വിജയ് നായകനായ ജന നായകന്‍ താരത്തിന്റെ അവസാന ചിത്രമായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. 2026 നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി തന്റെ പാര്‍ട്ടിയ സജ്ജമാക്കുക എന്നതാണ് വിജയ്‌യുടെ ലക്ഷ്യം. എന്നാല്‍ ജന നായകന്റെ റിലീസ് തമിഴ്‌നാട്ടില്‍ വലിയൊരു രാഷ്ട്രീയ യുദ്ധത്തിന് കളമൊരുക്കിയിരിക്കുകയാണ്. ജന നായകനൊപ്പം ശിവകാര്‍ത്തികേയന്റെ പരാശക്തിയും പൊങ്കലിന് തിയേറ്ററുകളിലെത്തും.
ഡി.എം.കെ നേതാവും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പരാശക്തിയെ തിയേറ്ററുകളിലെത്തിക്കുന്നത്. ജന നായകനൊപ്പമുള്ള റിലീസില്‍ പരമാവധി സ്‌ക്രീനുകള്‍ സ്വന്തമാക്കുകയെന്നാണ് റെഡ് ജയന്റിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ ഈ ക്ലാഷ് തിയേറ്റര്‍ റിലീസില്‍ മാത്രം ഒതുക്കിനിര്‍ത്താനാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.
പരാശക്തി ഓഡിയോ ലോഞ്ച് Photo: Sun TV/ X.com
പരാശക്തിയുടെ ഗ്രാന്‍ഡ് ഓഡിയോ ലോഞ്ച് ജനുവരി നാലിന് ടെലികാസ്റ്റ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സണ്‍ ടി.വിയില്‍ ഉച്ചകഴിഞ്ഞ് മൂന്നര മുതലാണ് ഓഡിയോ ലോഞ്ച് പ്രദര്‍ശിപ്പിക്കുക. എന്നാല്‍ ഇതേദിവസം തന്നെയാണ് ജന നായകന്റെ ഓഡിയോ ലോഞ്ചും സംപ്രേഷണം ചെയ്യുക. തിയേറ്ററിലെ ക്ലാഷിനപ്പുറം വലിയൊരു രാഷ്ട്രീയയുദ്ധമായി മാറിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
സീ തമിഴിലാണ് ജന നായകന്‍ ഓഡിയോ ലോഞ്ച് പ്രദര്‍ശിപ്പിക്കുന്നത്. മലേഷ്യല്‍ വെച്ച് നടന്ന ഗ്രാന്‍ഡ് ഓഡിയോ ലോഞ്ച് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ബുകിത് ജലീല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ 85,000ത്തിലധികം ആളുകള്‍ പങ്കെടുത്തിരുന്നു. ഓഡിയോ ലോഞ്ചിനൊപ്പം വിജയ്‌യുടെ ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ‘ദളപതിതിരുവിഴ’ എന്ന പേരില്‍ ഒരു കണ്‍സേര്‍ട്ടും അണിയറപ്രവര്‍ത്തര്‍ സംഘടിപ്പിച്ചു.
ജന നായകന്‍ ഓഡിയോ ലോഞ്ച് Photo: Zee Tamil/ X.com
ഈ രണ്ട് പരിപാടികള്‍ ചേര്‍ത്താണ് ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുന്നത്. വൈകുന്നേരം 4.30 മുതല്‍ രാത്രി 10.30 വരെയാകും സംപ്രേഷണം. സീ തമിഴിന്റെ റെക്കോഡ് ടി.ആര്‍.പി ഞായറാഴ്ച കാണാനാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. അതേസമയം പരാശക്തിയുടെ ഓഡിയോ ലോഞ്ച് ജനുവരി രണ്ടിനാണ് അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്.
വിജയ്‌യുടെ സിനിമാ അപ്‌ഡേറ്റിന് മനപൂര്‍വം പണി നല്‍കാനാണ് സണ്‍ ടി.വി ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് ആരോപണങ്ങളുണ്ട്. സിനിമയില്‍ അനാവശ്യമായി രാഷ്ട്രീയം കലര്‍ത്തരുതെന്ന് സണ്‍ പിക്‌ചേഴ്‌സിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പലരും അഭിപ്രായപ്പെടുന്നു. തിയേറ്ററിലെ ക്ലാഷിന് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ടായി ഓഡിയോ ലോഞ്ചിനെ കണക്കാക്കുന്നവരുമുണ്ട്. ജനുവരി ഒമ്പതിന് തമിഴ്‌നാട്ടില്‍ പൊടിപാറുമെന്ന് ഉറപ്പാണ്.
Content Highlight: Parasakathi and Jana Nayaga movie audio launch will telecast on same day