സെന്‍സര്‍ ബോര്‍ഡ് കാരണം തമിഴ് സിനിമക്ക് നഷ്ടമാവുക 800 കോടിക്ക് മുകളില്‍, ജന നായകന് പിന്നാലെ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ പരാശക്തിയും
Indian Cinema
സെന്‍സര്‍ ബോര്‍ഡ് കാരണം തമിഴ് സിനിമക്ക് നഷ്ടമാവുക 800 കോടിക്ക് മുകളില്‍, ജന നായകന് പിന്നാലെ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ പരാശക്തിയും
അമര്‍നാഥ് എം.
Wednesday, 7th January 2026, 8:24 pm

തമിഴ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വരുമാനമുണ്ടാക്കുന്ന സീസണാണ് പൊങ്കല്‍. സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളിലൂടെ കോടികളുടെ കളക്ഷന്‍ ഇന്‍ഡസ്ട്രിക്ക് ലഭിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷത്തെ പൊങ്കല്‍ റിലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. വിജയ് നായകനായ ജന നായകനും ശിവകാര്‍ത്തികേയന്റെ പരാശക്തിയുമാണ് തമിഴ് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്.

എന്നാല്‍ ജനുവരി ഒമ്പത്, പത്ത് തിയതികളില്‍ തിയേറ്ററുകളിലെത്തുമെന്നറിയിച്ച രണ്ട് സിനിമകളുടെയും റിലീസ് പ്രതിസന്ധിയിലാണ്. രണ്ട് സിനിമകള്‍ക്കും ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഡിസംബര്‍ 18ന് സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ സമര്‍പ്പിച്ച ജന നായകനില്‍ 27ലധികം മാറ്റങ്ങളാണ് ആവശ്യപ്പെട്ടത്. മാറ്റങ്ങള്‍ വരുത്തിയിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും വിധി പുറപ്പെടുവിക്കാന്‍ വൈകുകയാണ്.

റിലീസിന് വെറും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വലിയ പ്രതിസന്ധിയാണ് ജന നായകന്‍ നേരിടുന്നത്. റിലീസ് മാറ്റിവെക്കേണ്ടി വരുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജന നായകനൊപ്പം ബോക്‌സ് ഓഫീസില്‍ മാറ്റുരക്കുന്ന പരാശക്തിയുടെ റിലീസും തുലാസിലാണ്. സെന്‍സര്‍ ബോര്‍ഡിലെ റീവൈസിങ് കമ്മിറ്റിക്ക് മുന്നിലാണ് നിലവില്‍ പരാശക്തി.

1964ല്‍ തമിഴ്‌നാട്ടില്‍ നടന്ന ഹിന്ദി അടിച്ചേല്പിക്കലിനെതിരെ നടന്ന പോരാട്ടമാണ് പരാശക്തിയുടെ പ്രമേയം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പല ദേശീയ മാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. തൊട്ടാല്‍ പൊള്ളുന്ന വിഷയത്തിനെക്കുറിച്ച് ഒരുക്കിയ പരാശക്തി കേന്ദ്ര സര്‍ക്കാരിന്റെ ത്രിഭാഷ നയത്തിനുള്ള തിരിച്ചടിയായേക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ജനുവരി 10ന് തിയേറ്ററുകളിലെത്തേണ്ട ചിത്രത്തിന്റെ സെന്‍സറിങ് നാളെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ജന നായകനെപ്പോലെ വൈകിയാല്‍ റിലീസിനെ നല്ല രീതിയില്‍ ബാധിക്കും. ഇരു സിനിമകളുടെയും റിലീസ് മാറ്റിവെക്കപ്പെട്ടാല്‍ തമിഴ് ഇന്‍ഡസ്ട്രിക്ക് മിനിമം 800 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കരുതുന്നത്. 10 ദിവസത്തെ അവധി മുതലാക്കാനാണ് ഈയാഴ്ച തന്നെ ഇരു സിനിമകളും പ്രദര്‍ശനത്തിനെത്തുന്നത്.

വിജയ്‌യുടെ അവസാന ചിത്രമായതിനാല്‍ മിനിമം 600 കോടി കളക്ഷന്‍ ജന നായകന് ലഭിക്കുമെന്നാണ് കരുതുന്നത്. അതിഗംഭീര കണ്ടന്റായതിനാല്‍ പരാശക്തി 200 കോടിയെങ്കിലും സ്വന്തമാക്കുമെന്നും അനലിസ്റ്റുകള്‍ വിലയിരുത്തുന്നുണ്ട്. പ്രശ്‌നങ്ങളെല്ലാം തീര്‍ത്ത് രണ്ട് സിനിമകളും പറഞ്ഞ സമയത്ത് പ്രദര്‍ശനത്തിനെത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Parasathi release in trouble because of Censor Certificate delaying

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം