ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ മൂന്നാം ദിവസം അവസാനിച്ചിരിക്കുകയാണ്. ഗല്ലേ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 495 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ബംഗ്ലാദേശ്. തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 368 റണ്‍സ് നേടിയിട്ടുണ്ട്.
ലങ്കക്കുവേണ്ടി മികച്ച പ്രകടനം നടത്തിയത് ഓപ്പണര്‍ പാത്തും നിസംഗയാണ്. 256 പന്തുകള്‍ നേരിട്ട് ഒരു സിക്‌സറും 23 ഫോറും ഉള്‍പ്പെടെ 187 റണ്‍സ് നേടിയാണ് താരം ലങ്കയുടെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത്. ഇതിന് പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡും നേടിയിരിക്കുകയാണ് നിസംഗ. ബംഗ്ലാദേശിനെതിരെ ടെസ്റ്റില്‍ ഒരു ശ്രീലങ്കന്‍ ഓപ്പണര്‍ സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്‌കോര്‍ നേടാനാണ് താരത്തിന് സാധിച്ചത്.
ദിമുത് കരുണരത്‌നെ – 244 – പല്ലേക്കെലെ – 2021
മര്‍വന്‍ അട്ടപ്പട്ടു – 201 – കൊളംബോ – 2001
കുശാല്‍ മെന്‍ഡിസ് – 196 – ചിട്ടങ്ങോങ്ങ് – 2018
പാത്തും നിസംഗ – 187 – ഗല്ലേ – 2025
ഉപ്പുല്‍ തരംഗ – 165 – ബോഗ്ര – 2006
നിസംഗക്ക് പുറമേ ലങ്കക്കുവേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ദിനേശ് ചണ്ഡിമലാണ്. 119 പന്തില്‍ നിന്ന് നാല് ബൗണ്ടറികള്‍ ഉള്‍പ്പെടെ 54 റണ്‍സ് ആണ് താരം നേടിയത്. ഏഞ്ചലോ മാത്യൂസ് 69 പന്തില്‍ നിന്ന് 39 റണ്‍സ് നേടി മികവ് പുലര്‍ത്തി.
നിലവില്‍ ക്രീസില്‍ ഉള്ളത് 56 പന്തില്‍ 37 റണ്‍സ് നേടിയ കാമിന്ദു മെന്‍ഡിസും 26 പന്തില്‍ 17 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വയുമാണ്. മത്സരത്തിലെ നാലാം ദിനം കളത്തില്‍ ഇറങ്ങുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ലങ്കയെ ഉയര്‍ന്ന സ്‌കോറിലേക്ക് കൊണ്ടുപോകാനും മികച്ച ലീഡ് നേടാനുമാണ് ഇരുവരും ലക്ഷ്യമിടുക. അതേസമയം ബെംഗ്ലാദേശിന് വേണ്ടി ഹസന്‍ മൊഹമദ്, തൈജുല്‍ ഇസ്‌ലാം, നയീം ഹസന്‍, മൊനീമുല്‍ ഹഖ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
Content Highlight: Pathum Nissanka In Great Record Achievement Against Bangladesh