തിരുവനന്തപുരം, കോട്ടയം, കൊച്ചി തുടങ്ങിയ മേഖലകളിലെ 17 ഔട്ട്‌ലെറ്റുകള്‍ മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ അധികാരപരിധിയുള്ള റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷനില്‍ നിന്നാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
സ്റ്റേഷനുകളുടെ 500 മീറ്റര്‍ പരിധിയില്‍ വരുന്ന ബെവ്കോ ഔട്ട്ലെറ്റുകളാണ് റെയില്‍വേയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതേ പരിധിയിലുള്ള ബാറുകള്‍ പട്ടികയിലില്ല. ബെവ്‌കോയെ മാത്രം ലക്ഷ്യമിട്ടാണ് റെയില്‍വേയുടെ നീക്കം.
എന്നാല്‍ മദ്യപര്‍ ട്രെയിനില്‍ കയറുന്നത് തടയേണ്ടത് റെയില്‍വേയാണെന്നാണ് ബെവ്‌കോയുടെ മറുപടി. റെയില്‍വേയുടെ ആവശ്യം ബെവ്‌കോ നിരാകരുണം തള്ളുകയും ചെയ്തു.
ശ്രീക്കുട്ടി എന്ന യുവതിയെ മദ്യപിച്ച് ട്രെയിനില്‍ കയറിയ സന്തോഷ് കുമാര്‍ എന്നയാള്‍ നടുവിന് ചവിട്ടിവീഴ്ത്തിയ സംഭവത്തെ തുടര്‍ന്നാണ് റെയില്‍വേ ഈ വിചിത്ര ആവശ്യവുമായി രംഗത്തെത്തിയത്. കേരള എക്സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ശ്രീക്കുട്ടി എന്ന യുവതിയെ പ്രതി തള്ളിയിട്ടത്.
നവംബര്‍ രണ്ടിന് വടകരയില്‍ വെച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ശ്രീക്കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇതുപോലുള്ള സംഭവങ്ങള്‍ക്ക് കാരണം ബെവ്‌കോ ഔട്ട്‌ലെറ്റുകളാണെന്നാണ് റെയില്‍വേയുടെ വാദം. സമാനമായ ആവശ്യവുമായി തൃശൂര്‍ ആര്‍.പി.എഫും ബെവ്‌കോയ്ക്ക് കത്തയച്ചിട്ടുണ്ട്.