ചില സമയങ്ങളില്‍ അമ്മയാകാതിരിക്കുക എന്നതാണ് ഒരു അമ്മയ്ക്ക് എടുക്കാന്‍ പറ്റുന്ന ഏറ്റവും നല്ല തീരുമാനം: പാര്‍വതി തിരുവോത്ത്
Malayalam Cinema
ചില സമയങ്ങളില്‍ അമ്മയാകാതിരിക്കുക എന്നതാണ് ഒരു അമ്മയ്ക്ക് എടുക്കാന്‍ പറ്റുന്ന ഏറ്റവും നല്ല തീരുമാനം: പാര്‍വതി തിരുവോത്ത്
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 30th June 2026, 8:24 pm

ശക്തമായ നിലപാട് കൊണ്ടും, അഭിനയ മികവ് കൊണ്ടും സിനിമ ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് പാര്‍വതി തിരുവോത്ത്. 2006 ല്‍ പുറത്തിറങ്ങിയ ഔട്ട് ഓഫ് എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി തന്റെ സിനിമ ജീവിതം ആരംഭിച്ചത്. എന്നാല്‍ 2015 ല്‍ പൃഥ്വിരാജ് നായകനായെത്തിയ എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാല എന്ന കഥാപാത്രത്തിലൂടെയാണ് പാര്‍വതി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. പൃഥ്വിരാജിനൊപ്പം തന്നെ പാര്‍വതിയും കേന്ദ്രകഥാപാത്രമായി എത്തുന്ന ഐ നോബഡിയാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

നിസാം ബഷീര്‍ സംവിധനം ചെയ്യുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ പുറത്തുവന്നതുമുതല്‍ ഐ നോബഡിയെ കുറിച്ച് വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്കുള്ളത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മാതൃത്വത്തെ കുറിച്ചും ജീവിതത്തില്‍ താനെടുക്കുന്ന തീരുമാനങ്ങളെ കുറിച്ചും പാര്‍വതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഐ നോബഡി. Photo: IMDB

‘ഞാന്‍ കല്യാണം കഴിക്കുകയോ എനിക്ക് കുട്ടികളുണ്ടാകുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ചിത്രത്തിലെ മീര എന്ന കഥാപാത്രം എനിക്ക് മറ്റൊരു അനുഭവമാണ്. മാതൃത്വത്തെ കുറിച്ച് ഞാന്‍ രണ്ട് രീതിയില്‍ ആലോചിച്ചിട്ടുണ്ട്. ഒന്ന് കുട്ടികളുള്ള ആളുകളെ കുറിച്ചാണ്. ആ കുട്ടി വലുതാകുന്ന പ്രൊസസ് അവരില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അവരുടെ കഷ്ടപാടുകളെല്ലാം കണ്ട് നില്‍ക്കുക മാത്രമാണ് അവിടെ ഞാന്‍ ചെയ്യുന്നത്.

അതുകൊണ്ട് തന്നെ ചില സമയങ്ങളില്‍ ഒരു കുട്ടി വേണ്ടെന്ന് വെക്കുന്നതാണ് ഒരു അമ്മയെന്ന നിലയില്‍ എടുക്കാന്‍ പറ്റുന്ന ഏറ്റവും നല്ല തീരുമാനം. ആ ഒരു ഘട്ടത്തിലാണ് ഞാനുള്ളത്. കാരണം എന്നെ കൊണ്ട് എന്തെല്ലാമാണ് ചെയ്യാന്‍ സാധിക്കുക എന്ന് എനിക്ക് ഇപ്പോള്‍ അറിയാം. മറ്റൊരു മനുഷ്യന് വേണ്ടി സ്‌പേസ് കൊടുക്കാന്‍ സാധിക്കുമോ എന്നും അറിയാം. അതുകൊണ്ട് അതാണ് ഒരു അമ്മയെന്ന നിലയില്‍ എനിക്ക് എടുക്കാന്‍ പറ്റുന്ന ഏറ്റവും നല്ല തീരുമാനം.

പൃഥ്വിരാജും പാര്‍വതിയും. Photo: India Today

ഒരു കാര്യത്തില്‍ തീര്‍ച്ചപ്പെടുത്തി സംസാരിക്കുന്നതില്‍ എനിക്കിപ്പോള്‍ താത്പര്യമില്ല. പ്രത്യേകിച്ച് റിലേഷന്‍ഷിപ്പിന്റെയും മദര്‍ഹുഡിന്റെയും കാര്യത്തില്‍. ഒരു വ്യക്തി എന്ന നിലയില്‍ മാറാനുള്ള അവസരം എനിക്ക് വേണം. എനിക്ക് ഒരു മകളുണ്ടാകുമ്പോള്‍ ഇടാനുള്ള പേര് എന്റെ കൈയില്‍ ടാറ്റൂ അടിച്ചപ്പോള്‍ എനിക്കുറപ്പായിരുന്നു ഞാന്‍ ഒരു കുട്ടിയെ ദത്തെടുക്കുമെന്ന്. ഭാവിയില്‍ ഞാന്‍ ഒരു കുഞ്ഞിനെ ദത്തെടുത്തേക്കാം. പക്ഷേ നിലവില്‍ അങ്ങനെ ചെയ്യാതിരിക്കുക എന്നതാണ് എന്റെ ഏറ്റവും നല്ല തീരുമാനം,’ പാര്‍വതി പറഞ്ഞു.

Content Highlight: Parvathy thiruvoth talks about motherhood

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.