മരണത്തിലും വേര്‍പിരിയാതെ അവര്‍; മിനാബ് ദുരന്തത്തിന്റെ ഇരകള്‍
Discourse
മരണത്തിലും വേര്‍പിരിയാതെ അവര്‍; മിനാബ് ദുരന്തത്തിന്റെ ഇരകള്‍
ആര്യ. പി, അസോസിയേറ്റ് എഡിറ്റര്‍
Saturday, 11th April 2026, 12:21 pm

‘ഒരു പ്രഭാതത്തില്‍ സന്തോഷത്തോടെ യാത്രയാക്കിയ മക്കളെ, സായാഹ്നത്തില്‍ മോര്‍ച്ചറിയില്‍ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരച്ഛന്റെ അവസ്ഥ വാക്കുകള്‍ക്ക് അതീതമാണ്.

പരിമിതികളെ പോരാടിത്തോല്‍പ്പിച്ച് സംസാരിച്ചു തുടങ്ങിയ മകന്‍, മരണത്തിന്റെ ക്ലാസ് മുറിയില്‍ ഒറ്റപ്പെട്ടുപോയ അനിയത്തിയെ രക്ഷിക്കാന്‍ തിരികെ ഓടിക്കയറിയ നിമിഷം കാലം പോലും വിറങ്ങലിച്ചു നിന്നിട്ടുണ്ടാകണം. ലോകമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന സോബന്റെയും ഹാനിയയുടെയും കണ്ണീരോര്‍മ്മകളിലൂടെ…’

‘അന്ന് തെളിഞ്ഞ ആകാശമായിരുന്നു. സുന്ദരമായ പ്രഭാതം. അതുകൊണ്ടു കൂടിയാകണം അന്ന് കുട്ടികളെ സ്‌കൂളിലാക്കുന്ന ചുമതല മുഹമ്മദ് റെസ അഹമ്മദി തന്നെ ഏറ്റെടുത്തു.

ജോലി സംബന്ധമായി ആഴ്ചകളോളം മാറിനില്‍ക്കേണ്ടി വരുന്ന മുഹമ്മദ് റെസയ്ക്ക്, ജോലിക്കിടയില്‍ ലഭിക്കുന്ന ചെറിയ അവധിദിനങ്ങളില്‍ സോബനും ഹാനിയക്കുമൊപ്പം സമയം പങ്കിടാനായിരുന്നു ഏറ്റവും പ്രിയം. അവരുടെ കുഞ്ഞനിയത്തി ഹനാന്റെ കളിചിരികള്‍ കൂടി ചേരുമ്പോള്‍ ആ വീട് ഒരു കൊച്ചു സ്വര്‍ഗമാകും.

സോബന് അച്ഛനോട് പ്രത്യേകമായൊരു അടുപ്പമുണ്ട്. തിളങ്ങുന്ന കണ്ണുകളും ചുരുളന്‍ മുടിയുമുള്ള ആ പത്തുവയസ്സുകാരന്‍ സ്‌നേഹപ്രകടനം കൊണ്ട് അച്ഛനെ എപ്പോഴും വീര്‍പ്പുമുട്ടിക്കും.

അച്ഛന്റെ തോളിലേക്ക് അവന്‍ ചാടിക്കയറുമ്പോള്‍, എന്റെ മുതുക് വേദനിക്കുമെന്ന് തമാശയ്ക്ക് വഴക്കുപറയുമെങ്കിലും മുഹമ്മദ് റെസയ്ക്ക് അവന്റെ വികൃതികള്‍ ഏറെയിഷ്ടമാണ്. ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് അമ്മ മാര്‍സി അഷേനയ്ക്കും മുഹമ്മദ് റെസയ്ക്കും സോബന്‍ ജനിക്കുന്നത്.

ജന്മനാ വളര്‍ച്ചാ വൈകല്യങ്ങളുണ്ടായിരുന്ന കുട്ടിയായിരുന്നു സോബന്‍. സംസാരിക്കാന്‍ പ്രയാസപ്പെട്ടിരുന്ന അവനെ ഓരോ ദിവസവും മൂന്ന് മണിക്കൂര്‍ യാത്ര ചെയ്ത് ബന്ദര്‍ അബ്ബാസിലെ സ്പീച്ച് തെറാപ്പി സെന്ററില്‍ എത്തിക്കും

അങ്ങനെ നാലാം വയസ്സില്‍ അവന്‍ സംസാരിച്ചു തുടങ്ങി. അത് ആ കുടുംബത്തിന് വലിയൊരു പ്രതീക്ഷയായിരുന്നു, അതിനപ്പുറം അതൊരാശ്വാസമായിരുന്നു. അതിന് ശേഷമാണ് അവനെ സഹോദരിക്കൊപ്പം സാധാരണ സ്‌കൂളില്‍ ചേര്‍ക്കാന്‍ അവര്‍ തീരുമാനിച്ചത്.

അനിയത്തി ഹാനിയ ആകട്ടെ, വീട്ടിലെ ഏറ്റവും വലിയ തമാശക്കാരി. മറ്റുള്ളവരുടെ ശബ്ദം അനുകരിച്ച് അവള്‍ എല്ലാവരെയും ചിരിപ്പിക്കും. അമ്മ വീട്ടുജോലി ചെയ്യുന്നത് കണ്ടാല്‍ അവള്‍ ഉടനെ അത് അനുകരിക്കും. അലക്കി വെച്ച വസ്ത്രങ്ങളെല്ലാം കട്ടിലില്‍ നിരത്തിയിട്ട് അത് ഓരോന്നായി മടക്കി വെക്കുന്നതായിരുന്നു അവളുടെ പ്രിയപ്പെട്ട ജോലി.

എന്നാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 28 അവരുടെ വിധി മാറ്റിവരച്ചു. അന്ന് രാവിലെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ കാര്‍ നിര്‍ത്തിയപ്പോള്‍, കാറില്‍ നിന്നിറങ്ങിയ സോബന്‍ അനിയത്തി ഹാനിയയെ വാത്സല്യത്തോടെ കെട്ടിപ്പിടിച്ചു. അത് കണ്ടുനിന്ന അഹമ്മദിയുടെ ഉള്ള് നിറഞ്ഞു.

പരസ്പരം ഇത്രയധികം സ്‌നേഹിക്കുന്ന മക്കളെ കിട്ടിയത് തന്റെ ഭാഗ്യമെന്ന് അദ്ദേഹം മനസിലോര്‍ത്തു. അവര്‍ സ്‌കൂളിനുള്ളിലേക്ക് മറയുന്നത് വരെ നോക്കിനിന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്.

എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സ്‌കൂളില്‍ നിന്ന് അടിയന്തരമായി വരാന്‍ പറഞ്ഞ് അധ്യാപകന്റെ ഫോണ്‍ കോള്‍ എത്തി. പരിഭ്രമത്തോടെ ഓടിച്ചെന്ന് സ്‌കൂള്‍ ഗേറ്റ് കടന്ന അഹമ്മദിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി. എന്റെ മക്കളുടെ ക്ലാസ് മുറികള്‍ എവിടെയാണെന്ന് ഞാന്‍ തിരഞ്ഞുകൊണ്ടിരുന്നു. പക്ഷേ അന്ന് അവിടെ കണ്ട കാഴ്ചകള്‍ക്ക് ഒരര്‍ത്ഥവുമില്ലായിരുന്നു. എന്തുപറയണമെന്നറിയില്ല. എല്ലാം തകര്‍ന്ന് തരിപ്പണമായിരുന്നു. മുഹമ്മദ് റെസ അഹമ്മദി പറയുന്നു.

സ്‌കൂള്‍ പരിസരത്തെ ബഹളങ്ങള്‍ക്കിടയില്‍ നിന്ന് അദ്ദേഹത്തെ ആരോ ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തിച്ചു. അവിടെ ഹാനിയയെ കണ്ടപ്പോള്‍ അവള്‍ ഉറങ്ങുകയാണെന്നേ ആ അച്ഛന് തോന്നിയുള്ളൂ.

തലയോട്ടി തകര്‍ന്നിരുന്നെങ്കിലും മുഖത്തിന് വലിയ മാറ്റമില്ലായിരുന്നു. എന്നാല്‍ സോബന്റെ അവസ്ഥ ദയനീയമായിരുന്നു. രണ്ട് കാലുകളും ഒടിഞ്ഞ്, ഒരു കണ്ണ് നഷ്ടപ്പെട്ട്, മുഖത്തിന്റെ പകുതിയോളം തകര്‍ന്ന നിലയിലായിരുന്നു അവന്‍. എങ്കിലും ഒറ്റനോട്ടത്തില്‍തന്നെ തന്റെ മകനെ അഹമ്മദി തിരിച്ചറിഞ്ഞു.

മോര്‍ച്ചറി അധികൃതരോട് തകര്‍ന്നുപോയ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു: ‘അതെ, ഇത് എന്റെ മക്കളാണ്. പത്തു വയസ്സുകാരന്‍ സോബന്‍ അഹമ്മദി തിഫാകാനിയും ഏഴു വയസ്സുകാരി ഹാനിയ അഹമ്മദി തിഫാകാനിയും.’

പിന്നീട് കേട്ട അറിവുകള്‍ ആ മാതാപിതാക്കളുടെ നെഞ്ച് തകര്‍ക്കുന്നതായിരുന്നു. ആദ്യത്തെ സ്‌ഫോടനശബ്ദം കേട്ടപ്പോള്‍ തന്നെ പല കുട്ടികളും കളിസ്ഥലത്തേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. ആ കൂട്ടത്തില്‍ സോബനും ഉണ്ടായിരുന്നു.

എന്നാല്‍ തന്റെ അനിയത്തി ഹാനിയ ക്ലാസ് മുറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് മനസ്സിലാക്കിയ അവന്‍ അവളെ രക്ഷിക്കാനായി ആ തകര്‍ന്ന കെട്ടിടത്തിനുള്ളിലേക്ക് തിരികെ ഓടിക്കയറുകയായിരുന്നു. മരണത്തിലും ആ സഹോദരങ്ങള്‍ വേര്‍പിരിഞ്ഞില്ല…

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അവരുടെ ബാഗുകള്‍ പിന്നീട് കണ്ടെടുക്കപ്പെട്ടു… സ്വന്തം മക്കളെ നഷ്ടപ്പെട്ടുവെന്ന് ഉറപ്പായിട്ടും, മറ്റാരെയെങ്കിലും രക്ഷിക്കാനാവുമോ എന്ന പ്രതീക്ഷയില്‍ ആ അച്ഛന്‍ അവിടെ തിരച്ചില്‍ തുടര്‍ന്നു…

‘നീതി ലഭിക്കുമെന്ന പ്രതീക്ഷ ആ മാതാപിതാക്കള്‍ എന്നേ ഉപേക്ഷിച്ചുകഴിഞ്ഞു. ‘ഈ ക്രൂരതകള്‍ക്കെല്ലാം ലോകം സാക്ഷിയാണ്, എന്നിട്ടും ആരും ഒന്നും ചെയ്യുന്നില്ല. ഞങ്ങള്‍ ഇനി ആരോട് എന്ത് പരാതി പറഞ്ഞിട്ടും എന്ത് കാര്യം? അതൊന്നും ഞങ്ങളുടെ ജീവിതത്തിലോ നഷ്ടപ്പെട്ട മക്കളുടെ കാര്യത്തിലോ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ല’ – അവരുടെ വാക്കുകളില്‍ നിഴലിക്കുന്നത് ലോകത്തോടുള്ള കടുത്ത നിരാശ മാത്രമാണ്.’

മിനാബ് നഗരത്തെ നടുക്കിയ ആ ബോംബാക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോഴും ലോകം ഇപ്പോഴും നിശബ്ദമാണ്. 160-ലേറെ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ അപഹരിച്ച ഈ ക്രൂരതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഒരു രാജ്യമോ സംഘടനയോ ഇതുവരെ തയ്യാറായിട്ടില്ല. മനുഷ്യത്വത്തിന് മേല്‍ വീണ ഈ കരിനിഴല്‍ മാറ്റാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടാകാത്തത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

ആക്രമണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യവാദം. എന്നാല്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെ അമേരിക്കന്‍ സൈന്യത്തിലെ ഇതിലെ പങ്കാളത്തത്തെ കുറിച്ചുള്ള തെളിവുകള്‍ പുറത്തുവിട്ടു.

ഈ ആക്രമണത്തിന് നേരിട്ട് നേതൃത്വം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന യു.എസ് സൈന്യത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും മറ്റ് രേഖകളും ഇറാന്‍ ഭരണകൂടവും പുറത്തുവിട്ടിട്ടുണ്ട്.

‘സകലതിനും ലോകം സാക്ഷിയാണ്, എന്നിട്ടും ആരും ഒന്നും ചെയ്യുന്നില്ല. ഇനി ആരോട് പരാതി പറഞ്ഞിട്ടും ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല,’ എന്ന ആ മാതാപിതാക്കളുടെ വാക്കുകള്‍ ഈ ലോകത്തിന്റെ നിസ്സംഗതയ്‌ക്കെതിരെയുള്ള കുറ്റപത്രമാണ്.

Content Highlight: parents at Iranian school bombed by US describe their worst day-Part 2

 

 

ആര്യ. പി, അസോസിയേറ്റ് എഡിറ്റര്‍
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.