പതിനാറ് പേരുടെ ജീവനെടുത്ത് പാപ്‌ജോ അച്ചാര്‍ ഫാക്ടറി: 'നിങ്ങള്‍ സമരം ചെയ്യുകയോ മരിക്കുകയോ ചെയ്തോളു'വെന്ന് കലക്ടര്‍ പറഞ്ഞതായി സമരസമിതി
Environment
പതിനാറ് പേരുടെ ജീവനെടുത്ത് പാപ്‌ജോ അച്ചാര്‍ ഫാക്ടറി: 'നിങ്ങള്‍ സമരം ചെയ്യുകയോ മരിക്കുകയോ ചെയ്തോളു'വെന്ന് കലക്ടര്‍ പറഞ്ഞതായി സമരസമിതി
സൗമ്യ ആര്‍. കൃഷ്ണ
Wednesday, 29th May 2019, 3:10 pm

‘കുറഞ്ഞിയൂരിലെ അരകിലോമീറ്റര്‍ ചുറ്റളവില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ക്യാന്‍സര്‍ ബാധിച്ചു മരിച്ചത് 16 പേരാണ്. ഇത്രയും മരണങ്ങള്‍ സംഭവിച്ചിട്ടും സമരക്കാരോട് നിങ്ങള്‍ സമരം ചെയ്യുകയോ മരിക്കുകയോ ചെയ്യുന്നതില്‍ തനിക്കൊന്നുമില്ല എന്നാണ് തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ അനുപമ പറഞ്ഞത്.’ ദളിതര്‍ കൂട്ടമായി താമസിക്കുന്ന കുരഞ്ഞിയൂര്‍ എന്ന സ്ഥലത്തെ എല്ലാ ജീവജാലങ്ങളുടേയും ആരോഗ്യത്തെ ഹാനീകരമായി ബാധിക്കുന്ന ഒരു ഫാക്ടറിക്കെതിരെ കഴിഞ്ഞ 33 ദിവസമായി തൃശ്ശൂര്‍ കലക്ട്രേറ്റിനുമുന്നില്‍ സമരം ചെയ്യുന്നവരില്‍ ഒരാളായ അനീഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞ വാക്കുകളാണിത്.

2014 ലാണ് കുരഞ്ഞിയൂരില്‍ പീജേ ആഗ്രോ ഫുഡ്സ് എന്ന പേരില്‍ കമ്പനി ആരംഭിച്ചത്. എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍തന്നെ കമ്പനിയില്‍ നിന്ന് പുറം തള്ളുന്ന ദുര്‍ഗന്ധം കലര്‍ന്ന മാലിന്യം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കാന്‍ തുടങ്ങി. ക്യാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചു. ജനിച്ചു വീഴുന്ന കുട്ടികളെ മുതല്‍ വൃദ്ധരെ വരെ രോഗികളാക്കി മാറ്റിയ കമ്പനിക്കെതിരെ തങ്ങള്‍ സമരം ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി എന്ന് ഇവിടുത്തെ നാട്ടുകാര്‍ പറയുന്നു.

ഭക്ഷ്യവസ്തുക്കളുടെ പാക്കിങ്ങിനായി ആരംഭിക്കുന്നു എന്നാണ് നാട്ടുകാരോട് കമ്പനി ഉടമകള്‍ ആദ്യം പറഞ്ഞിരുന്നത്. സ്മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് എന്ന രൂപത്തിലാണ് കമ്പനി അനുമതി ആവശ്യപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ലാര്‍ജ് സ്‌കെയില്‍ ആയി തന്നെയാണ്. പത്തായിരം കിലോ വരുന്ന ഉത്പന്നങ്ങളാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. പതിനൊന്നായിരം ലിറ്റര്‍ വെള്ളമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതില്‍ നിന്നുമുണ്ടാകുന്ന മാലിന്യം ഇപ്പോള്‍ കമ്പനി കോമ്പൗണ്ടിനുള്ളില്‍ തന്നെ കുഴിയിലേക്ക് ഒഴുക്കുകയാണ്.

സമീപത്തെ നാല്‍പത്തിയഞ്ചോളം വീടുകളിലെ വെള്ളം ടെസ്റ്റ് ചെയ്ത് അത് കുടിക്കുവാന്‍ മാത്രമല്ല കുളിക്കുവാന്‍ പോലും ഉപയോഗ്യ യോഗ്യമല്ല എന്ന് കേരള വാട്ടര്‍ അതോറിറ്റി സാക്ഷ്യപ്പെടുത്തുന്നു. വെള്ളത്തിലെ സൂക്ഷ്മാണുക്കളുടെ എണ്ണം ക്രമാതീതമായതിനാലാണിത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വായുവിലും ഇതേ പ്രശ്നം ഉള്ളതായി വിദഗ്ധര്‍ പറയുന്നു.

ക്യാന്‍സറിന് പുറമേ, ഛര്‍ദ്ദി, തലകറക്കം, തലവേദന, കണ്ണുമങ്ങല്‍, മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും വെള്ളം ഒഴുകല്‍, ശ്വാസ തടസ്സം, പിടലി വേദന, മൂത്രാശയ രോഗങ്ങള്‍, തൂക്കകുറവ്, തുടങ്ങി നിരവധി രോഗങ്ങളാണ് ഇവിടുത്തെ ജനങ്ങളില്‍ കാണുന്നത്.

കമ്പനി പ്രവര്‍ത്തനമാരംഭിച്ച സമയം മുതല്‍ നാട്ടുകാര്‍ക്ക് ദുരിതമായിരുന്നു. തുടര്‍ന്ന ഇവര്‍ വ്യവസായ മന്ത്രി എ.സി മൊയ്തീനെ സമീപിച്ചപ്പോള്‍, വ്യവസായമായാല്‍ മാലിന്യമൊക്കെ കാണും എന്നായിരുന്നു മറുപടി. പിന്നീട് വലിയ ആഘോഷങ്ങളോടെ നടന്ന കമ്പനിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് അദ്ദേഹം തങ്ങളോടുള്ള നിലപാട് വ്യക്തമാക്കി എന്നും നാട്ടുകാര്‍ പറയുന്നു.

നിലവില്‍ ഒരു എസ്റ്റാബ്ലിഷ്ഡ് ലൈസന്‍സു കൈവശമില്ലാത്ത സ്ഥാപനം കോടതിയെ കബളിപ്പിച്ച് കൊണ്ടാണ് 2016 ല്‍ സ്റ്റോപ് മെമ്മോ വെക്കേറ്റ് ചെയ്തത്. സ്ഥലം പരിശോധിച്ച് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും അന്നത്തെ ഡി.എം.ഒയും മലിനീകരണം സ്ഥിരീകരിച്ചതിന്റെ കോപ്പി തങ്ങളുടെ പക്കമുണ്ടെന്ന് സമരസമിതി അംഗങ്ങള്‍ പറയുന്നു.

പരിസരവാസികള്‍ക്ക് കൂട്ടത്തോടെ വീടൊഴിഞ്ഞു പോകേണ്ട അവസ്ഥ വരികയും ക്യാന്‍സര്‍ രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയും ചെയ്തതോടെയാണ് ഇവിടുത്തുകാര്‍ കല്ക്ട്രേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. 34 ദിവസമായിട്ടും ഇതു വരെ പഞ്ചായത്തിന്റെയോ, ജില്ലയിലേയോ ഭരണാധികാരികള്‍ തങ്ങളുമായി ചര്‍ച്ചക്ക് തയ്യാറായിട്ടില്ല എന്ന് സമരസമിതി പറയുന്നു.

രോഗികളുടെയെല്ലാം രോഗ ലക്ഷണങ്ങള്‍ സമാനമാണെന്നും, മിക്കതിന്റെയും കാരണ ഫംഗല്‍ ഇന്‍ഫേക്ഷന്‍ പോലെയുള്ളവയാണെന്നും ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ എഴുതി ഒപ്പിട്ടു തന്നതാണ്. പലരും തന്ന് പ്രിസ്‌ക്രിപ്ഷനില്‍ പരിസരത്ത് വിഷാംശത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും പറയുന്നു. എന്നിട്ടും സര്‍ക്കാറോ ഉത്തരവാധിത്വപ്പെട്ടവരോ അത് കണക്കിലെടുക്കാന്‍ തയ്യാറാകുന്നില്ല.

അംഗന്‍വാടി ഹെല്‍പര്‍ സുലോചനയാണ് ഏറ്റവുമൊടുവില്‍ മരിച്ചത്. ഇവരുടെ മരണത്തെ കുറിച്ച് പഠിച്ച മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും ഇതേ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.’ മുന്‍ പഞ്ചായത്ത് മെമ്പറു കൂടിയായ അനീഷ് പറഞ്ഞു. പശ്ചിമഘട്ട സംരക്ഷ സമിതി അംഗം കൂടിയാണ് അനീഷ്. കമ്പനി ഒന്നുകില്‍ ജനവാസ സ്ഥലത്ത് നിന്ന് മാറ്റുകയോ അല്ലെങ്കില്‍ പൂട്ടുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

ഇതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ കളക്ടറേറ്റുമായി ബന്ധപ്പെട്ടപ്പോള്‍ ‘ അവിടേക്ക് മാഡം ആര്‍.ഡി.ഒ എയെ അയച്ചിട്ടുണ്ട് എന്നായിരുന്നു മറുപടി. മെയ് 31 ന് ഇവരുമായി ചര്‍ച്ച നടത്തുമെന്നാണ് ആര്‍.ഡി.ഒ നല്‍കിയ മറുപടി. അന്നേക്ക് സമരത്തിന്റെ നാല്പതാം ദിവസമാകും.

 

 

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.