പാട്‌ന: വ്യാജരേഖ ചമച്ച കേസില്‍ ബീഹാറിലെ സ്വതന്ത്ര എം.പി പപ്പു യാദവ് അറസ്റ്റില്‍. 35 വര്‍ഷം പഴക്കമുള്ള കേസിലാണ് നടപടി. ഇന്നലെ (വെള്ളി) അര്‍ധരാത്രി പപ്പു യാദവിന്റെ വീട്ടിലെത്തിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അറസ്റ്റ് കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണെന്ന് പൊലീസ് പറഞ്ഞു. പാട്‌ന പൊലീസ് സൂപ്രണ്ട് ഭാനു പ്രതാപ് സിങ്, എസ്.എസ്.പി കാര്‍ത്തികേയ ശര്‍മ എന്നിവരടങ്ങിയ സംഘമാണ് എം.പിയെ അറസ്റ്റ് ചെയ്തത്.

വാറണ്ട് ഹാജരാക്കാതെയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തതെന്ന് പപ്പു യാദവ് പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വാറണ്ടിന് പകരം സ്വത്ത് സംബന്ധമായ ഒരു രേഖയാണ് ഹാജരാക്കിയതെന്നാണ് വിവരം. അറസ്റ്റിന് ശേഷം യാദവിനെ ഐ.ജി.ഐ.എം.എസില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

വിനോദ് ബിഹാരി ലാല്‍ എന്നയാളുടെ പരാതിയിലാണ് പപ്പു യാദവിനെതിരായ നടപടി. 1995ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാടകക്കെടുത്ത വീട് രാഷ്ട്രീയ ഓഫീസാക്കി മാറ്റിയെന്നാണ് പരാതി.

ഈ പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, വീട്ടില്‍ അതിക്രമിച്ച് കയറല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു.

എം.പി-എം.എല്‍.എ പ്രത്യേക കോടതിയുടെ പരിഗണനയിലായിരുന്നു ഈ കേസ്. എന്നാല്‍ ഒന്നിലധികം തവണ ഹാജരാകാന്‍ നിര്‍ദേശമുണ്ടായിട്ടും പപ്പു യാദവ് കോടതിയില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് എം.പിയെ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്. പ്രസ്തുത കേസില്‍ പപ്പു യാദവ് ജാമ്യത്തിലായിരുന്നു.

കോടതി ഉത്തരവ് ഉണ്ടായിട്ടും പപ്പു യാദവ് ഹാജരായില്ലെന്നും തുടര്‍ന്നാണ് കോടതി അറസ്റ്റിന് നിര്‍ദേശിച്ചതെന്നും എസ്.പി ഭാനു പ്രതാപ് സിങ് പറഞ്ഞു. നിലവില്‍ പപ്പു യാദവ് പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് (ശനി) കോടതിയില്‍ ഹാജരാക്കും.

Content Highlight: Pappu Yadav arrest