ഇന്ത്യൻ സീനിയർ താരം രവീന്ദ്ര ജഡേജ ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടറെന്ന് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്, ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്, ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാകിബ് അൽ ഹസൻ എന്നിവരേക്കാൾ മികച്ച താരമാണ് ജഡേജയെന്നും അദ്ദേഹം പറഞ്ഞു. ജിയോ ഹോട്ട്സ്റ്റാറിൽ സംസാരിക്കുകയായിരുന്നു പാർത്ഥിവ് പട്ടേൽ.
‘ജഡേജ ഇന്ത്യയുടെ ഏറ്റവും മികച്ച ഓൾറൗണ്ടറാണ്. കരിയറിന്റെ അവസാനത്തിൽ അവൻ 400 വിക്കറ്റും 4000 റൺസും നേടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അവൻ ലോകത്തിലെ ഒന്നാം നമ്പർ ഓൾറൗണ്ടറാണ്.
ബെൻ സ്റ്റോക്സ്, പാറ്റ് കമ്മിൻസ്, ഷാകിബ് അൽ ഹസൻ എന്നിവരേക്കാൾ എത്രയോ മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് ജഡേജ. ഒരു ബാറ്റർ എന്ന നിലയിലും ബൗളർ എന്ന നിലയിലും എല്ലാ സാഹചര്യങ്ങളിലും സ്ഥിരതയാർന്ന പ്രകടനമാണ് അവൻ നടത്തുന്നത്.
അതാണ് മറ്റുള്ളവരിൽ നിന്ന് അവനെ വ്യത്യസ്തനാക്കുന്നത്. ജഡേജ ഒരുപാട് കാലമായി മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അത് റാങ്കിങ്ങിലെ അവന്റെ ഒന്നാം സ്ഥാനത്തെ ശരിവെക്കുന്നതാണ്,’ പാർത്ഥിവ് പട്ടേൽ പറഞ്ഞു.
നിലവിൽ ജഡേജ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പമാണ്. താരം ടീമിനായി മികച്ച പ്രകടനമാണ് നടത്തുന്നത്. ആദ്യ മത്സരത്തിൽ പുറത്താവാതെ താരം 104 റൺസ് എടുത്തിരുന്നു.
കൂടാതെ നാല് വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു. ഈ പ്രകടനത്തിന്റെ മികവിൽ താരം മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സ്വന്തമാക്കിയിരുന്നു.