Malayalam Cinema
പക്കാ നാടക ടൈപ്പ് പടം, 25 കൊല്ലം മുമ്പായിരുന്നെങ്കില്‍ ഹിറ്റായേനെ; ഒ.ടി.ടിയിലെത്തിയതും പള്ളിച്ചട്ടമ്പിയെ കീറിമുറിച്ച് സോഷ്യല്‍ മീഡിയ
തിയേറ്ററില്‍ റിലീസ് ചെയ്ത് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ് ടൊവിനോ നായകനായ പള്ളിച്ചട്ടമ്പി. ഈ വര്‍ഷം പലരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം തിയേറ്ററില്‍ വേണ്ടത്ര വിജയമായിരുന്നില്ല. വിഷു റിലീസായെത്തിയ പള്ളിച്ചട്ടമ്പി ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെയാണ് കളംവിട്ടത്. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തു.
സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്റര്‍ റിലീസ് സമയത്ത് കേട്ട അതേ അഭിപ്രായങ്ങള്‍ തന്നെയാണ് ഒ.ടി.ടിയിലെത്തിയ ആദ്യദിവസം തന്നെ പള്ളിച്ചട്ടമ്പിക്ക് ലഭിക്കുന്നത്. 1960കളില്‍ കേരളത്തിലെ വിമോചന സമരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ആ കാലഘട്ടം നന്നായി പുനസൃഷ്ടിച്ചെങ്കിലും കഥയിലെ പാളിച്ചയാണ് പള്ളിച്ചട്ടമ്പിയെ പിന്നോട്ടുവലിച്ചത്.

1960കളില്‍ നടക്കുന്ന കഥയ്ക്ക് 1990കളിലെ തിരക്കഥയാണ് എഴുത്തുകാരന്‍ ഒരുക്കിയതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ടി.എസ്. സുരേഷ്ബാബുവിന്റെ സ്‌ക്രിപ്റ്റ് ഒരിടത്തുപോലും പിടിച്ചിരുത്തുന്നില്ലെന്നും അങ്ങേയറ്റം ക്ലീഷേയാണെന്നും കമന്റുകളുണ്ട്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയിലെ ഡയലോഗുകള്‍ നാടക ടൈപ്പാണെന്നും ചിലര്‍ പരിഹസിക്കുന്നു. 25 വര്‍ഷം മുമ്പ് ഇറങ്ങിയിരുന്നെങ്കില്‍ സൂപ്പര്‍ഹിറ്റായേനെയെന്നും കമന്റുകളുണ്ട്.
കൃഷ്ണപിള്ള/ ക്രിസ്റ്റഫര്‍ എന്ന കഥാപാത്രത്തിനായി ടോവിനോ നല്‍കിയ ഡെഡിക്കേഷനും അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയും മാത്രമാണ് സിനിമയിലെ ഏറ്റവും വലിയ പോസിറ്റീവെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു. ജന ഗണ മനക്ക് ശേഷം ഡിജോ ജോസ് ആന്റണിക്ക് പഴയ മാജിക് ആവര്‍ത്തിക്കാനാകുന്നില്ലെന്നും കമന്റുകളുണ്ട്.

നായികയായെത്തിയ കയദു ലോഹറിനും ട്രോളുകളുണ്ട്. ഡയലോഗ് ഒരുവഴിക്ക് പോകുമ്പോള്‍ ലിപ് സിങ്ക് വേറൊരു വഴിക്ക് പോവുകയാണെന്നുമാണ് ട്രോളുകള്‍. കാട്ടുചെമ്പകം എന്ന പാട്ട് പോലും സിനിമയില്‍ അനാവശ്യമായിരുന്നെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു. കയദുവിന്റെ കഥാപാത്രം മരിച്ചപ്പോള്‍ കിട്ടിയ ആശ്വാസം ചെറുതല്ലെന്നും കമന്റുകളുണ്ട്.
വലിയ ബില്‍ഡപ്പില്‍ കൊണ്ടുവന്ന പൃഥ്വിയുടെ കുഞ്ഞമ്പു നമ്പ്യാറിന്റെ സെക്കന്‍ഡ് ലുക്ക്, ജോണി ആന്റണിയുടെ റേപ്പ് ജോക്ക്, ഉമ്മന്‍ ചാണ്ടിയെ വെളുപ്പിക്കാന്‍ കുത്തിക്കയറ്റിയ സീന്‍ എന്നിവ വരുംദിവസങ്ങളില്‍ ട്രോള്‍ മെറ്റീരിയലാകുമെന്ന് ഉറപ്പാണ്. തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ ഈ സീനുകള്‍ പലരും ചര്‍ച്ചയാക്കിയിരുന്നു.
Content Highlight: Pallichattambi getting bad response after OTT release
അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം