ഇനിയും വരും ഇത്തരം പ്രസ്താവനകളും നിലപാടുകളും, കാരണം പാര്‍ട്രിയാര്‍ക്കി സ്ത്രീശാക്തീകരണത്തെ അത്രമേല്‍ പേടിക്കുന്നുണ്ട്
Opinion
ഇനിയും വരും ഇത്തരം പ്രസ്താവനകളും നിലപാടുകളും, കാരണം പാര്‍ട്രിയാര്‍ക്കി സ്ത്രീശാക്തീകരണത്തെ അത്രമേല്‍ പേടിക്കുന്നുണ്ട്
ഗീത
Friday, 21st February 2020, 3:55 pm

ഇന്ത്യയില്‍ മതം ഒരു ഒരു രാഷ്ട്രീയവും സംസ്‌ക്കാരവുമായിട്ടാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും വ്യക്തിയുടെ ഭക്തിയുടേയോ, വിശ്വാസത്തിന്റെയോ, വളരെ ദുര്‍ബലമായിട്ടുള്ള ചില ആചാരങ്ങളുടേയോ ഭാഗമായിട്ടൊന്നുമല്ല അത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.

വളരെ വ്യത്യസ്തമായിട്ടുള്ള മതങ്ങള്‍ അവരുടെ മുഴുവന്‍ ശക്തിയും ഉപയോഗിച്ചുകൊണ്ട് അവരുടെ അണികളെ നിര്‍മ്മിച്ചെടുക്കുന്ന പ്രക്രിയയാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഹിന്ദുവിഭാഗത്തില്‍ അതിശക്തമാണത്. കാരണം ഇന്ത്യയെ സംബന്ധിടത്തോളം ഭൂരിപക്ഷം ഹിന്ദുവിഭാഗമാണ്. അതോടൊപ്പം തന്നെ ന്യൂനപക്ഷവിഭാഗമായ മുസ്‌ലീം മതത്തിലും ക്രിസ്ത്യന്‍ മതത്തിലുമൊക്കെ ഇത് മറ്റൊരു രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

സമീപകാലത്ത് ഹിന്ദുമതനേതാക്കന്‍മാര്‍ സ്ത്രീകളുടെ പുറത്തേക്ക് വരലിനെ കുറിച്ചുള്ള അവരുടെ അഭിപ്രായം രേഖപ്പെടുത്തിയത് വിദ്യാഭ്യാസമുള്ള സ്ത്രീകളാണ് വിവാഹമോചനത്തിന്റെ കാരണക്കാര്‍ എന്ന നിലയിലായിരുന്നു.

തങ്ങളുടെ നിലനില്‍പ്പിന്റേയും പൗരത്വത്തിന്റേയും വിഷയത്തില്‍ സ്ത്രീകള്‍ കൈയുയര്‍ത്തി മുദ്രാവാക്യം വിളിക്കുന്നതിനെതിരെ മുസ്‌ലീം വിഭാഗത്തില്‍ നിന്നു എതിര്‍പ്പ് വന്നു.

ഇത്തരത്തില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ സ്ത്രീകളെ അടിച്ചമര്‍ത്തിക്കൊണ്ടുള്ള, സ്ത്രീകളെ നിഷിദ്ധീകരിക്കുന്ന ഒരു പ്രക്രിയ രാഷ്ട്രീയഅധികാര ലബ്ധിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മതങ്ങള്‍ വളരെ ശക്തമായി നടത്തുന്നതായി ഇന്ത്യയില്‍ കാണാം.

ആധുനിക ജനാധിപത്യം എന്നൊക്കെ പറയുമ്പോഴും അത്രയൊന്നും ആധുനികമായിട്ടില്ലാത്ത ഒരു ജനതയാണ് ഇന്ത്യയിലെ ജനത. കാരണം വളരെ പ്രാകൃതമായ, ആധുനികമല്ലാത്ത, ആധുനികതയ്ക്ക് മുന്‍പുള്ള ആചാരങ്ങളും ജീവിത രീതികളും പുലര്‍ത്തിപ്പോരുകയും മനുഷ്യരെയും മനുഷ്യബന്ധങ്ങളേയും സംസ്‌ക്കാരിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണതകള്‍ ഇന്ത്യയില്‍ വ്യാപകമാണ്. നമ്മളെങ്ങനെയാക്കെ ഇന്ത്യയെ കുറിച്ച് അഭിമാനിക്കുമ്പോഴും അത് ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്.

അച്ചടക്കത്തിന്റേയും സംസ്‌ക്കാരത്തിന്റേയും പേരില്‍ സ്ത്രീകളെന്ന വിഭാഗത്തെ പൂര്‍ണമായും അദൃശ്യരാക്കിക്കൊണ്ട് തമസ്‌ക്കരിച്ചുകൊണ്ട് അധികാരത്തെ പുരുഷനിലേക്ക് തന്നെ കേന്ദ്രീകരിക്കുന്ന ഒരു പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് സവിശേഷമായിട്ടുള്ള ഒരു കാരണം ഉണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു.

ഇപ്പോള്‍ നമ്മള്‍ നോക്കിക്കഴിഞ്ഞാല്‍ എഴുപതുമുതല്‍ കേരളത്തിലും ആഗോള തലത്തിലും ഫെമിനിസ്റ്റ് മൂവ്‌മെന്റ് വികസിച്ചു വന്നു. അതിന്റെ മൂവ്‌മെന്റുകള്‍ ഒരുപാടുണ്ടായി. അതിന്റെയൊക്കെ പ്രതിഫലനങ്ങള്‍ തീര്‍ച്ചയായും ഇന്ത്യയിലും കേരളത്തിലും ഉണ്ടായിട്ടുണ്ട്.

സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നു. അവരുടെ സ്വയം പര്യാപ്തത ഉയര്‍ന്നു. വിദ്യാഭ്യാസ നിലവാരവും സാമ്പത്തിക സ്വയംപര്യാപ്തതയുമുള്ള ഒരു സ്ത്രീക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള വലിയ തരത്തിലുള്ള ശേഷി ഉണ്ടായിരിക്കും.

അപ്പോള്‍ ആ ശേഷിയെ എങ്ങനെയാണ് പാര്‍ട്രിയാര്‍ക്കി ഭയക്കുന്നത് എന്നുള്ളതിന്റെ വലിയ സൂചനയായിട്ടാണ് ഇത്തരം മത നേതാക്കളുടെ സ്ത്രീകള്‍ക്കെതിരായിട്ടുള്ള, സ്ത്രീകളുടെ വിസിബിലിറ്റിക്കെതിരായിട്ടുള്ള പ്രതികരണങ്ങളെ കാണേണ്ടത്. സ്ത്രീകള്‍ പുറത്തുവന്നുകഴിഞ്ഞാല്‍ പുരുഷന്‍മാര്‍ ഇരിക്കുന്ന അധികാര സ്ഥാനങ്ങളിലേക്ക് സ്ത്രീകള്‍ കയറുകയും അതിന്റെ പ്രിവിലേജുകള്‍ മുഴുവന്‍ അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്യുമെന്നുള്ളത് ഇവര്‍ക്ക് കൃത്യമായി അറിയാം.

എത്രയോ വര്‍ഷങ്ങളായി അടിച്ചമര്‍ത്തികൊണ്ടിരുന്ന ഒരു സമൂഹമാണ് കഴിഞ്ഞ മൂന്നോ നാലോ പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തങ്ങളുടെ ശേഷി വിളിച്ചറിയിക്കുന്നത് എന്ന് നമ്മള്‍ ഓര്‍ക്കണം. അവരുടെ ഉള്ളില്‍ ഉള്ള ഊര്‍ജം എന്താണെന്ന് അവരോടൊപ്പം ജീവിക്കുന്ന പുരുഷന്‍മാര്‍ക്ക് നന്നായിട്ട് അറിയാം.

ഇത് ഏതെങ്കിലും ഒരു പുരുഷനെ കുറിച്ചല്ല പറയുന്നത്. പാര്‍ട്രിയാര്‍ക്കി എന്താണ് ചെയ്യുന്നത് എന്ന് വെച്ചാല്‍ പാര്‍ട്രിയാര്‍ക്കി ചെയ്യുന്നത് മതത്തിന്റെ സഹായം ഉപയോഗിക്കുകയാണ്. ഈ സഹായം ഉപയോഗിച്ചുകൊണ്ട് തങ്ങളേക്കാള്‍ വളരാനോ തങ്ങളോടൊപ്പം നില്‍ക്കാനോ കഴിവുള്ള സ്ത്രീകളില്‍ നിന്നും അവര്‍ക്ക് കരുത്തു നല്‍കുന്ന ഘടകമെന്താണോ അതിനെ അവരില്‍ നിന്ന് പറിച്ചു മാറ്റും.

അങ്ങനെ പറിച്ചുമാറ്റാന്‍ ആഗ്രഹിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം വിദ്യാഭ്യാസമാണ്. ഈ വിദ്യാഭ്യാസത്തെ, ആ വിദ്യാഭ്യാസത്തിലൂടെ സ്ത്രീകള്‍ ആര്‍ജ്ജിച്ചിരിക്കുന്ന സ്വയം പര്യാപ്തതയെയൊക്കെ ഇല്ലാതാക്കുന്നതോടു കൂടി വീണ്ടും സ്ത്രീകള്‍ വീട്ടടിമത്തത്തിലേക്ക് മാറ്റപ്പെടും.

പ്രത്യുല്‍പ്പാദന ശേഷിയുണ്ട് എന്നുള്ളതിനാല്‍ സ്ത്രീകളെ കുട്ടികളെ പ്രസവിക്കാന്‍ മാത്രം കഴിയുന്ന ഒരു വസ്തുവാക്കി വലിച്ചെറിയുകയാണ് മതാത്മകമായിട്ടുള്ള പാര്‍ട്രിയാര്‍ക്കി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് ബ്രാഹ്മണിക്കലായാലും അബ്രാഹ്മണിക്കലാണെങ്കിലും ആഗ്രഹിച്ചുകൊണ്ടിരിക്കുന്നത് ഇതാണെന്നുള്ളത് വ്യക്തമാണ്.

മാര്‍പ്പാപ്പ അവിടെ എന്തൊക്കെ പറഞ്ഞാലും ഇവിടെ കാര്യങ്ങള്‍ മുകളില്‍ പറഞ്ഞരൂപത്തിലാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം വന്ന ഒരു വാര്‍ത്ത വൈദികന്‍ പീഡിപ്പിച്ച വീട്ടമ്മ ബിഷപ്പിന് പരാതി കൊടുത്തിട്ട് ബിഷപ്പ് ആ പരാതി ഒതുക്കിത്തീര്‍ത്തതുമായി ബന്ധപ്പെട്ടാണ്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ നോക്കിയ ബിഷപ്പിനെ കൂടി പ്രതിചേര്‍ത്ത് വീട്ടമ്മ മറ്റൊരു പരാതി നല്‍കി.

സ്ത്രീകള്‍ തങ്ങളുടെ അടിച്ചമര്‍ത്തലിനെതിരെ അതിശക്തമായി പ്രതിരോധം തീര്‍ത്തുകൊണ്ട് മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്ന സൂചനയും അതാണ്. ഒരു സ്ത്രീ എന്നില്ല. എല്ലാ സ്ത്രീകളും. സവര്‍ണരും അവര്‍ണരും ന്യൂനപക്ഷവും ഭൂരിപക്ഷവുമായിട്ടുള്ള എല്ലാ വിധത്തിലുള്ള സ്ത്രീകളും തങ്ങളുടെതായ ദൃശ്യത ഉറപ്പിച്ചു കൊണ്ട്, തങ്ങളുടെ സാമൂഹ്യമായിരിക്കുന്ന പ്രവര്‍ത്തികളിലേക്കും കടമകളിലേക്കും രാഷ്ട്രീയമായിട്ടുള്ള ദൗത്യത്തിലേക്കും വികസിച്ചു വരികയാണ്.

തീര്‍ച്ചയായും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭയില്‍ തുല്യപങ്കാളിത്തത്തിന് വേണ്ടിയുള്ള ആവശ്യങ്ങള്‍ സ്ത്രീകള്‍ ഉയര്‍ത്തും. അതാണ് അടുത്ത ഘട്ടം. അപ്പോള്‍ അതിനെതിരായുള്ള പ്രതിരോധങ്ങള്‍ ചിലര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കും.

ഈ തരത്തിലുള്ള വിസിബിലിറ്റിയെ തന്നെ ഇല്ലാതാക്കിക്കൊണ്ട് മാത്രമേ അത്തരം അധികാര സ്ഥാനങ്ങളില്‍ ഏകപക്ഷീയമായി തങ്ങള്‍ക്ക് തുടരാന്‍ സാധിക്കുകയുള്ളൂ എന്ന് തിരിച്ചറിയുന്ന പുരുഷന്‍മാരാണ്, അവരുടെ അധികാര വ്യവസ്ഥയാണ് മതനേതാക്കന്‍മാരെ കൊണ്ട് ഇത്തരം പ്രസ്താവനകള്‍ ഇറക്കിപ്പിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍ മതം എന്ന് പറയുന്നത് അടിമുടി പാര്‍ട്രിയാര്‍ക്കലാണ് എന്ന് മനസിലാക്കാത്ത ചില സ്ത്രീകളാകട്ടെ ഇതിന്റെ ചിഹ്നങ്ങള്‍ തങ്ങളുടെ ശരീരത്തിലും തങ്ങളുടെ പ്രവര്‍ത്തികളിലും കാണിക്കും. ഇത് സംസ്‌ക്കാരമാണെന്ന് അവര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. വാസ്തവത്തില്‍ ഇത് പാര്‍ട്രിയാര്‍ക്കല്‍ പവര്‍ ആണെന്ന് തിരിച്ചറിയുന്നതില്‍ മാത്രമാണ് ഇന്ത്യന്‍ സ്ത്രീകള്‍ പിന്നില്‍ നില്‍ക്കുന്നത്. ഇത് അവര്‍ കുടഞ്ഞു കളയേണ്ടതുണ്ട്.

ഇവിടെ മതമില്ലാത്ത അവസ്ഥയല്ലല്ലോ, ഒരുപാട് മതങ്ങള്‍ ഉണ്ട്. ഈ മതങ്ങള്‍ പറയുന്നതൊക്കെ സംസ്‌ക്കാരമാണെന്ന് കരുതുന്ന ആള്‍ക്കാരാണ് ഇവിടെയുള്ളത്. അത് തങ്ങളുടെ ജീവിത സുരക്ഷിതത്വത്തിന്റെ ഒരു ഭാഗമാണെന്ന് അവര്‍ പഠിപ്പിക്കപ്പെടുകയും ഈ പറയുന്ന മതനേതാക്കന്‍മാരെയൊക്കെ അനുസരിക്കേണ്ടതാണെന്ന തരത്തില്‍ വീട്ടില്‍ പോലും പഠിപ്പിക്കപ്പെടുന്നു. ഇങ്ങനെ പുരുഷന്‍മാര്‍ അവരുടെ പ്രിവിലേജുകളെ നിലനിര്‍ത്താന്‍ വേണ്ടി ശ്രമിക്കുകയാണ്.

വീട്ടിലെ അധികാരബന്ധങ്ങളില്‍ കഴിഞ്ഞ പത്തുവര്‍ഷമായി വലിയ തരത്തിലുള്ള മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ആര് തന്നെ നിഷേധിച്ചാലും അതൊക്കെ സംഭവിക്കുന്നുണ്ട്. അമ്മയുടെയും അച്ഛന്റെയും റോളുകളില്‍, ഭര്‍ത്താവിന്റെയും ഭാര്യയുടേയും റോളുകളില്‍, മകനുമായിട്ടുള്ള, മകളുമായിട്ടുള്ള ബന്ധത്തില്‍ എല്ലാം തന്നെ വലിയ തോതില്‍ മാറ്റം വരുന്നുണ്ട്.

ഇതെല്ലാം സമൂഹത്തില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ അതിന്റെ കടയ്ക്കലില്‍ കത്തിവെച്ചുകൊണ്ട് അതിനെ ഇല്ലാതാക്കാനുള്ള വലിയ ശ്രമം നടക്കുന്നു. അധികാരത്തെ വീണ്ടും വീണ്ടും പുരുഷനിലേക്ക് കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത അവര്‍ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്, അവര്‍ക്ക് ആര്‍ത്തിമൂത്തിട്ടാണ് അവര്‍ ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നത്.

ഒരു സ്ത്രീയെന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ പുറത്തിറങ്ങുകയും അധ്വാനിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമാണ് എന്റെ സുവര്‍ണകാലഘട്ടം. എനിക്ക് എന്റേതായ തീരുമാനങ്ങള്‍ ഉണ്ടാകണം. എന്റേതായ നിശ്ചയങ്ങളെ എടുക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിയണം. എനിക്ക് എന്റെ മക്കളെ നന്നായി വളര്‍ത്താന്‍ കഴിയണം. എനിക്ക് നന്നായി ജീവിക്കാന്‍ കഴിയണം. എനിക്ക് ഭക്ഷണവും വസ്ത്രവും മാത്രം പോര എനിക്ക് വിശ്രമവും ആനന്ദവും എല്ലാം വേണം. എന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം എനിക്ക് വേണം.

അങ്ങനെയൊക്കെയുള്ള ജീവിതമാണ് എന്നെ സംബന്ധിച്ച് എന്റെ സുവര്‍ണ കാലഘട്ടം. ശരിക്കും പറഞ്ഞാല്‍ അത്തരത്തില്‍ ഒരു കാലഘട്ടം സ്ത്രീകളെ സംബന്ധിച്ച് ഉണ്ടായി വരുന്നതേയുള്ളൂ. അപ്പോള്‍ എങ്ങനെയാണ് വീട്ടിലിരിക്കുന്ന സ്ത്രീ, ശബ്ദം കേള്‍പ്പിക്കാത്ത സ്ത്രീ, അവര്‍ക്കറിയില്ലായിരുന്നു എന്താണ് ലോകമെന്നത്.

ആ ലോകത്തിലേക്ക് അവള്‍ ഉണര്‍ന്നുകഴിഞ്ഞൊരു കാലഘട്ടം, അവിടെ പൂര്‍ണമായി വിഹരിക്കാന്‍ ഇപ്പോഴും സാധ്യമായിട്ടുണ്ട് എന്ന് ഞാന്‍ വിചാരിക്കുന്നില്ല. പക്ഷേ അത്തരത്തിലുള്ള, ലോകത്തെ മുഴുവന്‍ സ്വന്തമാക്കുന്ന, ലോകത്തിന്റെ മുഴുവനായി തീരുന്ന ഒരു പ്രക്രിയയിലേക്ക് സ്ത്രീകള്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീ സമൂഹം വികസിച്ചുകൊണ്ടിരിക്കുകയാണ്.

പുരുഷേതര സമൂഹം മുഴുവന്‍ അത്തരത്തിലൊരു വികാസത്തിലേക്ക് പോയ്‌ക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ട്രാന്‍സ്‌കമ്യൂണിറ്റിയില്‍ നോക്കിയാലും നമുക്ക് ഇതേ കാര്യം കാണാന്‍ സാധിക്കും. അവര്‍ വിസിബിള്‍ ആയിക്കൊണ്ടിരിക്കുകയാണ്. പല തലങ്ങളിലുള്ള മനുഷ്യര്‍ അവരുടെ സാന്നിധ്യം അറിയിക്കുന്ന തരത്തിലുള്ള കാലഘട്ടമാണ് സുവര്‍ണ കാലഘട്ടം.

കഴിഞ്ഞ പത്ത് കൊല്ലത്തിനിടയ്ക്ക് പുരുഷസഹായ സമിതി എന്ന ചില സമിതികളൊക്കെ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. പുരുഷ സ്വാശ്രയ സംഘങ്ങള്‍. കുടുംബശ്രീയൊക്കെയുണ്ടായി അതിന്റെ വേരുറപ്പിച്ച ശേഷമാണ് ഇത്തരം സംഘങ്ങളൊക്കെ ഉണ്ടാകുന്നത്. അതിനെയൊക്കെ എത്രമാത്രം ഈ പാര്‍ട്രിയാര്‍ക്കി ഭയക്കുന്നു എന്നിടത്താണ് ഇതിന്റെയാക്കെ വിലയിരുത്തല്‍ സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടത് എന്ന് തോന്നുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

ഗീത
അധ്യാപിക, എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക