കോമഡി സിനിമ കിട്ടിയാലും തരുന്നത് സീരിയസ് വേഷങ്ങൾ, ഓഡിഷൻ ഇല്ലാത്തതിൽ നഷ്ടം എനിക്കാണ്: പാർവ്വതി തിരുവോത്ത്
Malayalam Cinema
കോമഡി സിനിമ കിട്ടിയാലും തരുന്നത് സീരിയസ് വേഷങ്ങൾ, ഓഡിഷൻ ഇല്ലാത്തതിൽ നഷ്ടം എനിക്കാണ്: പാർവ്വതി തിരുവോത്ത്
നന്ദന. ടി
Wednesday, 22nd July 2026, 7:51 am

സിനിമയിൽ തന്റേതായ ഇടം കണ്ടെത്തി വിജയകരമായ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കുകയാണ് നടി പാർവ്വതി തിരുവോത്ത്. മലയാള സിനിമയിൽ സ്വന്തമായ നിലപാടുകൾ കൊണ്ടും അഭിനയമികവുകൊണ്ടും വേറിട്ടുനിൽക്കുന്ന നടിയാണ് പാർവ്വതി. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാർവ്വതി, ചാർലി, എന്നു നിന്റെ മൊയ്തീൻ, ടേക്ക് ഓഫ്, ഉയരെ തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. വിവിധ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ അടക്കം താരം കരസ്ഥമാക്കുകയും ചെയ്തു.

ഇപ്പോഴിതാ തന്റെ സിനിമാവിശേഷങ്ങൾ പങ്കുവെക്കുകയാണ് നടി . മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവ്വതി.

പാർവ്വതി തിരുവോത്ത്.photo.screen grab/youtube

‘എന്റെ അഭിനയ ജീവിതത്തിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരങ്ങൾ അധികം കിട്ടിയിട്ടില്ല. ഇനിയിപ്പോൾ ഒരു കോമഡി ഴോണറിലുള്ള സിനിമ കിട്ടിയാൽ തന്നെ അതിൽ ഏറ്റവും സീരിയസ് ആയിട്ടുള്ള കഥാപാത്രമായിരിക്കും എനിക്ക് തരുക. അപ്പോൾ ഞാൻ ചോദിക്കാറുണ്ട്, എന്നെ ആ കഥാപാത്രത്തിൽ ഇട്ടുനോക്കിയിട്ടുണ്ടോ അല്ലെങ്കിൽ ഒന്നു ഓഡിഷൻ ചെയ്തു നോക്കൂ എന്നൊക്കെ.

അതിലും ഒരു പ്രശ്നമുണ്ട്, കാരണം നമുക്ക് കുറച്ച് നല്ല വേഷങ്ങളൊക്കെ കിട്ടിക്കഴിഞ്ഞാൽ ഓഡിഷൻ ചോദിക്കാൻ പേടിയാണ്, അല്ലെങ്കിൽ അവർക്ക് എന്നെ ഓഡിഷൻ ചെയ്യാൻ താല്പര്യമില്ല. ഇവിടെ നമുക്ക് ഓഡിഷൻ സമ്പ്രദായം കുറവാണ്. അങ്ങനെ വരുമ്പോൾ ഞാൻ വിശ്വസിക്കുന്നത് എനിക്കാണ് അതിൽ നഷ്ടം സംഭവിക്കുന്നത് എന്നാണ്.

എനിക്ക് ഒരു അത്‌ലറ്റിന്റെ കഥാപാത്രം തരുകയാണെങ്കിൽ ഇപ്പോൾ ഒരുപക്ഷേ എനിക്ക് അത്‌ലറ്റ് ആകാനുള്ള ശരീരപ്രകൃതിയോ മനസികാവസ്ഥയോ ഉണ്ടാകില്ല. പക്ഷേ അപ്പോഴും ഒരു നിശ്ചിത സമയത്തിനുള്ളിൽ ആ കഥാപാത്രത്തിന് വേണ്ടി ഞാൻ വർക്ക് ചെയ്യും എന്ന ഡയറക്ടറുടെ വിശ്വാസം കൊണ്ടാണ് എനിക്ക് ആ വേഷം തരുന്നത്.

അതുപോലെതന്നെയാണ് മെന്റൽ അത്‌ലറ്റിസവും. എന്നെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകണമെങ്കിൽ ഞാൻ പ്രാക്ടീസ് ചെയ്ത് അവിടെയെത്തിക്കും, പക്ഷേ എനിക്ക് ആ മെന്റൽ എക്‌സസൈസിനുള്ള മെറ്റീരിയൽ തരണം.

ഇതിനെല്ലാം പുറമെ ഒരു ഡയറക്ടറുടെ കൂടെ വർക്ക് ചെയ്യുമ്പോൾ വളരെ ബേസിക് ആയിട്ട് വരുന്ന ഒരു പ്രതീക്ഷയാണ് , നമ്മൾ അത്രത്തോളം വൾനറബിൾ ആയിട്ട് നമ്മുടെ മൈൻഡ് കൈമാറുമ്പോൾ അവർ അത് നോക്കിക്കൊള്ളും എന്നത്. പാമ്പറിംങ് അല്ല അവിടെ ഉദ്ദേശിക്കുന്നത്, നമുക്ക് എക്സ്പ്ലോർ ചെയ്യാൻ പറ്റിയ, ധൈര്യപൂർവമായ ഒരു സ്പേസ് കിട്ടണം. അല്ലാതെ നമ്മൾ ഇങ്ങനെ മസിൽ പിടിച്ചിരിക്കേണ്ട അവസ്ഥ വരുക എന്ന് പറഞ്ഞാൽ വളരെ ബുദ്ധിമുട്ടാണ്. അവിടെ ഒരു ആക്ടർ ആയാലും ടെക്നീഷ്യൻ ആയാലും അവസാനം എൻഡ് പ്രൊഡക്റ്റിനാണ് ബുദ്ധിമുട്ട് വരുന്നത്,’പാർവ്വതി തിരുവോത്ത് പറഞ്ഞു.

പാർവ്വതി തിരുവോത്ത്.photo.X

Content Highlight:Parvathy Thiruvothu Speaks About Not Getting Comedy Roles to Explore as an Actor

 

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം