കൊച്ചിയിലെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ തട്ടം വിവാദം കേരളത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. യൂണിഫോം നിയമങ്ങളുടെ പേരില്‍ എട്ടാം ക്ലാസ്സുകാരിയായ പെണ്‍കുട്ടിയ്ക്ക് തട്ടം ധരിച്ച് ക്ലാസില്‍ കയറാന്‍ അനുമതി നിഷേധിച്ചതോടെയാണ് സംഭവം വിവാദമായത്. വിദ്യാഭ്യാസ അവകാശവുമായി ബന്ധപ്പെട്ടും മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുമൊക്കെ വലിയ ചര്‍ച്ചകള്‍ ഇതില്‍ നടന്നുകഴിഞ്ഞു. ഈ വിഷയത്തില്‍ ഡൂള്‍ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ ആര്യ.പിയുമായി സംസാരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര.
പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ തട്ടം വിവാദത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്? ഇതിന്റെ അടിസ്ഥാന കാരണമായി താങ്കള്‍ വിലയിരുത്തുന്നത് എന്താണ്?
ഈ വിവാദത്തിന്റെ അടിസ്ഥാന കാരണം ഇസ്‌ലാമോഫോബിയ ആണ് എന്നതില്‍ എനിക്ക് സംശയമില്ല. രാജ്യത്ത് എപ്പോഴൊക്കെ ഹിജാബ് വിവാദം ഉയര്‍ന്നിട്ടുണ്ടോ, അതിന്റെയെല്ലാം പിന്നിലെ പ്രേരകശക്തി മുസ്‌ലിം വിരുദ്ധതയാണ്. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ യൂണിഫോമിനൊപ്പം മതവിശ്വാസത്തിന്റെ ഭാഗമായി തട്ടം ധരിക്കാനും ധരിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പള്ളുരുത്തിയില്‍ ഒരു വിദ്യാര്‍ത്ഥിനി തട്ടമിട്ടതിനെ ക്രിമിനല്‍ കുറ്റകൃത്യം എന്ന നിലയിലാണ് വ്യാഖ്യാനിച്ചത്.
രാജ്യത്ത് വംശഹത്യാ ഭീഷണി നേരിടുന്ന ഒരു സമൂഹമാണ് മുസ്‌ലിങ്ങള്‍. അവരെ അപരവല്‍ക്കരിക്കുക എന്നത് ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. ചെറിയ വിഷയങ്ങളെപ്പോലും മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള അവസരമായി അവര്‍ ഉപയോഗിക്കുന്നു.
അത്തരമൊരു സാമൂഹിക സാഹചര്യത്തിലേക്കാണ് ഈ വിഷയവും വലിച്ചിഴയ്ക്കപ്പെട്ടത്. ഇത് ഒരു മതേതര രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. മതേതര ബോധമുള്ള, രാഷ്ട്രീയ ബോധമുള്ള പൊതുസമൂഹം ഒരിക്കലും അതിന് കൂട്ടുനില്‍ക്കാന്‍ പാടില്ലാത്തതാണ്.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാടിനെ എങ്ങനെ വിലയിരുത്തുന്നു? അദ്ദേഹത്തിന്റെ ഇടപെടല്‍ എത്രത്തോളം ശക്തമായിരുന്നു?
ഈ വിഷയത്തില്‍ ഏറ്റവും ശരിയായതും ശക്തവുമായ നിലപാട് സ്വീകരിച്ചത് വിദ്യാഭ്യാസ മന്ത്രി സഖാവ് വി. ശിവന്‍കുട്ടിയാണ്. അദ്ദേഹത്തിന്റെ ഇടപെടലിനെ അഭിനന്ദിക്കേണ്ടതുണ്ട്. സംഘപരിവാര്‍ ഫാസിസ്റ്റ് കാലഘട്ടത്തില്‍ ഒരു ജനവിഭാഗത്തെ ബോധപൂര്‍വം വെറുപ്പിനിരയാക്കാന്‍ ശ്രമിക്കുമ്പോള്‍, അതിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായി. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം കൃത്യമായി തിരിച്ചറിഞ്ഞ് വിമര്‍ശിച്ചു. ആ നിലപാടില്‍ ഇപ്പോഴും അദ്ദേഹം ഉറച്ചുനില്‍ക്കുന്നു.
സ്‌കൂള്‍ മാനേജ്‌മെന്റും അവരുടെ അഭിഭാഷകയും നടത്തിയ വാര്‍ത്താസമ്മേളനത്തെയും അവര്‍ മുന്നോട്ടുവെച്ച നിലപാടുകളെയും കുറിച്ച് എന്താണ് പറയാനുള്ളത്?
സ്‌കൂള്‍ അധികൃതരുടെ അഭിഭാഷകയുടെ ‘ഞാനൊരു പണി കൊടുത്തിട്ടുണ്ട്’ എന്ന പ്രസ്താവന ഈ വിഷയത്തിലെ രാഷ്ട്രീയ ഇടപെടലിന്റെ വ്യക്തമായ സൂചനയാണ്. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ, ജനങ്ങളില്‍ ഭിന്നതയുണ്ടാക്കുക എന്നത് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യമാണ്. ഒരു നിയമപ്രശ്‌നം പരിഹരിക്കേണ്ട അഭിഭാഷക, ഒരു ജനവിഭാഗത്തെ ലക്ഷ്യംവെച്ച് പ്രകോപനപരമായി സംസാരിക്കുന്നത് അവരുടെ പദവിക്ക് ചേര്‍ന്നതല്ല.
ഇതൊരു മൗലികാവകാശവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ്. അതില്‍ സ്‌കൂള്‍ അധികൃതര്‍ കൃത്യമായ പങ്കുവഹിച്ചിട്ടുണ്ട്. അവരുടെ ഭാഗത്തുനിന്നാണ് ഈ വിഷയം വളര്‍ന്നുവന്നത്. അഭിഭാഷകയുടെ പ്രസ്താവന ഭിന്നിപ്പിന്റെയും ധ്രുവീകരണത്തിന്റെയും രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നത്.
ഇതിനെയാണ് വിദ്യാഭ്യാസ മന്ത്രിയും വിമര്‍ശിച്ചത്. ഈ പ്രശ്‌നത്തിന് ഉപരിപ്ലവമായ പരിഹാരമല്ല, കൃത്യമായ രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്. ഇതില്‍ പ്രവര്‍ത്തിച്ച ഇസ്‌ലാമോഫോബിയയെ അഭിസംബോധന ചെയ്യണം.
കന്യാസ്ത്രീകള്‍ അവരുടെ മതവസ്ത്രം ധരിച്ചുകൊണ്ട് മുസ്‌ലിം കുട്ടിക്ക് ശിരോവസ്ത്രം നിഷേധിക്കുന്നത് അപരമത വിദ്വേഷത്തിന്റെ ഉദാഹരണമാണ്. ആ അപരമത വിദ്വേഷത്തെ തന്നെയാണ് മന്ത്രി അഡ്രസ്സ് ചെയ്തത്. അതൊരു ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ്. പോളറൈസേഷന്റെ രാഷ്ട്രീയമാണ്. അത് ഒരിക്കലും അനുവദിച്ചു കൊടുക്കാന്‍ പാടില്ലല്ലോ.
വി. ശിവന്‍കുട്ടി
വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഈ നിലപാടും അദ്ദേഹത്തിന്റെ ആ നിരീക്ഷണവും വളരെ ശരിയാണ്. കാരണം ഒരു മതേതര സമൂഹത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒരു ചര്‍ച്ച ഉണ്ടാകുമ്പോള്‍ അതിനെ രാഷ്ട്രീയമായി തന്നെ സമീപിക്കേണ്ടതുണ്ട്.
ഈ വിഷയത്തെ നോക്കി കാണുന്ന ഏതൊരു മനുഷ്യര്‍ക്കും ഇതിനകത്ത് ഇസ്‌ലാമോഫോബിയ വര്‍ക്ക് ഔട്ട് ചെയ്തിട്ടുണ്ട് എന്നുള്ളത് മനസിലാകും. മാത്രമല്ല ഒരു നീതിയും ഇതിനകത്ത് ഇല്ല എന്നുള്ളതാണ്.
ഇത്തരം വിവാദങ്ങള്‍ കേരളത്തിന്റെ വിദ്യാഭ്യാസ അന്തരീക്ഷത്തില്‍ വര്‍ഗീയമായ വിഭജനം സൃഷ്ടിക്കുന്നതായി കരുതുന്നുണ്ടോ?
തീർച്ചയായും ഉണ്ട്. നമ്മുടെ കലാലയങ്ങൾ രാഷ്ട്രീയ ബോധം രൂപപ്പെടുന്ന ഇടങ്ങളാണ്. അത്തരം ഇടങ്ങളിൽ വർഗീയമായ വിഭജനം ഉണ്ടാക്കാൻ വളരെ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുണ്ട്.
കഴിഞ്ഞ സർവകലാശാല തെരഞ്ഞെടുപ്പുകളില്‍ പലയിടത്തും എ.ബി.വി.പി. പോലുള്ള സംഘടനകൾ പരാജയപ്പെട്ട വാർത്ത ഞാൻ ഏറെ സന്തോഷത്തോടെയാണ് കണ്ടത്. കാരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൃത്യമായ വർഗീയ അജണ്ടയോടെ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനകൾ ഇന്ന് നിലവിലുണ്ട്.
ഈ വിഭജനം ലക്ഷ്യം വെച്ചുകൊണ്ട് “ലൗ ജിഹാദ്” പോലുള്ള മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾ വ്യാപകമായി നടക്കുന്നു. “മുസ്‌ലിം കുട്ടികളോട് മിണ്ടരുത്, അവരുമായി കൂട്ടുകൂടരുത്” എന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കപ്പെടുന്നു.
‘കേരള സ്റ്റോറി’ പോലുള്ള സിനിമകൾ മുന്നോട്ടുവെച്ചതും ഇതേ നികൃഷ്ടമായ ആശയമാണ്. ഇതര മതസ്ഥരുമായി സഹകരിച്ചാൽ അവർ നിങ്ങളെ മതംമാറ്റിക്കൊണ്ടുപോകും എന്ന ഭയം കുട്ടികളിൽ കുത്തിവെക്കുകയാണ് അവർ ചെയ്യുന്നത്.
മുസ്‌ലിം ജനവിഭാഗങ്ങളുമായി അടുത്തിടപഴകുന്ന ഒരു സമൂഹത്തിനു മാത്രമേ അവരെ ശരിയായി മനസ്സിലാക്കാൻ സാധിക്കൂ. ഉദാഹരണത്തിന്, തെക്കൻ കേരളത്തിലേക്ക് വന്നാൽ, മലബാറിലേതുപോലെ മുസ്‌ലിങ്ങളുമായി ഇടകലർന്നു ജീവിക്കുന്ന ഒരു സാമൂഹികാന്തരീക്ഷം കാണാൻ കഴിയില്ല. എന്റെ നാടായ നെയ്യാറ്റിൻകരയിൽ ഞാൻ താമസിക്കുന്ന പ്രദേശങ്ങളിൽ മുസ്‌ലിങ്ങൾ ഇല്ല. അങ്ങനെയുള്ള സ്ഥലങ്ങളിൽ, മുസ്‌ലിങ്ങളെക്കുറിച്ച് കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങൾ യാതൊരു വിമർശനവുമില്ലാതെ വിശ്വസിക്കുന്ന ഒരു വലിയ ജനവിഭാഗമുണ്ട്.
അതുകൊണ്ട്, പള്ളുരുത്തിയിലേതു പോലുള്ള വിവാദങ്ങളും ചർച്ചകളും വിദ്യാർത്ഥികളിൽ മാത്രമല്ല, സമൂഹത്തിലാകെ വർഗീയ വിഭജനവും ധ്രുവീകരണവും സൃഷ്ടിക്കാൻ വളരെ കൃത്യമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ബി.ജെ.പി. ഒഴികെയുള്ള മതേതര ജനാധിപത്യ പാർട്ടികൾ ഈ വിഭജനത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്, അല്ലാതെ അതിന് എരിതീയിൽ എണ്ണയൊഴിക്കുകയല്ല വേണ്ടത്. നമ്മുടെ സമൂഹത്തെ വർഗീയവിഷത്തിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് രാഷ്ട്രീയ പാർട്ടികളിൽ നിന്നുണ്ടാകേണ്ടത്.
കുട്ടികളില്‍ തുല്യതയും മതേതരത്വവും ഉറപ്പാക്കാനാണ് യൂണിഫോം കര്‍ശനമാക്കുന്നത് എന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദം. ഈ നിലപാടിനെ എങ്ങനെയാണ് കാണുന്നത്?
തുല്യത എന്നത് നമ്മുടെ ഭരണഘടന മുന്നോട്ടുവെക്കുന്ന പരമപ്രധാനമായ ഒരു മൂല്യമാണ്. എന്നാൽ സ്കൂൾ മാനേജ്മെന്റ് പറയുന്ന തുല്യത ആ മൂല്യവുമായി പൊരുത്തപ്പെടുന്നില്ല. നമ്മുടെ രാജ്യം ഒരു മതരാജ്യമോ മതരഹിത രാജ്യമോ അല്ല, മറിച്ച് മതനിരപേക്ഷതയെ ഉൾക്കൊള്ളുന്ന ഒരു മതേതര രാജ്യമാണ്. ഓരോ പൗരനും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും അതിൽ വിശ്വസിക്കാനും അതിന്റെ ആചാരങ്ങൾ പാലിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അതുകൊണ്ടാണ് മതത്തിൽ നിന്ന് പുറത്തുപോകുന്ന ഒരാൾക്കെതിരെ മതപൗരോഹിത്യം തിരിയുമ്പോൾ ജനാധിപത്യ വിശ്വാസികൾ ആ വ്യക്തിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്.
ഹിജാബ് എന്നത് പുരുഷന്റെ അടിച്ചേൽപ്പിക്കലാണെന്ന വാദത്തിൽ തന്നെ പ്രശ്നമുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനും മതം ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ട്. അത് വേണ്ടെന്നുവെച്ച് പുറത്തുകടക്കാനും അവർക്ക് ഭരണഘടനാപരമായ അവകാശമുണ്ട്.
ഇവിടെയാണ് മാനേജ്മെന്റിന്റെ വാദത്തിലെ കാപട്യം വ്യക്തമാകുന്നത്. കന്യാസ്ത്രീകൾ അവരുടെ മതപരമായ വസ്ത്രം ധരിച്ചുകൊണ്ടാണ് ഒരു മുസ്‌ലിം കുട്ടിയോട് ഹിജാബ് ധരിക്കാൻ പാടില്ലെന്ന് പറയുന്നത്. അവിടെ എന്ത് തുല്യതയാണുള്ളത്? ഒരു തുല്യതയുമില്ല. തുല്യത എന്നത് എല്ലാവരും ഒരേപോലെ ജീവിക്കുക എന്നതല്ല, മറിച്ച് ഓരോ പൗരനും ഭരണഘടന നൽകുന്ന അവകാശങ്ങളും നീതിയും തുല്യമായി ലഭിക്കുക എന്നതാണ്. അതുകൊണ്ടാണല്ലോ നമ്മൾ ഏക സിവിൽ കോഡിനെപ്പോലും എതിർക്കുന്നത്. ഒരു വിഭാഗത്തിന്റെ അവകാശങ്ങളെ അടിച്ചമർത്തിക്കൊണ്ട് നടപ്പാക്കുന്ന തുല്യത യഥാർത്ഥ തുല്യതയല്ല.
ശിരോവസ്ത്രം ധരിക്കുന്നത് സ്‌കൂളിലെ അച്ചടക്കത്തെയും പഠനാന്തരീക്ഷത്തെയും ബാധിക്കുമെന്ന വാദത്തെ എങ്ങനെ കാണുന്നു?
അത് ശുദ്ധ തോന്നിവാസമാണ്. ഒരു കുട്ടി ഒരുപക്ഷേ, മുഖം മുഴുവനായി മറയ്ക്കുന്ന നിഖാബ് ധരിച്ചാണ് വന്നിരുന്നതെങ്കിൽ, തിരിച്ചറിയലുമായി ബന്ധപ്പെട്ട ഒരു പ്രശ്നമുണ്ടെന്ന് നമുക്ക് വാദത്തിനുവേണ്ടി സമ്മതിക്കാമായിരുന്നു. കാരണം, നമ്മളോട് സംസാരിക്കുന്ന ഒരാൾ മുഖം മറച്ചിരുന്നാൽ സ്വാഭാവികമായും ഒരു ആശയക്കുഴപ്പം ഉണ്ടാകാം.
എന്നാൽ ഒരു കുട്ടി അവളുടെ തലയിൽ തട്ടമിടുന്നത് എങ്ങനെയാണ് മറ്റ് കുട്ടികളുടെ അച്ചടക്കത്തെയോ പഠനാന്തരീക്ഷത്തെയോ ബാധിക്കുന്നത്? അങ്ങനെയാണെങ്കിൽ, ആ സ്കൂളിൽ പഠിപ്പിക്കുന്ന കന്യാസ്ത്രീകൾ ശിരോവസ്ത്രം ധരിച്ച് ക്ലാസെടുക്കുമ്പോൾ ഈ കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടാകേണ്ടതല്ലേ?
കന്യാസ്ത്രീകളുടെ തലയിലിടുന്ന അതേ തുണി തന്നെയല്ലേ ഈ പെൺകുട്ടികളും തട്ടമായി ധരിക്കുന്നത്? തുണിയുടെ തരത്തിൽ വ്യത്യാസമുണ്ടാകാം, പക്ഷേ രണ്ടും തുണി തന്നെയാണ്. രണ്ടും രണ്ട് മതവിശ്വാസങ്ങളുടെ പ്രതീകങ്ങളാണെന്നതാണ് ഒരേയൊരു വ്യത്യാസം.
ഇത്തരം അസ്വസ്ഥതകൾക്ക് പിന്നിലെ അടിസ്ഥാനപരമായ രാഷ്ട്രീയ കാരണം ഇസ്‌ലാമോഫോബിയ ആണ്. അതിൽ ഒരു തർക്കവുമില്ല. പുരോഗമന രാഷ്ട്രീയം ഭരിക്കുന്ന ഒരു സംസ്ഥാനത്ത് ഇത് അനുവദിച്ചുകൊടുക്കാൻ പാടില്ല.
ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്വീകരിച്ച നിലപാടിനോട് യോജിക്കാനേ എനിക്ക് സാധിക്കൂ. ഒരു പാർട്ടി പ്രവർത്തകയല്ലെങ്കിലും, ഒരു മന്ത്രി തന്നെ ഇത്ര ശക്തമായ നിലപാട് എടുക്കുന്നത് ഏറെ ആശ്വാസം നൽകുന്നു.
അത് ആ സർക്കാരിന്റെയും ഭരണകൂടത്തിന്റെയും തീരുമാനമാണ്. ആ തീരുമാനം എല്ലാ മതേതര വിശ്വാസികൾക്കും ആശ്വാസം പകരുന്ന ഒന്നാണ്.
പ്രവേശന സമയത്ത് യൂണിഫോം കോഡിനെക്കുറിച്ച് രക്ഷിതാക്കളെ അറിയിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്ന വാദത്തോട് യോജിക്കുന്നുണ്ടോ?
ആ വാദത്തോട് യോജിക്കാൻ സാധിക്കില്ല. കാരണം, ഈ സ്കൂൾ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം പഠിക്കാനുള്ള ഒരിടമായി സ്വയം പ്രഖ്യാപിച്ചിട്ടില്ല. അവിടെ ക്രിസ്ത്യൻ, മുസ്‌ലിം, ഹിന്ദു തുടങ്ങി എല്ലാ മതവിഭാഗങ്ങളിലും പെട്ടവരും മതമില്ലാത്തവരും പഠിക്കുന്നുണ്ടാവാം. അങ്ങനെയുള്ള ഒരു സ്ഥാപനത്തിന് “തട്ടമിട്ടുകൊണ്ട് ഇവിടെ വരാൻ ഞങ്ങൾ അനുവദിക്കില്ല” എന്ന് പറയാൻ നിയമപരമായി സാധിക്കില്ല. അത് ഇന്ത്യൻ ഭരണഘടനയുടെ ലംഘനമാണ്.
ശ്രീജ നെയ്യാറ്റിന്‍കര
ഇവിടെ ഒരു കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. മുഖം മുഴുവനായി മറയ്ക്കുന്ന നിഖാബ് പോലുള്ള വസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കില്ലെന്ന് ഒരു സ്ഥാപനം തീരുമാനിച്ചാൽ, അതിനെ നമുക്ക് ഒരു പരിധി വരെ മനസ്സിലാക്കാൻ സാധിക്കും. കാരണം, അവിടെ ഒരു വ്യക്തിയെ തിരിച്ചറിയുക (identity) എന്നത് ഒരു വിഷയമാണ്. എം.ഇ.എസ് പോലുള്ള ചില സ്ഥാപനങ്ങൾ നിഖാബ് നിരോധിച്ചത് അത്തരം കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ്. ആ ചർച്ചകൾ നമുക്ക് മനസ്സിലാക്കാം.
എന്നാൽ അതിൽനിന്നും വ്യത്യസ്തമായി, ഒരു കുട്ടി തലയിൽ തട്ടമിടുന്നതിനെ വിലക്കാൻ ഈ രാജ്യത്ത് ഒരു നിയമവും നിലവിലില്ല. ഇന്ത്യൻ ഭരണഘടന അത്തരം ഒരു വിലക്കിനെ അനുവദിക്കുന്നില്ല. അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയരും. പിന്നെ എന്തിനാണ് ഇത്തരം ഒരു വിവാദം ഉണ്ടാക്കുന്നത്? അതിന്റെ ഉത്തരം വളരെ വ്യക്തമാണ്. സമൂഹത്തിൽ ഒരു പ്രശ്നം സൃഷ്ടിക്കുക, ഒരു തീപ്പൊരി ഇട്ടുകൊടുത്ത് ആളുകളെ ഭിന്നിപ്പിക്കുക എന്ന കൃത്യമായ ഉദ്ദേശ്യത്തോടും ലക്ഷ്യത്തോടും കൂടി നടത്തുന്ന ചില പ്രവർത്തനങ്ങളുടെ ഭാഗമാണിത്. അല്ലാതെ യൂണിഫോം കോഡിന്റെ ഭാഗമായ ഒരു നിഷ്കളങ്കമായ നടപടിയല്ല ഇത്.
ഇത്തരം വിഷയങ്ങള്‍ മറ്റ് മത മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കൊക്കെ വിദ്യാര്‍ത്ഥികളെ പറഞ്ഞയക്കുന്നതില്‍ നിന്ന് ചില രക്ഷിതാക്കളെ എങ്കിലും പിന്തിരിപ്പിക്കുന്നതിന് കാരണമാകില്ലേ?
തീർച്ചയായും കാരണമാകും. ഒരു മതവിശ്വാസം പിന്തുടരുന്ന കുടുംബത്തെ സംബന്ധിച്ചിടത്തോളം, അവരുടെ ആചാരങ്ങൾ പ്രധാനമാണ്. മുസ്‌ലിങ്ങളെ സംബന്ധിച്ച്, തട്ടമിടുക എന്നത് അവരുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട മതാചാരമാണ്. അപ്പോൾ, അത് അനുവദിക്കാത്ത ഒരു സ്കൂളിലേക്ക് തങ്ങളുടെ കുട്ടികളെ അയക്കേണ്ടതില്ല എന്ന് രക്ഷിതാക്കൾ തീരുമാനിച്ചാൽ, ആ തീരുമാനത്തെ നമുക്ക് കുറ്റം പറയാൻ കഴിയില്ല, അതിനോടൊപ്പം നിൽക്കാനേ സാധിക്കൂ.
പക്ഷേ, ഈ വിഷയത്തിൽ ആ കുട്ടിയുടെ രക്ഷിതാക്കൾക്ക് ഒരു ഘട്ടത്തിൽ സമവായത്തിന് തയ്യാറാകേണ്ടി വന്നു എന്നത് അങ്ങേയറ്റത്തെ അനീതിയാണ്. അവർക്ക് ആ കുട്ടിയെ ആ സ്കൂളിൽ പഠിപ്പിക്കേണ്ടതുണ്ട്. അതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു മാനേജ്മെന്റ് ചെയ്യേണ്ടിയിരുന്നത്. കുട്ടിയെ തട്ടമിടാൻ അനുവദിച്ചുകൊണ്ട് വിദ്യാഭ്യാസം തുടരാനുള്ള ഒരു സാമൂഹിക, വിദ്യാഭ്യാസ അന്തരീക്ഷം ഉണ്ടാക്കുകയായിരുന്നു അവരുടെ ഉത്തരവാദിത്തം.
ഹിജാബിന്റെ പേരിൽ സൃഷ്ടിക്കപ്പെട്ട ഈ വിവാദം ആ സമൂഹത്തോടുള്ള അനീതി മാത്രമല്ല, ഒരു സമുദായത്തോട് കാണിക്കുന്ന കൃത്യമായ വംശീയത കൂടിയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് വന്ന വാർത്തകളുടെ താഴെയുള്ള കമന്റുകൾ ശ്രദ്ധിച്ചാൽ മതി, ഈ വിഷയത്തിൽ ഇടപെടുന്ന പലരുടെയും ഉള്ളിലെ വംശീയതയും വെറുപ്പും എത്രത്തോളം ഭീകരമായി പുറത്തുവരുന്നുണ്ടെന്ന് കാണാം. ഇത് ഒരിക്കലും അനുവദിക്കാൻ പാടില്ലാത്തതാണ്.
പെണ്‍കുട്ടിയുടെ പിതാവ് പി.എം അനസ്
അവർ ഈ രാജ്യത്തെ പൗരന്മാരാണ്. ഇന്ത്യയുടെ ഭരണഘടന എല്ലാ പൗരന്മാർക്കും നൽകുന്ന എല്ലാ അവകാശങ്ങളും അനുഭവിക്കാൻ അവർക്കും യോഗ്യതയുണ്ട്. ഭരണഘടന അവരെ ഒരു തരത്തിലും മാറ്റിനിർത്തുന്നില്ല. എന്നിട്ടും ഒരു ജനവിഭാഗത്തിന്റെ വസ്ത്രത്തിന്റെയോ ഭക്ഷണത്തിന്റെയോ ആരാധനാരീതികളുടെയോ പേരിൽ അവരെ വംശീയമായി ആക്ഷേപിക്കുന്ന ഒരു തലത്തിലേക്ക് നമ്മുടെ സമൂഹം മാറിയിരിക്കുന്നു എന്നത് എത്രത്തോളം വികലമായിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഇതിനെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തുള്ള എല്ലാവരും ഒറ്റക്കെട്ടായി നിന്ന് എതിർക്കണം. അങ്ങനെ എതിർക്കുക എന്നത് ഫാസിസത്തിനെതിരെയുള്ള ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്, നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ്.
കഴുത്തില്‍ കുരിശുമാലയും നെറ്റിയില്‍ കുങ്കുമവും ധരിക്കുന്നത് അനുവദിക്കുമെങ്കില്‍ ശിരോവസ്ത്രം എന്തുകൊണ്ട് പാടില്ല എന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത ചോദിച്ചിരുന്നു. ഇത്തരം പ്രതികരണങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
ഈ ചോദ്യം വളരെ പ്രസക്തമാണ്. 2014-ൽ നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിന് മുൻപ് വരെ നമ്മുടെ സമൂഹത്തിൽ ഇത്തരം ചർച്ചകൾ വളരെ വിരളമായിരുന്നു. കഴിഞ്ഞ 100 വർഷമായി ആർ.എസ്.എസ്. നടത്തിയ പ്രവർത്തനങ്ങളുടെ ഫലം ഹിന്ദുത്വ പൊതുബോധമായി സമൂഹത്തിൽ പ്രകടമായി തുടങ്ങിയത് അതിനുശേഷമാണ്. അതിനുമുൻപ് നമ്മുടെ സ്കൂളുകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഇതൊന്നും ഒരു പ്രശ്നമായിരുന്നില്ല.
ശബരിമല കാലം വരുമ്പോൾ കുട്ടികൾ കറുപ്പ് വസ്ത്രം ധരിച്ചും മാലയിട്ടും, നെറ്റിയിൽ കുങ്കുമവും ഭസ്മവും ചന്ദനക്കുറിയും തൊട്ടും സ്കൂളുകളിൽ വന്നിരുന്നു. പോലീസുകാർ പോലും ശബരിമലയ്ക്ക് പോകുമ്പോൾ താടി വളർത്തിയിരുന്നു. അതൊന്നും ആർക്കും ഒരു അസ്വസ്ഥതയും ഉണ്ടാക്കിയിരുന്നില്ല. ഒരു കുട്ടി കുരിശുമാല ഇടുമ്പോഴും നമുക്ക് അസ്വസ്ഥത തോന്നുന്നില്ല.
പക്ഷേ, ഒരു തലപ്പാവ് കണ്ടാൽ, നീണ്ട താടി കണ്ടാൽ, അല്ലെങ്കിൽ ഒരു തട്ടം കണ്ടാൽ ഉടൻ പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതായത്, മുസ്‌ലിങ്ങളുടെ സ്വത്വപരമായ അടയാളങ്ങൾ (identity) പുറത്തേക്ക് പ്രകടമാകുമ്പോഴെല്ലാം പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്. അടുത്തിടെ ഒരു കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ തൊപ്പി വെച്ച് വാഹനം ഓടിച്ചത് വലിയ വിവാദമായത് ഇതിന്റെ ഭാഗമാണ്.
ഇന്ത്യയുടെ രാഷ്ട്രീയ ശരീരത്തിൽ മതം ഈ രീതിയിൽ ചർച്ചയാകുന്നത് ഒരു ആരോഗ്യകരമായ സമൂഹത്തിന്റെ ലക്ഷണമല്ല. നമ്മുടെ രാജ്യം ശബരിമലയും മലയാറ്റൂർ പള്ളിയും മുസ്‌ലിം പള്ളികളെയുമെല്ലാം ഒരുപോലെ ഉൾക്കൊണ്ടിരുന്ന ഒരു മതേതര ഇടമായിരുന്നു. തിരുവനന്തപുരത്തെ ഭീമ പള്ളിയിൽ വരുന്നവരിൽ ഭൂരിഭാഗവും മുസ്‌ലിങ്ങൾ പോലുമല്ല. എന്റെയൊക്കെ കുട്ടിക്കാലത്ത് നാട്ടിലെ അമ്പലങ്ങളിലെ ഉത്സവം നടത്തിയിരുന്നത് നിരീശ്വരവാദികളായ സഖാക്കളായിരുന്നു. അത്തരം മതേതര ഇടങ്ങളിലേക്കാണ് ഇന്ന് വർഗീയവാദം പത്തിവിടർത്തിയിരിക്കുന്നത്.
അതുകൊണ്ട് മെത്രാപ്പോലീത്തയുടെ ചോദ്യത്തിന് ലളിതമായ ഒരു ഉത്തരമുണ്ട്. കുരിശോ കറുപ്പ് വസ്ത്രമോ ചന്ദനക്കുറിയോ കാണുമ്പോൾ അസ്വസ്ഥപ്പെടാത്തവർ ഒരു തട്ടം കാണുമ്പോൾ അസ്വസ്ഥപ്പെടുന്നതിന്റെ ലോജിക്കിന് ഒരൊറ്റ പേരേയുള്ളൂ, ഇസ്‌ലാമോഫോബിയ. ഒരു മുസ്‌ലിമിന്റെ അടയാളം കാണുമ്പോൾ നിങ്ങൾക്ക് പ്രശ്നം തോന്നുന്നുണ്ടെങ്കിൽ അതിന്റെ കാരണം ഇസ്‌ലാമോഫോബിയ ആണ്.
കാസ (CASA) പോലുള്ള സംഘടനകളുടെ ഈ വിഷയത്തിലെ നിലപാടിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?
കാസയുടേത് അങ്ങേയറ്റം അപകടകരമായ നിലപാടാണ്. ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് അവർ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയത്. അടുത്തിടെ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പോലും കാസ വർഗീയവാദികളാണെന്ന് പറയുകയുണ്ടായി. അഞ്ച് വർഷം മുൻപ് കാസയ്ക്കെതിരെ കേരള പോലീസിൽ പരാതി നൽകിയ ഒരാളാണ് ഞാൻ.
സോഷ്യൽ മീഡിയയിലൂടെയും വാട്സ്ആപ്പ് യൂണിവേഴ്സിറ്റികളിലൂടെയും കാസ പടച്ചുവിട്ട വർഗീയവിഷം അതിഭീകരമാണ്. അങ്ങേയറ്റത്തെ മുസ്‌ലിം വെറുപ്പാണ് അവർ പ്രചരിപ്പിക്കുന്നത്. കൃത്യമായ സമയത്ത് നിയമനടപടികൾ എടുക്കാതിരുന്നതാണ് കാസ ഇത്രയധികം വളരാൻ കാരണം.
സമൂഹത്തിൽ വർഗീയ വിഷം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ നമ്മുടെ നിയമവ്യവസ്ഥയിൽ എല്ലാ വകുപ്പുകളുമുണ്ട്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തെ ആഭ്യന്തര വകുപ്പ്, സംഘപരിവാറിനും ആർ.എസ്.എസിനും എതിരെയുള്ള നിരവധി പരാതികളിൽ കൃത്യമായ നടപടിയെടുത്തിട്ടില്ല. ‘പോലീസ് സേനയിൽ ഞങ്ങളുടെ പിള്ളേരുണ്ട്’ എന്ന് ശോഭാ സുരേന്ദ്രനെപ്പോലുള്ള ബി.ജെ.പി. നേതാക്കൾ പരസ്യമായി പറഞ്ഞിട്ടുണ്ട്.
ചരിത്രപരമായി നല്ല ബന്ധം പുലർത്തിയിരുന്ന ക്രിസ്ത്യൻ, മുസ്‌ലിം സമൂഹങ്ങൾക്കിടയിൽ വെറുപ്പ് വളർത്തുന്നതിൽ കാസ വലിയൊരളവിൽ വിജയിച്ചിട്ടുണ്ട്. ആർ.എസ്.എസിന്റെ സഹായത്തോടെയാണ് അവർ ഇത് സാധിച്ചെടുത്തത്. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രപ്രകാരം വംശഹത്യ ചെയ്യപ്പെടേണ്ടവരുടെ പട്ടികയിൽ രണ്ടാമതുള്ളത് ക്രിസ്ത്യാനികളാണ്.
മണിപ്പൂർ, കന്യാസ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ഗ്രഹാം സ്റ്റെയിൻസിന്റെ കൊലപാതകം എന്നിവയെല്ലാം നമ്മുടെ മുന്നിലുണ്ട്. ഇതൊന്നും അറിയാതെയല്ല കാസ സംഘപരിവാറിന് കൂട്ടുനിൽക്കുന്നത്. ക്രിസ്ത്യാനികളെ കൂട്ടുപിടിച്ച് തങ്ങളുടെ ഒന്നാമത്തെ ശത്രുവായ മുസ്‌ലിങ്ങളെ ഉന്മൂലനം ചെയ്യുക, അതിനുശേഷം ക്രിസ്ത്യാനികളെ ലക്ഷ്യം വെക്കുക എന്നതാണ് സംഘപരിവാർ തന്ത്രം. കാസ ആ തന്ത്രത്തിന് ഇരയാവുകയോ അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് കൂട്ടുനിൽക്കുകയോ ചെയ്യുകയാണ്.
അഭിഭാഷകയുടെ കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ വന്നു. അത്തരത്തില്‍ ഈ വിവാദത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെയോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ ഇടപെടല്‍ ഉള്ളതായി തോന്നുന്നുണ്ടോ?
ശ്രീജ നെയ്യാറ്റിന്‍കര
തീര്‍ച്ചയായിട്ടും. കോണ്‍ഗ്രസ്സിന്റെ ഇടപെടല്‍ ഈ വിവാദത്തിന് പിന്നില്‍ ഉണ്ട് എന്ന് എനിക്ക് ആദ്യമൊന്നും തോന്നിയില്ല. ഇതൊരു സംഘപരിവാര്‍ പദ്ധതിയായി തന്നെയാണ് മനസിലാക്കിയത്. കൂടെ കാസയെപ്പോലുള്ളവരുടെ ഇടപെടലും ഉറപ്പിച്ചിരുന്നു.
എന്നാല്‍ അഭിഭാഷകയുടെ ഇടപെടല്‍ തീര്‍ച്ചയായിട്ടും കോണ്‍ഗ്രസിന്റെ ഇതിലുള്ള പങ്ക് സംശയിപ്പിക്കുന്നതാണ്. ‘എന്ത് പണി കൊടുക്കാന്‍ ‘എന്നുള്ളത് ഒരു ചോദ്യമല്ലേ? അങ്ങനെയല്ലല്ലോ ഒരു അഭിഭാഷക, ഒരു സ്‌കൂള്‍ മാനേജ്‌മെന്റ് അഭിഭാഷക ഈ പ്രശ്‌നത്തെ സമീപിക്കേണ്ടത്.
അപ്പോള്‍ അതിനകത്ത് രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ചില സാധ്യതകള്‍ ഉണ്ട്. കാരണം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇലക്ഷന്‍ ആണ് മുന്നിലുള്ളത്. അപ്പോള്‍ ഇങ്ങനെ ഒരു ഒരു പോളറൈസേഷന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടാവാം.
പക്ഷേ ആര് അങ്ങനെ ഒരു പോളറൈസേഷന്‍ ആഗ്രഹിച്ചിരുന്നാലും അതിന്റെ ഗുണഫലം കിട്ടുക കോണ്‍ഗ്രസിനല്ല. അത് സംഘപരിവാറിന് മാത്രമായിരിക്കും. ബി.ജെ.പിക്ക് മാത്രമായിരിക്കും. അത് മനസ്സിലാക്കി കോണ്‍ഗ്രസ് ഇത്തരം വിഷയങ്ങളില്‍ നിന്ന് പിന്മാറുകയാണ് വേണ്ടത്.