അവർ എത്രയൊക്കെ ശ്രമിച്ചിട്ടും എന്നെ ഇവിടെ നിന്ന് ഒഴിവാക്കാൻ കഴിഞ്ഞില്ല, അത് തുടരും: പാർവതി തിരുവോത്ത്
സിനിമയിൽ തന്റേതായ ഇടം കണ്ടെത്തി വിജയകരമായ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കുകയാണ് നടി പാർവതി തിരുവോത്ത്. നോട്ട്ബുക്ക്’ എന്ന ചിത്രത്തിലെ പൂജ, ‘എന്ന് നിന്റെ മൊയ്തീൻ’ എന്ന ചിത്രത്തിലെ കാഞ്ചനമാല, ‘ചാർലി’യിലെ ടെസ്സ, ‘ബെംഗളൂരു ഡേയ്സ്’ലെ സാറ, ‘ഉയരെ’യിലെ പല്ലവി, ‘ടേക്ക് ഓഫ്’ലെ സമീറ തുടങ്ങി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ മികച്ച അഭിനേത്രിമാരിൽ ഒരാളായി പാർവതി മാറി.
അഭിനയത്തിന് പുറമെ, സിനിമയിലെ സ്ത്രീസുരക്ഷയും തുല്യാവകാശവും മുൻനിർത്തി പ്രവർത്തിക്കുന്ന വിമൻ ഇൻ സിനിമ കലക്ടീവ് (WCC) എന്ന സംഘടനയുടെ സ്ഥാപക അംഗങ്ങളിൽ ഒരാൾകൂടിയാണ് പാർവതി. നിലപാടുകൾ തുറന്നുപറഞ്ഞതിന്റെ പേരിൽ സൈബർ ആക്രമണങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടും അതിൽ നിന്ന് ഒരിക്കലും അവർ പിന്നോട്ടുപോയിട്ടില്ല. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഒരു അഭിനേത്രി എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് പാർവതി തിരുവോത്ത്. ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

പാർവതി തിരുവോത്ത്.photo.screen grab/youtube
‘ഞാൻ എന്റെ കരിയർ തുടങ്ങിയ സമയത്ത് ഒരുപാട് ആളുകൾ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു, ഒരു ഫീമെയിൽ ആക്ടർ എന്ന നിലയിൽ ഇൻഡസ്ട്രിയിൽ ഒരു ആറോ ഏഴോ വർഷം ഒക്കെയേ നിലനിൽക്കാൻ പറ്റൂ , അതുകൊണ്ട് തന്നെ ആ സമയത്തിനുള്ളിൽ പരമാവധി പണം സമ്പാദിക്കണം എന്ന്. ഞാൻ കരിയർ തുടങ്ങുന്നത് എന്റെ പതിനേഴാം വയസ്സിലായിരുന്നു. ആ സമയത്ത് കഴിവിലോ സ്കില്ലിലോ ഒക്കെ ഉപരിയായി പ്രേക്ഷകർക്ക് നമ്മളോട് തോന്നുന്ന താല്പര്യത്തിനും ഇഷ്ടത്തിനുമാണ് കൂടുതൽ പ്രാധാന്യമെന്ന് ഞാൻ കരുതിയിരുന്നു. സിനിമാ മേഖലയ്ക്കുള്ളിൽ പോലും അങ്ങനെയൊരു ചിന്താഗതിയാണ് അന്ന് തന്നുകൊണ്ടിരുന്നത്.
സോഷ്യൽ മീഡിയയൊന്നും ഇല്ലാതിരുന്ന ഒരു കാലമായിരുന്നു അത്. മൊബൈൽ ഫോണിന് മുൻപുള്ള ആ ഒരു തലമുറയുടെ ഭാഗമാകാൻ കഴിഞ്ഞതിലും, അതിനൊപ്പം തന്നെ ഇന്നത്തെ ഈ ഡിജിറ്റൽ യുഗത്തെ അറിയാൻ കഴിയുന്നതിലും എനിക്ക് സന്തോഷമുണ്ട്. വ്യക്തിപരമായി എന്നിൽ വന്ന വലിയൊരു മാറ്റമായി ഞാൻ കാണുന്നത്, വീണ്ടും പൂജ്യത്തിൽ നിന്ന് തുടങ്ങാൻ എനിക്ക് എപ്പോഴും ധൈര്യമുണ്ട് എന്നതാണ്. പരാജയപ്പെടാൻ സാധ്യതയുള്ള കാര്യങ്ങൾ പോലും ചെയ്യാൻ എനിക്ക് ഇപ്പോൾ ഏറെ ആവേശമുണ്ട്. ഈ ഇരുപത് വർഷത്തിനിടയിൽ ഞാൻ നേടിയെടുത്ത ഏറ്റവും വലിയൊരു പ്രിവിലേജും അതുതന്നെയാണ്.
അഭിനയത്തിൽ ഞാൻ എന്നെ തെളിയിച്ചു കഴിഞ്ഞു. എനിക്ക് ആവശ്യത്തിനുള്ള അവസരങ്ങൾ ലഭിക്കുന്നുമുണ്ട്. ഞാൻ ഇപ്പോഴും ഓഡിഷനുകൾ ചെയ്യുന്നു, സിനിമകളിൽ പുതിയ വേഷങ്ങൾ പരീക്ഷിക്കുന്നു. ഞാൻ മറ്റുള്ളവർക്ക് എങ്ങനെയായിരിക്കും എന്ന് ഇപ്പോൾ ചിന്തിക്കാറില്ല. അത് ഇനി എന്നെ ബാധിക്കുന്ന കാര്യമേ അല്ല. ഒരു അഭിനേത്രി എന്ന നിലയിൽ ഞാൻ എന്നെ തെളിയിക്കുന്നുണ്ട്. ഒരു ആക്ടിവിസ്റ്റ് എന്ന രീതിയിൽ എല്ലാ കാര്യങ്ങളിലും വിജയിക്കാൻ പറ്റിയിട്ടുണ്ടാകില്ല, എങ്കിലും ചെറിയ രീതിയിൽ ഉള്ള ഒരു കോൺവെർസേഷൻ ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്.
ഇരുപതു വർഷങ്ങൾക്ക് ശേഷം ഞാൻ ഈ പോയിന്റിൽ നിൽക്കുമ്പോൾ, എല്ലാം വീണ്ടും തുടങ്ങുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്. അത് ഈ ഇൻഡസ്ട്രിയിൽ ഒരു പേരോ ഐഡന്റിറ്റിയോ ഉണ്ടാക്കാൻ വേണ്ടിയല്ല, മറിച്ച് ഞാൻ ആരാണെന്ന് എനിക്ക് തന്നെ കണ്ടുപിടിക്കാൻ വേണ്ടിയാണ്. ഇത് ഈ ഇൻഡസ്ട്രിയിൽ പലർക്കും ലഭിക്കാത്ത ഒരു വലിയ അവസരമായിട്ടാണ് ഞാൻ കാണുന്നത്.
എന്റെ ആത്മവിശ്വാസവും ശക്തമായ തീരുമാനങ്ങളും കൊണ്ട് മാത്രമാണ് എനിക്ക് ഇവിടെ പിടിച്ചുനിൽക്കാൻ കഴിഞ്ഞതെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ എപ്പോഴും പറയാൻ ഇഷ്ടപ്പെടുന്ന ഒരു കാര്യമുണ്ട്, അവർ എത്രയൊക്കെ ശ്രമിച്ചിട്ടും എന്നെ ഇവിടെ നിന്ന് ഒഴിവാക്കാൻ അവർക്ക് കഴിഞ്ഞില്ല. അത് തുടരാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ പറ്റിയ നല്ല ആളുകളെ കണ്ടെത്താൻ പറ്റിയിട്ടുണ്ട്. ഒരു ആക്ടർ എന്ന നിലയിൽ എന്റെ കഴിവ് ഇനിയും തെളിയിക്കാൻ അത് എന്നെ സഹായിക്കും.
ഇനി ഒരു ആക്ടിവിസ്റ്റ് എന്ന നിലയിലേക്ക് വരികയാണെങ്കിൽ, എനിക്ക് അങ്ങനെ ഒരു ചോയ്‌സ് ആരും തന്നതല്ല. ആ ഒരു റോൾ എനിക്ക് അവിചാരിതമായി ഏറ്റെടുക്കേണ്ടി വന്നതായിരുന്നു. തുടക്കത്തിൽ എനിക്ക് അങ്ങനെയൊരു ‘ആക്ടിവിസ്റ്റ്’ ടാഗ് വേണ്ടായിരുന്നു. എന്നാൽ പിന്നീട് ആ വഴിയിലേക്ക് ഇറങ്ങിയപ്പോഴാണ് മനസ്സിലായത്, നമ്മളിൽ ചിലർ എന്തുകൊണ്ടാണ് ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന്.
എല്ലാവരും സ്വയം ആഗ്രഹിച്ചു തിരഞ്ഞെടുക്കുന്ന ഒന്നല്ല ഇത്, നടന്നുതീർക്കാൻ ഒട്ടും എളുപ്പമല്ലാത്തൊരു പാതയാണ്. എന്നാൽ, ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എന്നെ ഏറെ സംതൃപ്‌തയാകുന്ന ഒന്നുകൂടിയാണത്. ഒരു ആക്ടിവിസ്റ്റായി സംസാരിക്കുമ്പോൾ നിങ്ങൾ ഒരു കാര്യം തിരിച്ചറിയും നിങ്ങൾക്ക് വേണ്ടി മറ്റാരെങ്കിലും ആയിരിക്കാം അവിടെ പോരാടേണ്ടിയിരുന്നത്. എന്നാൽ അതിനുപകരം നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി പോരാടേണ്ടി വന്നു എന്ന് മാത്രം. ഏത് നിമിഷവും അവിടെ ചീട്ട് മാറി മറിയാം. ഇത്തരം ചില തിരിച്ചറിവുകൾ ആണ് ഞാൻ ഈ യാത്രയിൽ നിന്ന് നേടിയെടുത്തത്,’ പാർവതി തിരുവോത്ത് പറഞ്ഞു.

പാർവതി തിരുവോത്ത്.photo.screen grab/youtube
Content Highlight:Parvathy Thiruvothu talks on her 20-year journey in cinema, resilience, and finding her voice as an actor and activist