തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്ലാഷാണ് 2026 പൊങ്കലിന് അരങ്ങേറുന്നത്. തമിഴകത്തിന്റെ ദളപതി വിജയ്‌യും യുവതാരം ശിവകാര്‍ത്തികേയനുമാണ് ഇത്തവണ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്. ജനുവരി ഒമ്പതിന് ജന നായകനും 14ന് പരാശക്തിയും റിലീസാകുമ്പോള്‍ ആരാകും വിജയി എന്നതാണ് സിനിമാപേജുകളില്‍ ചര്‍ച്ചയായത്.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പരാശക്തി നേരത്തെ റിലീസാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. ജനുവരി 10ന് പരാശക്തി തിയേറ്ററുകളിലെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നുണ്ടെന്നാണ് പുതിയ വിവരം. ചിത്രത്തിന്റെ ഓവര്‍സീസ് നിര്‍മാതാക്കള്‍ക്ക് പുതിയ റിലീസ് തിയതിയെക്കുറിച്ച് വിവരങ്ങള്‍ കൈമാറിയെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതോടെ ഇത്തവണത്തെ ക്ലാഷ് കുറച്ചുകൂടി ഗംഭീരമാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. മുമ്പ് നിശ്ചയിച്ചതുപോലെയായിരുന്നു റിലീസെങ്കില്‍ ജന നായകന് അഞ്ച് ദിവസം ഫ്രീ റണ്‍ ലഭിക്കുമായിരുന്നു. എന്നാലിപ്പോള്‍ പരാശക്തിയുടെ റിലീസ് ജന നായകനെ ബാധിക്കുമോ എന്ന ആശയക്കുഴപ്പത്തിലാണ് സിനിമാലോകം.
തമിഴിലെ മുന്‍നിര നിര്‍മാതാക്കളായ റെഡ് ജയന്റ് മൂവീസാണ് പരാശക്തിയുടെ വിതരണക്കാര്‍. തമിഴ്‌നാട്ടിലെ പ്രധാന സ്‌ക്രീനുകളെല്ലാം പരാശക്തിക്ക് വേണ്ടി മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിജയ് ആരാധകര്‍ അനുമാനിക്കുന്നത്. എന്നാല്‍ സ്റ്റാര്‍ഡത്തില്‍ ശിവകാര്‍ത്തികേയനെക്കാള്‍ ഒരുപാട് ഉയരത്തില്‍ നില്‍ക്കുന്നത് വിജയ് ആയതിനാല്‍ ക്ലാഷിലെ വിജയ് തങ്ങളുടെ ‘ദളപതി’ തന്നെയായിരിക്കുമെന്നും ആരാധകര്‍ കണക്കുകൂട്ടുന്നു.
ഇതിന് മുമ്പ് വിജയ് ക്ലാഷ് നേരിട്ടത് 2023ലായിരുന്നു. അജിത് നായകനായ തുനിവിനൊപ്പം വിജയ്‌യുടെ വാരിസും ബോക്‌സ് ഓഫീസില്‍ മാറ്റുരച്ചിരുന്നു. അന്ന് വിജയം വിജയ്‌ക്കൊപ്പമായിരുന്നു. ഇത്തവണത്തെ ക്ലാഷില്‍ ആരാകും വിജയം രുചിക്കുകയെന്നറിയാന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്. വിജയ്‌യുടെയും ശിവകാര്‍ത്തികേയന്റെയും കരിയറിലെ പ്രധാന നാഴികക്കല്ലുകളാണ് ജന നായകനും പരാശക്തിയും.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മുമ്പുള്ള വിജയ് ചിത്രമായ ജന നായകനും ശിവകാര്‍ത്തികേയന്റെ 25ാമത് ചിത്രമായ പരാശക്തിയും വ്യത്യസ്ത ഴോണറുകളിലുള്ളവയാണ്. പക്കാ വിജയ് സ്റ്റൈല്‍ മാസ് മസാല ഴോണറിലാണ് ജന നായകന്‍ ഒരുങ്ങുന്നത്. തമിഴ്‌നാട്ടില്‍ 1960കളില്‍ നടന്ന കഥയുമായാണ് പരാശക്തിയുടെ വരവ്. ഇത്തവണത്തെ ക്ലാഷ് എന്തായാലും തീപാറുമെന്ന് ഉറപ്പായിരിക്കുകയാണ്.