പാലത്തായി കേസ്: നടന്നത് യഥാർഥ ഒത്തുകളി; സർക്കാർ മറുപടി പറയണം :പി. ജയരാജൻ
Kerala
പാലത്തായി കേസ്: നടന്നത് യഥാർഥ ഒത്തുകളി; സർക്കാർ മറുപടി പറയണം :പി. ജയരാജൻ
ശ്രീലക്ഷ്മി പി.പി
Saturday, 22nd August 2026, 4:39 pm

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ബി.ജെ.പി നേതാവും അധ്യാപകനുമായ കെ. പത്മരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ച സംഭവത്തിൽ പ്രോസിക്യൂഷനെതിരെ ഗുരുതര ഒത്തുകളി ആരോപണവുമായി സി.പി.ഐ(എം) നേതാവ് പി. ജയരാജൻ.

പ്രതിഭാഗവുമായി ചേർന്ന് പ്രോസിക്യൂഷൻ നടത്തിയ വീഴ്ചകളാണ് ഈ കോടതിവിധിയിലേക്ക് നയിച്ചതെന്ന സംശയം ബലപ്പെടുകയാണെന്നും ഇക്കാര്യത്തിൽ സർക്കാർ ശക്തമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

അതിജീവിതയുടെയും കുടുംബത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിലും കോടതി നിർദേശങ്ങൾ പാലിക്കുന്നതിലും പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചോ എന്നതിൽ വ്യക്തത വരണമെന്ന് പി. ജയരാജൻ വ്യക്തമാക്കി. പെൺകുട്ടിയുടെ കുടുംബം തന്നെ ഇത്തരം ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്നും അതിനാൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2020 ഏപ്രിലിൽ ആണ് പത്മരാജൻ അറസ്റ്റിലായത്. എന്നാൽ തുടക്കത്തിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച ഭാഗിക കുറ്റപത്രത്തിൽ പോക്സോ വകുപ്പുകൾ ഒഴിവാക്കിയത് വലിയ രാഷ്ട്രീയ–സാമൂഹിക പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. തുടർന്ന് അന്വേഷണ സംഘത്തെ മാറ്റുകയും പ്രത്യേക സംഘം ശാസ്ത്രീയ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അന്തിമ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

തലശ്ശേരി അതിവേഗ പോക്സോ കോടതി പ്രതി കെ. പത്മരാജൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജീവിതാവസാനം വരെ തടവും പിഴയും ശിക്ഷയായി വിധിക്കുകയും ചെയ്തു.

എന്നാൽ,വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ പത്മരാജൻ നൽകിയ അപ്പീൽ ഹരജി പരിഗണിച്ച ഹൈക്കോടതി, ശിക്ഷ മരവിപ്പിച്ച് അദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

കേസിന്റെ ആദ്യഘട്ടത്തിൽ സി.പി.ഐ(എം) ഒത്തുകളിക്കുന്നു എന്ന് വ്യാജ പ്രചാരണം നടത്തിയവർക്കുള്ള മറുപടിയായിരുന്നു വിചാരണക്കോടതിയിലെ ജീവപര്യന്തം ശിക്ഷയെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അന്ന് കെ.കെ. ശൈലജ ടീച്ചർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പാർട്ടിയും അതിജീവിതയ്ക്കൊപ്പം ഉറച്ചുനിന്നാണ് വിചാരണ പൂർത്തിയാക്കി ശിക്ഷ വാങ്ങിക്കൊടുത്തത്. എന്നാൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് യഥാർത്ഥ ഒത്തുകളിയാണെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

അപ്പീൽ നടപടികളിൽ പ്രഗത്ഭരായ നിയമസംഘത്തെ നിയോഗിച്ച് സർക്കാർ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്നും യു.ഡി.എഫിന്റെ രാഷ്ട്രീയ താല്പര്യങ്ങൾ ഒരു കുട്ടിയുടെ നീതിയെക്കാൾ വലുതല്ലെന്നും പോസ്റ്റിൽ പറയുന്നു.

മുൻപ് സർക്കാരിനെതിരെ വ്യാജപ്രചാരണം നടത്തിയ മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ഇപ്പോഴത്തെ പ്രോസിക്യൂഷൻ വീഴ്ചയിലും ഒത്തുകളിയിലും എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും, പ്രതികരണങ്ങൾ വെറും പേരിന് മാത്രമായാൽ ഇവരുടെ തനിനിറം ജനങ്ങൾ തിരിച്ചറിയുമെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.

Content Highlight:Palathayi case: What happened was a clear case of collusion; the government must answer: P. Jayarajan.

 

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.