| Wednesday, 16th April 2025, 8:56 am

അന്ന് ആ നടിയുടെ അഭിനയം കണ്ട് അതുപോലെ സ്‌ക്രീനില്‍ ചെയ്യാന്‍ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു: പാര്‍വതി തിരുവോത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച അഭിനയം കൊണ്ടും ശക്തമായ നിലപാടുകള്‍ കൊണ്ടും തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത അഭിനേതാവാണ് പാര്‍വതി തിരുവോത്ത്. 2006ല്‍ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെയാണ് പാര്‍വതി അഭിനയം ആരംഭിച്ചത്.

2015ല്‍ റിലീസായ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും നേടിയിട്ടുള്ള പാര്‍വതിക്ക് അന്യഭാഷകളിലും കയ്യടി ലഭിച്ചിട്ടുണ്ട്.

അര്‍ദ്ധ് സത്യ എന്ന സിനിമയിലെ സ്മിത പാട്ടീലിന്റെ അഭിനയം കണ്ടപ്പോള്‍ അതുപോലെ സ്‌ക്രീനില്‍ അഭിനയിക്കാന്‍ പറ്റിയിരുന്നെങ്കിലെന്ന് തോന്നിയെന്ന് പറയുകയാണ് പാര്‍വതി തിരുവോത്ത്.

ജെ.എഫ്.ഡബ്ല്യു മൂവി അവാര്‍ഡ്സ് 2025ല്‍ എക്കാലത്തെയും മികച്ച സിനിമകള്‍ എതാണെന്ന് ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി. ഹവേഴ്‌സ്, അര്‍ദ്ധ് സത്യ എന്നീ സിനിമകളെ കുറിച്ചാണ് പാര്‍വതി സംസാരിച്ചത്.

‘വളരെ നല്ല ചോദ്യമാണ്. എനിക്ക് എക്കാലത്തെയും മികച്ച സിനിമകളായി തോന്നിയിട്ടുള്ള രണ്ട് സിനിമകളുണ്ട്. ഹവേഴ്‌സ് എന്ന പേരില്‍ ഒരു സിനിമയുണ്ട്. മൈക്കിള്‍ കണ്ണിംഗ്ഹാമിന്റെ ഒരു പുസ്തകത്തെ അടിസ്ഥാനമാക്കി വന്ന സിനിമയായിരുന്നു അത്.

ഇനി പറയാനുള്ളത് ഒരു ക്ലാസിക് ചിത്രത്തെ കുറിച്ചാണ്. അര്‍ദ്ധ് സത്യയാണ് ആ സിനിമ. ഓം പുരി സാറും സ്മിത പാട്ടീല്‍ മാമും അഭിനയിച്ച സിനിമയായിരുന്നു അത്.

വളരെ ക്ലാസിക്കായ സിനിമയാണ് അര്‍ദ്ധ് സത്യ. എനിക്ക് തോന്നുന്നു ആ പടം ഞാന്‍ ആദ്യമായി കണ്ടപ്പോള്‍ തന്നെ സ്മിത പാട്ടീലിനെ നോക്കിയിട്ട് ‘എനിക്ക് ഇതുപോലെ സ്‌ക്രീനില്‍ ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍’ എന്ന് ആഗ്രഹിച്ചിട്ടുണ്ട്,’ പാര്‍വതി തിരുവോത്ത് പറയുന്നു.


Content Highlight: Parvathy Thiruvoth Talks About Smita Patil

Latest Stories

We use cookies to give you the best possible experience. Learn more