തമിഴ്‌നാട് സിനിമാ ചരിത്രത്തിലെ നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ക്കാണ് വരാനിരിക്കുന്ന പൊങ്കല്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. രാഷ്ട്രീയ പ്രവേശത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച് പടിയിറങ്ങുന്ന ദളപതി വിജയ്‌യുടെ അവസാന ചിത്രമായ ജന നായകനെ ഒരു സിനിമയെന്നതിലുപരി ഏറെ വൈകാരികമായാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്.
വിജയ്‌യെ ഇഷ്ടപ്പെടുന്നവര്‍ എത്ര പ്രാധാന്യമുള്ളതാണ് താരത്തിന്റെ അവസാന ചിത്രമെന്നതിന്റെ തെളിവാണ് ജന നായകനൊപ്പം ക്ലാഷ് റിലീസായെത്തുന്ന പരാശക്തിയിലെ നായിക ശ്രീലീലയുടെ വാക്കുകള്‍. ജനുവരി 9 ന് റിലീസിനെത്തുന്ന ജന നായകനും തൊട്ടടുത്ത ദിവസം റിലീസിനെത്തുന്ന പരാശക്തിയും വലിയ മത്സരത്തിനാണ് ബോക്‌സ് ഓഫീസില്‍ കൊമ്പുകോര്‍ക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് വിജയ് ചിത്രം ആദ്യം കാണണമെന്നും അതിന് ശേഷം മാത്രം താന്‍ നായികയായി അഭിനയിച്ച പരാശക്തി കാണാന്‍ തിയേറ്ററുകളിലെത്തിയാല്‍ മതിയെന്നും പറയുകയാണ് ശ്രീലീല. വിജയ് സാറുടെ അവസാനത്തെ ചിത്രമാണ് ജന നായകനെന്നും അദ്ദേഹം ഒരു ഇമോഷനാണെന്നും പറഞ്ഞ ശ്രീലീല പൊങ്കലിന് ഒരുപാട് ദിവസത്തെ അവധിയുണ്ടെന്നും രണ്ട് ചിത്രങ്ങളും സമയമെടുത്ത് ആസ്വദിച്ച് കണ്ടാല്‍ മതിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
നേരത്തേ ചെന്നൈയില്‍ നടന്ന പരാശക്തിയുടെ ഓഡിയോ ലോഞ്ചില്‍ നായകന്‍ ശിവകാര്‍ത്തികേയന്‍ ജന നായകനുമായി ക്ലാഷ് വെച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തിയിരുന്നു. വിജയ്‌യുടെ അവസാന ചിത്രമായ ജന നായകന്‍ ആഘോഷമാക്കണമെന്ന അഭിപ്രായമായിരുന്നു താരവും പങ്കുവെച്ചത്. ഇതോടെ ശിവകാര്‍ത്തികേയനെതിരെയും പരാശക്തി ടീമിനെതിരെയും ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനും താരത്തിനായിരുന്നു.
അതേസമയം മറുവശത്ത് ജനുവരി 9 നാണ് റിലീസ് തീരുമാനിച്ചെതെങ്കിലും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ജന നായകന്‍. സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകുന്നത് ചോദ്യം ചെയ്ത് ജന നായകന്റെ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡിനോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
വിദേശ രാജ്യങ്ങളില്‍ നിന്നടക്കം 40 കോടിയിലധികം രൂപയുടെ പ്രീറിലീസ് ബുക്കിങ്ങ് ലഭിച്ച ചിത്രത്തിന്റെ റിലീസ് വൈകിയാല്‍ വലിയ പ്രതിസന്ധിയായിരിക്കും നിര്‍മാതാക്കള്‍ക്ക് നേരിടേണ്ടി വരിക.
Content Highlight: Parasakthi Actress Sreeleela talks about watching Jana Nayagan
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.