മലയാളത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മ കഥാപാത്രം ഷെയ്ൻ നിഗത്തിന്റെ ആ ചിത്രത്തിലേത്; പാർവതി തിരുവോത്ത്
Malayalam Cinema
മലയാളത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മ കഥാപാത്രം ഷെയ്ൻ നിഗത്തിന്റെ ആ ചിത്രത്തിലേത്; പാർവതി തിരുവോത്ത്
അജ്മല്‍ കെ
Saturday, 29th August 2026, 1:30 pm

മലയാള സിനിമയിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മ കഥാപാത്രങ്ങളിലൊന്ന് ‘കുമ്പളങ്ങി നൈറ്റ്സി’ലേതാണെന്ന് നടി പാർവതി തിരുവോത്ത്. അമ്മ-മക്കൾ ബന്ധത്തെ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി അവതരിപ്പിച്ച കഥാപാത്രമാണ് ചിത്രത്തിലേതെന്നും പാർവതി പറഞ്ഞു. അതേ സമയം, സ്വന്തം ജീവിതത്തിൽ മാതാപിതാക്കൾക്ക് നൽകുന്ന പിന്തുണയെക്കുറിച്ചും താരം മനസുതുറന്നു. തന്റെ പുതിയ സിനിമയായ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

അമ്മ എന്ന കഥാപാത്രത്തെ എല്ലായ്പ്പോഴും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി മാത്രം അവതരിപ്പിക്കുന്ന രീതിയിൽ നിന്ന് മാറിനിൽക്കുന്ന കഥാപാത്രമാണ് ‘കുമ്പളങ്ങി നൈറ്റ്സി’ലേതെന്ന് പാർവതി പറഞ്ഞു. അമ്മയും മക്കളും തമ്മിലുള്ള ബന്ധം ഒന്നുകിൽ വളരെ ആഴത്തിലുള്ള സ്നേഹബന്ധമായോ അല്ലെങ്കിൽ പൂർണമായും അകന്ന ബന്ധമായോ ആണ് മലയാള സിനിമയിൽ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളതെന്നും താരം ചൂണ്ടിക്കാട്ടി.

കുമ്പളങ്ങി നൈറ്റ്‌സ്. Photo: IMDb

 

‘മലയാള സിനിമയിൽ അമ്മയും മക്കളും തമ്മിലുള്ള ബന്ധം എപ്പോഴും ഒരു സ്പെക്ട്രത്തിലെ രണ്ട് അറ്റങ്ങളിലാണ് കണ്ടിട്ടുള്ളത്. ഒന്നുകിൽ വളരെ ശുദ്ധവും മികച്ചതുമായ ബന്ധം, അല്ലെങ്കിൽ വളരെ അകന്ന ബന്ധം. എന്നാൽ കുമ്പളങ്ങി നൈറ്റ്സിലെ അമ്മ-മക്കൾ ബന്ധം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവയിൽ ഒന്നാണ്,’ പാർവതി പറഞ്ഞു.

ചിത്രത്തിൽ അമ്മ ഒരു ഘട്ടത്തിൽ സ്വന്തം ജീവിതം തിരഞ്ഞെടുക്കുന്നതും മക്കളിൽ നിന്ന് മാറിനിൽക്കുന്നതും പാർവതി പ്രത്യേകം എടുത്തുപറഞ്ഞു. മക്കളെ ഉപേക്ഷിച്ച് സ്വന്തം ജീവിതം തിരഞ്ഞെടുക്കുന്ന അമ്മയെ അതുകൊണ്ടുമാത്രം മോശം അമ്മയായി വിലയിരുത്തേണ്ടതുണ്ടോ എന്ന ചോദ്യവും പാർവതി കൂട്ടി ചേർത്തു.

‘അവിടെ അമ്മ സ്വന്തമായി കാര്യങ്ങൾ തിരഞ്ഞെടുത്തു. ഒരു പോയിന്റിന് ശേഷം അവർ അവിടെ നിന്ന് പോയി. അതുകൊണ്ട് അവർ ഒരു മോശം അമ്മയാണെന്ന് എനിക്ക് തോന്നുന്നില്ല,’ പാർവതി പറഞ്ഞു.

സ്വന്തം ജീവിതത്തിൽ മാതാപിതാക്കൾ നൽകുന്ന സ്നേഹവും പിന്തുണയും എത്രത്തോളം പ്രധാനമാണെന്നും പാർവതി വ്യക്തമാക്കി. ഒരുവശത്ത് നിന്ന് സ്നേഹവും അംഗീകാരവും ലഭിക്കുമ്പോൾ മറുവശത്ത് നിന്ന് ശക്തമായ വെറുപ്പ് നേരിടേണ്ടിവരുന്നത് ഒരാളുടെ മനസിനെ വലിയ രീതിയിൽ ബാധിക്കുമെന്നും താരം പറഞ്ഞു. എന്നാൽ മറ്റുള്ളവരുടെ കാഴ്ചപ്പാടുകളല്ല, സ്വന്തം ജീവിതത്തിന്റെ മൂല്യം തിരിച്ചറിയാൻ സഹായിച്ചത് കുടുംബമാണെന്നും പാർവതി വ്യക്തമാക്കി.

‘ഒരുവശത്ത് നിന്ന് സ്ഥിരമായി സ്നേഹവും അഡ്മയറേഷനും ലഭിക്കുകയും മറ്റൊരു ഭാഗത്ത് നിന്ന് ഭയങ്കരമായ രീതിയിൽ ഹേറ്റ് ലഭിക്കുകയും ചെയ്യുമ്പോൾ അത് നമ്മുടെ മനസിനെ വല്ലാതെ ബാധിക്കും. മറ്റൊരാളുടെ പെർസെപ്ഷനേക്കാൾ അപ്പുറത്ത് എനിക്ക് എന്റെ ജീവിതമുണ്ട്. എന്റെ ജീവിതത്തിന്റെ മൂല്യം എന്താണെന്നും, ഞാൻ വെറുതെ എക്സിസ്റ്റ് ചെയ്താലും എന്റെ ജീവിതത്തിന് വിലയുണ്ടെന്നും എനിക്ക് ബോധ്യപ്പെടുത്തുന്ന ആളുകളാണ് എന്റെ അച്ഛനും അമ്മയും,’ പാർവതി പറഞ്ഞു.

തന്റെ കരിയറിന്റെ ആദ്യകാലത്ത് മാതാപിതാക്കളെ പൊതുവേദികളിൽ നിന്ന് മാറ്റിനിർത്തിയിരുന്നതിന് പിന്നിലും ഇതേ സംരക്ഷണ മനോഭാവമായിരുന്നുവെന്ന് പാർവതി വെളിപ്പെടുത്തി. തനിക്ക് ലഭിക്കുന്ന മോശം സന്ദേശങ്ങളും വിമർശനങ്ങളും തനിക്ക് കൈകാര്യം ചെയ്യാൻ കഴിയുമെങ്കിലും, മാതാപിതാക്കൾക്ക് അത്തരം അധിക്ഷേപങ്ങൾ നേരിടേണ്ടിവരുന്നത് തനിക്ക് ഭയമായിരുന്നുവെന്നും താരം പറഞ്ഞു.

‘ആദ്യകാലങ്ങളിൽ ഞാൻ എന്റെ പേരന്റ്സിനെ പ്രൊട്ടക്ട് ചെയ്യാനായിരുന്നു ശ്രമിച്ചത്. അവർക്ക് കുറച്ച് സ്ക്രീൻ സ്പേസ് കൊടുത്തുകഴിഞ്ഞാൽ അവർക്ക് ഹേറ്റ് മെസേജുകൾ വരുമോ എന്നൊക്കെ കരുതി എനിക്ക് ഭയങ്കര പേടിയായിരുന്നു. എനിക്ക് വരുന്ന മോശം മെസേജുകളും കാര്യങ്ങളുമൊക്കെ എനിക്ക് മാനേജ് ചെയ്യാം. പക്ഷേ പേരന്റ്സിന് അങ്ങനെയല്ലല്ലോ,’ പാർവതി പറഞ്ഞു.

പാർവതി തിരുവോത്ത്. Photo: Screen Grab/ Youtube.com

എന്നാൽ മാതാപിതാക്കളെ മാറ്റിനിർത്തുന്നത് സ്വന്തം പേടിക്ക് കീഴടങ്ങുന്നതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞെന്നും പാർവതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ തന്റെ വിജയങ്ങളിലെല്ലാം മാതാപിതാക്കളെയും ഒപ്പം കൂട്ടാറുണ്ടെന്നും താരം പറഞ്ഞു.

‘ഞാൻ അവരെ മാറ്റിനിർത്തുന്നിടത്ത് എന്റെ പേടിയാണ് ജയിക്കുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ എന്റെ എല്ലാ വിജയങ്ങളിലും ഞാൻ അവരെ കൂടെ കൂട്ടാറുണ്ട്. ഈയിടെ നടന്ന അവാർഡ് ഫങ്ഷനുകളിലും മറ്റെല്ലാ പരിപാടികളിലും അവരെ കൂടെ കൂട്ടുന്നതും അതുകൊണ്ടാണ്,’ പാർവതി വ്യക്തമാക്കി.

Content Highlight: Parvathy talks about her parents and her favourite mother character

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.