ഈ പതിനെട്ടാം പടിയില്‍ ആര്‍ക്കും കയറാം
Film Review
ഈ പതിനെട്ടാം പടിയില്‍ ആര്‍ക്കും കയറാം
ഹരിമോഹന്‍
Friday, 5th July 2019, 5:55 pm

എവിടെനിന്നു തുടങ്ങണമെന്ന് ഒരാശങ്കയുമില്ല. അവരില്‍ നിന്നു തുടങ്ങാം, ആ 65 പേരില്‍ നിന്ന്. അവര്‍ സിനിമയെന്ന സ്വപ്‌നത്തിന്റെ പതിനെട്ടുപടികളും ചവിട്ടിക്കയറിയിരിക്കുന്നു. 2019 എന്ന വര്‍ഷം മലയാളസിനിമയ്ക്ക് പുതുമകളുടേതാണെങ്കില്‍, അക്കൂട്ടത്തിലേക്ക് 65 പുതുമുഖ പ്രതിഭകളെ സമ്മാനിച്ചുകഴിഞ്ഞു ശങ്കര്‍ രാമകൃഷ്ണന്‍ എന്ന സംവിധായകന്‍. 18,000 അപേക്ഷകളില്‍ നിന്ന് ഇത്രമേല്‍ ഗ്രൂം ചെയ്യപ്പെട്ടാണോ അവരെത്തിയതെന്ന് പതിനെട്ടാം പടി കണ്ടിറങ്ങുമ്പോള്‍ അത്ഭുതപ്പെട്ടേക്കാം. തികച്ചും യാദൃശ്ചികം മാത്രം.

മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കിന്റെ പേരില്‍ മാത്രം ഇത്രദിവസം ആഘോഷിക്കപ്പെട്ട ഒരു സിനിമ, അതുമാത്രമല്ലെന്നും, അതൊന്നുമല്ലെന്നും സാക്ഷ്യപ്പെടുത്തുന്നു രണ്ടു മണിക്കൂര്‍ 49 മിനിറ്റില്‍.

കൗമാരപ്രായത്തിന്റെ അവിവേകങ്ങള്‍ക്കും ചോരത്തിളപ്പുകള്‍ക്കും ആണത്ത ആഘോഷങ്ങള്‍ക്കും ഇടയില്‍ നിന്ന് ജീവിതം അതല്ലെന്ന തിരിച്ചറിവിലേക്കെത്തുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണിത്. അതായത്, 17-ല്‍ നിന്ന് 18-ലേക്കുള്ള ചവിട്ടുപടി. അതാണ് പതിനെട്ടാംപടി. അല്ലാതെ, പേരുകേള്‍ക്കുമ്പോള്‍ തെറ്റിദ്ധരിക്കേണ്ട ഒരാവശ്യവുമില്ല.

നടനായും തിരക്കഥാകൃത്തായും മികവുതെളിയിച്ച ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനത്തിലേക്കെത്തുന്ന സിനിമയാണ് പതിനെട്ടാം പടി. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും കെ.ജി അനില്‍കുമാറും നിര്‍മിച്ച സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നതും ശങ്കര്‍ തന്നെയാണ്.

പാവപ്പെട്ടവരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളും പണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളും തമ്മില്‍ ബദ്ധവൈരികളാകുന്ന കാഴ്ച എത്ര വര്‍ഷം മുന്‍പുമുതലേ മലയാളസിനിമ ആഘോഷിക്കാന്‍ തുടങ്ങിയതാണ്. അതേ പ്ലോട്ടിനെ പതിവുരീതിയില്‍ ട്രീറ്റ് ചെയ്യാതിരുന്ന ശങ്കര്‍ രാമകൃഷ്ണന്‍ ബ്രില്യന്‍സിന് ആദ്യമൊരു കൈയ്യടിയാകാം. സ്‌കൂള്‍കാലം പൈങ്കിളിവത്കരണത്തിന്റെ വ്യത്യസ്തതലങ്ങളില്‍ മാത്രം ഒതുക്കിവെച്ചിരിക്കുന്ന മലയാളസിനിമയ്ക്ക് യഥാര്‍ഥപ്രശ്‌നങ്ങളെ സമീപിക്കാന്‍ ലഭിച്ച അവസരമാണിത്.

ആദ്യപകുതിയിലേക്കു വരാം. ഈ സമയം കൈയിലുള്ള മൊബൈല്‍ ഫോണിനെക്കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടില്ല. അതില്‍ കോള്‍ വരുമെന്നോ മെസ്സേജ് വരുമെന്നോ ഉള്ള ചിന്തകളിലേക്കു നിങ്ങള്‍ പോകില്ല. ഒരു ഫുള്‍ പാക്കഡ് ആക്ഷന്‍ ഡ്രാമയാണ് ആദ്യപകുതി നിങ്ങളെ കാത്തിരിക്കുന്നത്. സമീപകാലത്ത് ഇത്ര വൃത്തിയോടെയും ആകാംക്ഷയോടെയും ഓരോ ആക്ഷന്‍ സീക്വെന്‍സുകളും സമ്മാനിച്ചിട്ടുണ്ടോ മലയാളസിനിമ എന്നു സംശയമാണ്.

അതിഥിതാരമായെത്തുന്ന പൃഥ്വിരാജിലൂടെയാണു കഥ തുടങ്ങുന്നത്. ‘സ്‌കൂള്‍ ഓഫ് ജോയ്’ എന്ന വിദ്യാലയത്തിലൂടെ സമാന്തര വിദ്യാഭ്യാസ രീതി തുടരുന്ന അശ്വിന്‍ വാസുദേവ് എന്നയാളെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. തന്റെ ചുറ്റും കൂടിയവരോട് അശ്വിന്‍ തന്റെ ഭൂതകാലത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങുകയാണ്. പിന്നീട് പൃഥ്വിരാജ് എന്ന താരത്തെ നമ്മള്‍ മറന്നുതുടങ്ങുന്നു. ഒരു കൂട്ടം അഭിനേതാക്കളിലേക്കാവും പിന്നെ നമ്മുടെ ശ്രദ്ധയത്രയും.

തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്ന മേല്‍പ്പറഞ്ഞ സ്‌കൂളുകളില്‍ക്കൂടിയാണ് പിന്നീട് കഥ സഞ്ചരിക്കുന്നത്. നാട്ടുകാരായ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ മോഡല്‍ സ്‌കൂളാണ് അതിലൊന്ന്. മറ്റൊന്ന് പണക്കാരുടെ മക്കള്‍ പഠിക്കുന്ന ഇന്റര്‍നാഷണല്‍ സ്‌കൂളും.

ഈ സ്‌കൂളുകള്‍ തമ്മില്‍ കാലങ്ങളായി നടക്കുന്ന കുടിപ്പകയും അതേച്ചൊല്ലി ക്വട്ടേഷന്‍ ടീമുകളെക്കാള്‍ ഭീകരമായി പ്രതികാരം വീട്ടുന്ന വിദ്യാര്‍ഥികളും ആകാംക്ഷയുടെ മുള്‍മുനയിലേക്കാണു കാണികളെ കൊണ്ടുപോകുന്നത്. ഇവിടെ തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന കഥാപാത്രങ്ങളെ തുടക്കക്കാരുടെ യാതൊരു ആശങ്കകളുമില്ലാതെയാണ് ആ ചെറുപ്പക്കാര്‍ അഭിനയിച്ചോ ജീവിച്ചോ ഫലിപ്പിച്ചത്. സ്ഥിരം ക്ലീഷേ കുടിപ്പകയില്‍ത്തന്നെ പ്രതീക്ഷകളും അവസാനിക്കുമോ എന്ന സംശയത്തില്‍ നില്‍ക്കുമ്പോഴാണ് സാമൂഹ്യപ്രസക്തിയുള്ള ഒരു വിഷയത്തിലേക്കു ശങ്കര്‍ പതിനെട്ടാം പടിയെ നയിക്കുന്നത്.

മോഡല്‍ സ്‌കൂളിലെ ഗാങ് ലീഡര്‍ അയ്യപ്പന്‍ (അക്ഷയ് രാധാകൃഷ്ണന്‍), ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഗാങ് ലീഡര്‍ അശ്വിന്‍ (അശ്വിന്‍ ഗോപിനാഥ്) എന്നിവരാണ് നമ്മുടെ കാഴ്ചകളെ അത്രയും അപഹരിക്കുന്നത്. പൂര്‍ണമായും സംഘട്ടനരംഗങ്ങളില്‍ക്കൂടി സഞ്ചരിക്കുന്ന കുറച്ചധികം നേരത്തിനുശേഷം പിന്നീട് ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് കഥ കേന്ദ്രീകരിക്കുന്നു. അവിടെ കൗമാരപ്രായക്കാരിലെ ലഹരി വസ്തുക്കളുടെ ഉപയോഗം സൃഷ്ടിക്കുന്ന അപകടങ്ങളാണ് ചര്‍ച്ചയാവുന്നത്. അതിനു തടയിടാന്‍ ഒരുങ്ങുന്ന അധ്യാപകനായി വേഷമിട്ട പുതുമുഖമായ ചന്ദുനാഥ് അവതരിപ്പിക്കുന്ന ജോയ് എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രം സിനിമ കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ പതിഞ്ഞുചേരുന്ന ഒരു മുഖമാണ്.

ജോയിയുമായി പ്രണയത്തിലെത്തുന്ന അധ്യാപികയായി ആനിയിലൂടെ അഹാന കൃഷ്ണയും തന്നിലേല്‍പ്പിച്ച കര്‍ത്തവ്യം നല്ല വൃത്തിയായി പൂര്‍ത്തിയാക്കി. ഒരാഴ്ചയ്ക്കിടെ രണ്ടു നല്ല വേഷങ്ങള്‍ മലയാളസിനിമയ്ക്കു സമ്മാനിക്കാന്‍ അഹാനയ്ക്കായിട്ടുണ്ട്. (ആദ്യത്തേത് ലൂക്കയാണ്.) ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പ്രധാനാധ്യാപകനായി ആക്ഷേപഹാസ്യ പരിപാടികളിലൂടെ മലയാളികള്‍ക്കു സുപരിചിതനായ മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് പുളിക്കനും തന്റെ സിനിമയിലേക്കുള്ള കടന്നുവരവ് ആഘോഷമാക്കി.

അശ്വിന്‍ എന്ന ഹെഡ്ഡ് ബോയിയും അവന്റെ സൗഹൃദങ്ങളും, അടച്ചാക്ഷേപിക്കാനാവില്ലെങ്കില്‍ക്കൂടി കൗമാരക്കാര്‍ക്കിടയില്‍ കാണാന്‍ സാധിക്കുന്ന സാമൂഹ്യവിപത്തിന്റെ സൂചനകളാണ്. അശ്വിനും ജോയ് എബ്രഹാമുമായുള്ള ആത്മബന്ധവും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളും വരെ ആദ്യ പകുതിയില്‍ കാണാന്‍ സാധിക്കും. സമയത്തിന്റെ ദൈര്‍ഘ്യവും അനാവശ്യ രംഗങ്ങളുടെ കുത്തിത്തിരിയലുകളും ആദ്യ പകുതിയുടെ അവസാനഭാഗത്തേക്ക് അടുക്കുമ്പോള്‍ വിരസത സൃഷ്ടിക്കുമെന്ന ചെറിയ പരാതി മാത്രമേ നമുക്കുണ്ടാവൂ.

രണ്ടാം പകുതിയിലാണ് ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടിയുടെ, അഥവാ ജോയ് എബ്രഹാം പാലയ്ക്കല്‍ സഹോദരനായ ജോണ്‍ എബ്രഹാം പാലയ്ക്കലിന്റെ കടന്നുവരവ്. പക്ഷേ അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ മുന്നില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ ആ സ്‌റ്റൈലിഷ് ലുക്ക് തന്നെയേ തുടര്‍ന്നും കൈയ്യടിക്കാനുള്ളൂ. മാസ്സ് ഡയലോഗുകള്‍ക്കു സ്ഥാനമില്ലെങ്കിലും തന്റെ ലുക്കിലൂടെ ആ പ്രശ്‌നത്തിന് ഒരുപരിധി വരെ ആരാധകരെ തൃപ്തിപ്പെടുത്തുന്നു മമ്മൂട്ടി.

ആദ്യപകുതിയിലുണ്ടായിരുന്ന വേഗത രണ്ടാംപകുതിയില്‍ കൈമോശം വന്നിട്ടുണ്ട്. ജോണ്‍ എബ്രഹാമിനെ അവതരിപ്പിച്ച താരത്തെ, മമ്മൂട്ടിയെ, അമിതമായി ഉപയോഗിക്കേണ്ടിവന്നത് രസംകൊല്ലിയാകുന്നു. എന്നാല്‍ പ്രായം നമ്മളിലുണ്ടാക്കുന്ന മാറ്റമെന്താണെന്നും യഥാര്‍ഥ വിദ്യാഭ്യാസം അനുഭവങ്ങളാണെന്നും രണ്ടാംപകുതി പറഞ്ഞുപഠിപ്പിക്കും.

പക്ഷേ, സിനിമ അത്രനേരം കാണിച്ചതൊന്നുമായിരുന്നില്ല ക്ലൈമാക്‌സില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്. എവിടെ അവസാനിപ്പിക്കണമെന്നൊന്നും നിശ്ചയമില്ലാത്ത ഒരാളായി ശങ്കര്‍ രാമകൃഷ്ണനെ നമ്മള്‍ക്കു കാണേണ്ടിവരും. ആവശ്യമില്ലാത്ത ഇടത്ത് രാജ്യസ്‌നേഹത്തിന്റെ തിരുകിക്കയറ്റലുണ്ട്. ഒപ്പം അയ്യപ്പന്‍ വലുതാവുമ്പോള്‍ അത് ആര്യയില്‍ക്കൂടി അവതരിപ്പിക്കാനുള്ള ശ്രമവും അതുവഴി സൈനികനീക്കങ്ങളുടെ അതിപ്രസരവും നല്ലൊരു സിനിമയെ നശിപ്പിക്കാന്‍ ഉതകുന്നതാണ്. അതിനിടെ ഒരു ക്ലൈമാക്‌സ് രംഗത്ത് ഫൈറ്റ് സീനിനുവേണ്ടി മാത്രം ഒരു അസാധ്യ സെറ്റിട്ട ആര്‍ട്ട് ടീമിനോടും നീതി പുലര്‍ത്താനാവുന്നില്ല.

സംഘട്ടനരംഗങ്ങള്‍ക്കൊപ്പം തന്നെ കൊറിയോഗ്രാഫിയും മികവോടെ നില്‍ക്കുന്നു. എ.എച്ച് കാഷിഫ് സംഗീതം നല്‍കിയ ഗാനങ്ങളെല്ലാം മികച്ചതായപ്പോള്‍ പശ്ചാത്തലസംഗീതം അതിനോടു പൂര്‍ണമായും നീതി പുലര്‍ത്തിയെന്നു പറയാനാകില്ല. സാനിയ ഇയ്യപ്പനെ അതിഥിതാരമായെത്തിച്ച് ഒരു ഗാനരംഗം കളര്‍ഫുള്ളാക്കിയെങ്കിലും ആ അഞ്ചുമിനിറ്റ് നന്നായി മുഴച്ചുനില്‍ക്കുന്നുണ്ട്. എന്നാല്‍ സംഘട്ടനങ്ങള്‍ക്കൊപ്പം സഞ്ചരിച്ച സുദീപിന്റെ ക്യാമറാക്കണ്ണുകള്‍ മികവുറ്റതായി നില്‍ക്കുന്നു.

ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള, പ്രിയാമണി എന്നീ കഥാപാത്രങ്ങള്‍ വന്നുപോകുന്നേയുള്ളൂവെങ്കിലും അപ്രസക്തമായി ഫീല്‍ ചെയ്താല്‍ തെറ്റു പറയാനാവില്ല. അഹാനയ്ക്കും മാലാ പാര്‍വതിക്കും വാഫാ ഖതീജ റഹ്മാനും ഒഴികെ സ്ത്രീകഥാപാത്രങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാനില്ല. വന്നുപോവുക എന്ന കര്‍ത്തവ്യം മാത്രമാണ് അവരിലുള്ളത്.

സുരാജ് വെഞ്ഞാറമൂട്, ബിജു സോപാനം, മനോജ് കെ. ജയന്‍, ലാലു അലക്‌സ്, മണിയന്‍പിള്ള രാജു, നകുല്‍ തമ്പി, ശ്രീചന്ദ്, ആര്‍ഷ ബൈജു, രഹിണി സുന്ദരരാജന്‍, ഹരിശങ്കര്‍, ആശിഷ് പിള്ള തുടങ്ങി നീണ്ട ഒരു കഥാപാത്രശ്രേണി തന്നെ ശങ്കര്‍ ഒരുക്കിയിട്ടുണ്ട്.

ഒടുവില്‍ അല്‍പ്പം നിരാശപ്പെടേണ്ടിവരുമെങ്കിലും ആ നിരാശയില്‍ക്കൂടിയാവില്ല പതിനെട്ടാംപടിയെ നമുക്കു വിലയിരുത്തേണ്ടിവരിക. പതിനേഴിനോ പതിനെട്ടിനോ മാത്രം ചവിട്ടിക്കയറാന്‍ പാകത്തിനുള്ള പടിയല്ല ശങ്കര്‍ തന്റെ ആദ്യ സംവിധാനസംരംഭത്തിലൂടെ ഒരുക്കിയിരിക്കുന്നത്. ആ പടിയില്‍ ആര്‍ക്കും കയറാം. ഏതു പ്രായക്കാര്‍ക്കും, ലിംഗഭേദമില്ലാതെതന്നെ.

ഹരിമോഹന്‍
മാധ്യമപ്രവര്‍ത്തകന്‍