ഞാൻ സീരിയസായിട്ടുള്ള ആളാണെന്നോ സോഫ്റ്റ് പേഴ്സൺ ആണെന്നോ പറയുന്നില്ല, എല്ലാത്തിനുപരി ഞാൻ ഒരു വ്യക്തിയാണ്: പാർവ്വതി തിരുവോത്ത്
സിനിമയിൽ തന്റേതായ ഇടം കണ്ടെത്തി വിജയകരമായ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കുകയാണ് നടി പാർവ്വതി തിരുവോത്ത്. മലയാള സിനിമയിൽ സ്വന്തമായ നിലപാടുകൾ കൊണ്ടും അഭിനയമികവു കൊണ്ടും വേറിട്ടുനിൽക്കുന്ന താരമാണ് അവർ. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാർവ്വതി, ചാർലി, എന്നു നിന്റെ മൊയ്തീൻ, ടേക്ക് ഓഫ്, ഉയരെ തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.
വിവിധ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ അടക്കം താരം കരസ്ഥമാക്കുകയും ചെയ്തു. ഇപ്പോഴിതാ തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും ചിന്തകളെക്കുറിച്ചും പാർവ്വതി മനസ് തുറക്കുകയാണ് താരം. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവ്വതി.

പാർവ്വതി തിരുവോത്ത്.photo.screen grab/Youtube
‘ഞാൻ ഒരു ഗൗരവമുള്ള വ്യക്തിയാണെന്നോ അല്ലെങ്കിൽ ഒരു ബബ്ലി പേഴ്സൺ ആണെന്നോ ഒന്നും ഞാൻ പറയുന്നില്ല. എല്ലാത്തിനുപരി ഞാൻ ഒരു വ്യക്തിയാണ്. എന്റെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. അതിൽ ഞാൻ വളരെ ശാന്തയായിരിക്കുന്ന സമയമുണ്ടാകും, എന്നാൽ ചില സമയങ്ങളിൽ നിശബ്ദയാകാൻ പറ്റാത്ത രീതിയിൽ ഉറക്കെ കാര്യങ്ങൾ പറയാറുമുണ്ട്. അതേസമയം ചിലപ്പോൾ രണ്ടിന്റെയും ഇടയിൽ ബാലൻസ് ചെയ്ത് മുന്നോട്ട് പോകാനും ശ്രമിക്കാറുണ്ട്.
ഒരു അഭിനേത്രി എന്ന രീതിയിൽ എന്റെ ആ തൊഴിൽ, എന്റെ ഓരോ വളർച്ചയും മുന്നേറ്റവും എല്ലാവരെയും അറിയിക്കുന്നുമുണ്ട്. ശരിക്കും പറഞ്ഞാൽ ഞാൻ ആരാണെന്നത് എന്റെ അഭിനയത്തിൽ എനിക്ക് ഉപയോഗിക്കാം, ചിലപ്പോൾ ആവശ്യമില്ലാത്ത കാര്യങ്ങൾ മാറ്റിവെക്കാം. പക്ഷെ ഒരു സിനിമ ചെയ്യുന്ന സംവിധായകനോടോ തിരക്കഥാകൃത്തിനോടോ എനിക്ക് പറയാനുള്ളത്, എന്നെ ഒരു കഥാപാത്രത്തിലേക്ക് വിളിക്കുക എന്നതാണ്. പാർവതി എന്ന രീതിയിൽ ഞാൻ ആരാണെന്നത് അവിടെ പ്രധാനമല്ല, ഞാൻ ഒരു പ്രോജക്റ്റിലേക്ക് കൊണ്ടുവരുന്ന പ്രകടനത്തിനും എന്റെ കഥാപാത്രത്തിനുമാണ് പ്രസക്തി. അല്ലാതെ എന്റെ വ്യക്തിത്വം നോക്കി ഈ കഥാപാത്രം ചേരുമോ എന്ന് വിലയിരുത്തുന്ന രീതിയിലുള്ള ഒരു കളർ കാർഡ് സെലക്ഷൻ അല്ല അഭിനയം.
ഒരു നിശ്ചിത സമയത്തിനുള്ളിൽ ആ കഥാപാത്രത്തിന് വേണ്ടി ഞാൻ പ്രവർത്തിക്കും എന്ന സംവിധായകന്റെ വിശ്വാസം കൊണ്ടാണ് എനിക്ക് ആ വേഷം ലഭിക്കുന്നത്. അപ്പോൾ ആ ഒരു റോളിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകണമെങ്കിൽ ഞാൻ പ്രാക്ടീസ് ചെയ്ത് അവിടെയെത്തിക്കും, പക്ഷേ അതിനായി എനിക്ക് ആ മെന്റൽ എക്സർസൈസിനുള്ള മെറ്റീരിയൽ നൽകണം,’ പാർവതി പറഞ്ഞു.

പാർവ്വതി തിരുവോത്ത്.photo.screen grab/Youtube
Content Highlight:Parvathy Thiruvothu opens up about identity, growth, and why her personality shouldn’t define her roles