എല്ലാക്കാലത്തും അവാര്‍ഡുകള്‍ മലയാളസിനിമക്കായിരുന്നെങ്കിലും വാണിജ്യ സിനിമകളുടെ അരങ്ങത്ത് ഉണ്ടായിരുന്നത് ബോളിവുഡ് സിനിമ മാത്രമായിരുന്നു. എന്നാല്‍ ഇന്ന് അവാര്‍ഡ് തിളക്കത്തിലും കൊമേഷ്യൽ സിനിമകളുടെ എണ്ണത്തിലും മലയാളം സിനിമകള്‍ മുന്നിലാണ്. മലയാള സിനിമകള്‍ ഇന്ത്യയില്‍ മാത്രമല്ല അതും കടന്ന് ലോകമെമ്പാടും എത്തിയിരിക്കുന്നു. മലയാളത്തിളക്കം ഇന്ന് ലോകസിനിമയില്‍ കാണാന്‍ സാധിക്കും.
എന്നിരുന്നാലും നാമെല്ലാവരും പ്രാദേശിക മാര്‍ക്കറ്റ് മാത്രം ലക്ഷ്യം വെച്ചിട്ടായിരുന്നു സിനിമ എടുത്തുകൊണ്ടിരുന്നത്. ഹിന്ദി സിനിമകള്‍ മാത്രമായിരുന്നു അന്ന് ഭഷായുടെ അതിര്‍വരമ്പുകള്‍ കടന്ന് പോയിട്ടുള്ളത്. ഓരോ ഭാഷകളിലെ സിനിമകള്‍ അവര്‍ മാത്രം കണ്ടുകൊണ്ടിരുന്ന രീതിയായിരുന്നു അന്ന്, അതിന് കാരണം ഒരുപരിധിക്കപ്പുറം സിനിമക്ക് വിജയം കിട്ടാറില്ല എന്നതായിരുന്നു. സിനിമ മൊഴിമാറ്റി റിലീസ് ചെയ്യാറുണ്ടെങ്കിലും ഇതിന് മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ ഈ രീതിയെ പൊളിച്ചടുക്കി ഇന്ന് ഭാഷയുടെ വേലികള്‍ പൊട്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് ഓരോ സിനിമകളും. അതിന് തുടക്കമിട്ടത് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ആയിരുന്നു.
പ്രഭാസ് നായകനായ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും വടക്കന്‍ കേരളത്തിലും റെക്കോർഡ് കളക്ഷനോടെ വിജയിച്ചു. ഇന്ത്യന്‍ സിനിമയില്‍ സൗത്ത് ഇന്ത്യന്‍ സിനിമക്കും മാര്‍ക്കറ്റ് കിട്ടുമെന്ന് തെളിയിച്ച സിനിമായിരുന്നു അത്. പാന്‍ ഇന്ത്യന്‍ എന്ന വാക്ക് നമ്മള്‍ കേട്ടുതുടങ്ങിയത് അല്ലെങ്കില്‍ ശ്രദ്ധിച്ചുതുടങ്ങിയത് അന്നുമുതലാണ്. പിന്നീട് ഇങ്ങോട്ട് പാന്‍ ഇന്ത്യന്‍ സിനിമകള്‍ എന്ന് നമ്മള്‍ സ്ഥിരമായി കേള്‍ക്കാന്‍ തുടങ്ങി.
മലയാളത്തില്‍ നിന്നും താരങ്ങള്‍ ഈ സാധ്യത ഉപയോഗപ്പെടുത്താനും അത് വിജയിച്ച് പാന്‍ ഇന്ത്യന്‍ താരങ്ങളായി വളരാനും ഇത് അവരെ സഹായിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ സിനിമകള്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടിരുന്ന അന്യഭാഷക്കാര്‍ മലയാളത്തിലെ യുവതാരങ്ങളുടെ സിനിമ കാണാന്‍ തുടങ്ങുകയും സിനിമയെ കൂടുതല്‍ ശ്രദ്ധിക്കാനും തുടങ്ങുകയും ചെയ്തു.
ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, ഫഹദ് ഫാസില്‍, ടൊവിനോ തോമസ് എന്നിവര്‍ നിലവില്‍ റീച്ചുള്ള പാന്‍ ഇന്ത്യന്‍ താരങ്ങളാണ്. ഇന്നവരുടെ സിനിമകള്‍ക്ക് തിയേറ്ററിലും ഒ.ടി.ടിയിലും മറ്റ് താരങ്ങളേക്കാള്‍ മൂല്യം കൂടുതലാണ്.
മമ്മൂട്ടിയുടെ മകന്‍ എന്ന ടാഗ്‌ലൈനായിരുന്നു ഒരിക്കല്‍ ദുല്‍ഖറിന് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് മലയാളസിനിമയിലും പിന്നീട് തമിഴ്, തെലുങ്ക്, ബോളിവുഡ് എന്നീ മേഖലകളിലേക്ക് വളരാന്‍ ദുല്‍ഖറിന് അധികം കാത്തിരിക്കേണ്ടി വന്നിട്ടില്ല. മണിരത്‌നം സംവിധാനം ചെയ്ത ഓ.കെ കണ്‍മണി എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ തമിഴില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു. പിന്നീട് കണ്ണുംകണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ മൂല്യം കൂടി. മഹാനടിയെന്ന ചിത്രത്തിലെ ജെമിനി ഗണേശന്‍ എന്ന റിയല്‍ ലൈഫ് വ്യക്തിയെ മറ്റാര്‍ക്കും പകരം വെക്കാന്‍ പറ്റാത്ത രീതിയില്‍ അഭിനയിച്ച് ഫലിപ്പിച്ചതോടെ തെലുങ്കിലും സ്ഥാനം ഉറപ്പിച്ചു.
ഇര്‍ഫാന്‍ ഖാനൊപ്പം കര്‍വാന്‍, സോനം കപൂറിനൊപ്പം ദി സോയ ഫാക്ടര്‍ എന്നീ സിനിമകളില്‍ അയാള്‍ നായകനായി. പിന്നാലെ കുറുപ്പ്, സീതാരാമം, ചുപ്, ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്, ലക്കി ഭാസ്‌കര്‍ എന്നീ ചിത്രങ്ങള്‍ അദ്ദേഹം മറ്റ് ഭാഷകളില്‍ അഭിനയിച്ചു. നെറ്റ്ഫ്‌ളിക്‌സില്‍ 13 ആഴ്ചകളില്‍ ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ച ഏക തെന്നിന്ത്യന്‍ ചിത്രം ലക്കി ഭാസ്‌കറാണ്.
അഭിനയം, സംവിധാനം, വിതരണം, നിര്‍മാണം എന്നീ മേഖലകളില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് പൃഥ്വി. മണിരത്‌നത്തിന്റെ രാവണ്‍ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും അയ്യ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും അരങ്ങേറി. സംവിധാനം ചെയ്ത ലൂസിഫര്‍, എമ്പുരാന്‍ എന്നീ സിനിമകള്‍ പൃഥ്വിരാജിന്റെ സംവിധാന മികവിനെ എടുത്തുകാണിച്ചു. എമ്പുരാന്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിയ ചിത്രങ്ങളാണ്.
കാന്താര, ബിഗില്‍ എന്നീചിത്രങ്ങളുടെ വിതരണം ഏറ്റെടുക്കയും സലാറില്‍ പ്രധാനകഥാപാത്രം ചെയ്യുകയും ചെയ്തു. പിന്നീട് ബഡേ മിയാന്‍ ഛോട്ടാ മിയാന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. രാജമൗലി ഒരുക്കുന്ന മഹേഷ് ബാബു ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത് പൃഥ്വിയാണ്. സലാര്‍-2വും പിന്നാലെ എത്തും.
പുഷ്പ എന്ന ഒറ്റചിത്രം കൊണ്ട് പാന്‍ ഇന്ത്യന്‍ റീച്ച് ഉണ്ടാക്കിയെടുത്ത നടനാണ് ഫഹദ് ഫാസില്‍. ഇന്ത്യയില്‍ ഏറ്റവുമധികം കളക്ട് ചെയ്ത ചിത്രങ്ങളിലൊന്നായ പുഷ്പയുടെ രണ്ട് ഭാഗങ്ങളിലും വില്ലന്‍ വേഷം ചെയ്തത് ഫഹദ് ആയിരുന്നു. സൂപ്പര്‍ ഡീലക്‌സ് എന്ന തമിഴ് ചിത്രത്തിലെ പ്രകടനമാണ് ഫഹദിനെ ശ്രദ്ധേയനാക്കിയത്. പിന്നാലെ പുഷ്പ 2, വിക്രം, മാമന്നന്‍, വേട്ടൈയ്യാന്‍ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രമായി എത്തി.
മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ ചിത്രത്തിലൂടെ പാന്‍ഇന്ത്യന്‍ റീച്ച് കിട്ടിയ താരം. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം കൊവിഡ് കാരണം നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് പ്രദര്‍ശനത്തിനെത്തിയത്. ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ വന്ന ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡ് മിന്നല്‍ മുരളി സ്വന്തമാക്കുന്നതിനൊപ്പം പാന്‍ ഇന്ത്യന്‍ ലെവലിലും ടൊവിനോ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ മാരി 2 വിലെ വില്ലന്‍ വേഷത്തിലും ടൊവിനോ എത്തി.
ഇവരെ കൂടാതെ നസ്‌റിയ, കീര്‍ത്തി സുരേഷ്, പാര്‍വതി തിരുവോത്ത്, നിമിഷ സഞ്ജയന്‍, ഐശ്വര്യ ലക്ഷ്മി, നിഖില വിമല്‍ റോഷന്‍ മാത്യു, നീരജ് മാധവ് എന്നിവര്‍ വിവിധ ഭാഷകളിലായി മികച്ച സിനിമകളുടെ ഭാഗമായി. തമിഴിലും തെലുങ്കിലും നായിക എന്ന നിലയില്‍ കീര്‍ത്തി സുരേഷ് തിളങ്ങിയപ്പോള്‍ മറ്റുള്ളവര്‍ മറ്റുഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് തന്റേതായ സ്ഥാനം നേടിയെടുത്തു.
Content Highlight: Pan Indian Stars Came from Malayalam Cinema