അടക്കം പുറത്താകാതെ 100 റണ്‍സ് നേടി. 192.31 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. അന്താരാഷ്ട്ര ടി-20യില്‍ നിസങ്കയുടെ രണ്ടാം സെഞ്ച്വറിയാണിത്.
ഇതോടെ ടി-20 ചരിത്രത്തില്‍ ഇന്ത്യയ്‌ക്കെതിരെയും ഓസ്‌ട്രേലിയക്കെതിരെയും സെഞ്ച്വറി നേടുന്ന ആദ്യ താരമാകാനും നിസങ്കയ്ക്ക് സാധിച്ചു. ഇന്ത്യയ്‌ക്കെതിരെയും ഓസ്‌ട്രേലിയക്കെതിരെയും എട്ട് താരങ്ങള്‍ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും ഇരുവര്‍ക്കുമെതിരെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത് നിസങ്ക മാത്രമാണ്.
എവിന്‍ ലൂയീസ് (വെസ്റ്റ് ഇന്‍ഡീസ്), ഷെയ്ന്‍ വാട്‌സണ്‍ (ഓസ്‌ട്രേലിയ), ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്‌ട്രേലിയ), ജോഷ് ഇംഗ്ലിസ് (ഓസ്‌ട്രേലിയ), കോളിന്‍ മണ്‍റോ (ന്യൂസിലാന്‍ഡ്), ഡേവിഡ് മില്ലര്‍ (സൗത്ത് ആഫ്രിക്ക), റിലി റൂസോ (സൗത്ത് ആഫ്രിക്ക) എന്നിവരാണ് നിസങ്കയ്ക്ക് പുറമെ ഇന്ത്യയ്‌ക്കെതിരെ ടി-20 സെഞ്ച്വറി നേടിയ മറ്റ് താരങ്ങള്‍.
ഡെവാള്‍ഡ് ബ്രെവിസ് (സൗത്ത് ആഫ്രിക്ക), ഋതുരാജ് ഗെയ്ക്വാദ് (ഇന്ത്യ), ബ്രെണ്ടന്‍ മക്കെല്ലം (ന്യൂസിലാന്‍ഡ്), ടിം റോബിന്‍സണ്‍ (ന്യൂസിലാന്‍ഡ്), മാര്‍ട്ടിന്‍ ഗപ്ടില്‍ (ന്യൂസിലാന്‍ഡ്), ടി.എം. ദില്‍ഷന്‍ (ശ്രീലങ്ക), ഷായ് ഹോപ്പ് (വെസ്റ്റ് ഇന്‍ഡീസ്) എന്നിവര്‍ ഓസീസിനെതിരെയും അന്താരാഷ്ട്ര ടി-20യില്‍ സെഞ്ച്വറി നേടി.
പാതും നിസങ്ക
2025 സെപ്റ്റംബര്‍ 26നാണ് നിസങ്ക ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 58 പന്ത് നേരിട്ട് 107 റണ്‍സാണ് നിസങ്ക നേടിയത്. ആറ് സിക്‌സറും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
മത്സരം ടൈയില്‍ കലാശിക്കുകയും തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു.
അതേസമയം, ഗ്രൂപ്പ് ബി-യില്‍ നിന്നും അപരാജിതരായാണ് ശ്രീലങ്ക സൂപ്പര്‍ 8ന് യോഗ്യത നേടിയത്. ഫെബ്രുവരി 19നാണ് ടീമിന്റെ അടുത്ത മത്സരം. കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ സിംബാബ്‌വേയാണ് എതിരാളികള്‍.
Content Highlight: Pathum Nissanka is the only player to complete T20I century against India and Australia