| Sunday, 9th February 2025, 7:59 pm

ഒരു താരമാണെന്ന ഭാവമില്ലാതെ സീനുകളിൽ സഹകരിക്കുന്ന അഭിനേതാവായിരുന്നു ആ നടൻ: പാർവതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച അഭിനയം കൊണ്ടും ശക്തമായ നിലപാടുകള്‍ കൊണ്ടും തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത താരമാണ് പാര്‍വതി തിരുവോത്ത്. 2006ല്‍ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെയാണ് പാര്‍വതി അഭിനയം ആരംഭിച്ചത്. 2015ല്‍ റിലീസായ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.

ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ എന്ന കഥാപാത്രത്തിലൂടെ കരിയറിലെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡില്‍ ജൂറിയുടെ സ്‌പെഷ്യല്‍ മെന്‍ഷനും ലഭിച്ചിട്ടുള്ള പാർവതി മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

മമ്മൂട്ടി, മോഹൻലാൽ, വിക്രം തുടങ്ങിയ മികച്ച അഭിനേതാക്കളോടൊപ്പം അഭിനയിച്ചിട്ടുള്ള പാർവതി ഹിന്ദിയിൽ ഇർഫാൻ ഖാനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ്. 2020 ൽ ലോകത്തോട് വിടപറഞ്ഞ ഇർഫാൻ ഖാൻ തന്റെ കരിയറിന്റെ അവസാന നാളുകളിൽ ചെയ്ത സിനിമകളിൽ ഒന്നായ ഖാരിബ് ഖാരിബ് സിംഗിൾ എന്ന ചിത്രത്തിൽ നായിക പാർവതിയായിരുന്നു.

ഒരു താരമാണെന്ന ഭാവമില്ലാതെ സീനുകളിൽ സഹകരിക്കുന്ന അഭിനേതാവായിരുന്നു അദ്ദേഹമെന്നും ഒപ്പം അഭിനയിക്കുന്ന ആളെ എങ്ങനെ സഹായിക്കാനാവുമെന്ന് ചിന്തിക്കുന്ന ആളാണ് അദ്ദേഹമെന്നും പാർവതി പറയുന്നു. കുട്ടികൾക്കുള്ളതുപോലൊരു പാഷൻ ഓരോ സിനിമയിലും പ്രകടിപ്പിച്ച ആളാണ് ഇർഫാൻ ഖാനെന്നും പാർവതി കൂട്ടിച്ചേർത്തു.

‘ഞാൻ എന്ന ഭാവമില്ലാതെ സിനിമയ്ക്കുവേണ്ടി സ്വയം സമർപ്പിക്കുന്ന സമീപനമാണ് എനിക്കൊപ്പം അഭിനയിക്കുന്ന നടനിൽ നിന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്. സ്വയം ഒരു താരമാണെന്ന ഭാവമില്ലാതെ സീനുകളിൽ സഹകരിക്കുന്ന അഭിനേതാവായിരുന്നു അദ്ദേഹം. നമ്മളെന്താണ് ഓരോ സീനിലും നൽകുന്നത് അതിനൊത്ത രീതിയിൽ പ്രതികരിക്കുന്ന നടൻ.

ഒപ്പം അഭിനയിക്കുന്ന ആളെ എങ്ങനെ സഹായിക്കാനാവുമെന്ന് ചിന്തിച്ച് നടിക്കുന്ന ആൾ. തന്റെ പ്രകടനം നന്നാവുന്നുണ്ടോ എന്നതിനപ്പുറം സീൻ നന്നാവുന്നുണ്ടോയെന്ന് മാത്രം ചിന്തിച്ച നടൻ. പുതിയ ഒരു കാര്യം ചെയ്യുമ്പോൾ കുട്ടികൾക്കുള്ളതുപോലൊരു പാഷൻ ഓരോ സിനിമയിലും പ്രകടിപ്പിച്ച ഒരാൾ.

അഭിനയിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയും ഓരോ സിനിമയും ഓരോ പുതിയ തുടക്കമാണെന്ന് കരുതുകയും ചെയ്ത നടനായിരുന്നു അദ്ദേഹം,’പാർവതി പറയുന്നു.

Content Highlight: Parvathy Thiruvoth About Irfan Khan

We use cookies to give you the best possible experience. Learn more