പാലത്തായി കേസ്: പത്മരാജന് ജാമ്യം ലഭിച്ചത് യു.ഡി.എഫ് സർക്കാരിന്റെ ഒത്തുകളിയെന്ന് സി.പി.ഐ.എം
Kerala
പാലത്തായി കേസ്: പത്മരാജന് ജാമ്യം ലഭിച്ചത് യു.ഡി.എഫ് സർക്കാരിന്റെ ഒത്തുകളിയെന്ന് സി.പി.ഐ.എം
കെ.എസ് ഷാബിന
Saturday, 22nd August 2026, 8:08 am

കണ്ണൂർ: പാലത്തായി പോക്സോ കേസിലെ പ്രതി കെ. പത്മരാജന് ജാമ്യം ലഭിച്ചത് യു.ഡി.എഫ് സർക്കാരിന്റെ ഒത്തുകളിയിലൂടെയാണെന്ന് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു. പ്രോസിക്യൂഷൻ കേസ് ലാഘവത്തോടെ കൈകാര്യം ചെയ്തതിന്റെ ഫലമാണ് ജാമ്യമെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിവുകൾ ശേഖരിച്ച് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി പത്മരാജന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതെന്നും രാഗേഷ് പറഞ്ഞു.

എന്നാൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി മാസങ്ങൾക്കുള്ളിൽ പ്രോസിക്യൂഷന്റെ ഒത്തുകളിയിലൂടെ പ്രതിക്ക് ജാമ്യം ലഭിച്ചെന്നാണ് സി.പി.ഐ.എമ്മിന്റെ ആരോപണം. പ്രതിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്കും സർക്കാരിനും ഒഴിഞ്ഞുമാറാനാകില്ലെന്നും രാഗേഷ് പറഞ്ഞു.

അതേസമയം, പാലത്തായി പോക്സോ കേസിൽ പത്മരാജന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

കുട്ടിയുടെ മൊഴികളിൽ വൈരുധ്യങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വൈദ്യപരിശോധനാ റിപ്പോർട്ടിലെ വൈരുധ്യങ്ങളും കോടതി പരിഗണിച്ചു. മൂന്ന് അന്വേഷണ സംഘങ്ങൾ വ്യത്യസ്ത നിഗമനങ്ങളിലാണ് എത്തിയതെന്നും കോടതി വിലയിരുത്തി.

ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് ജാമ്യവ്യവസ്ഥ. കുട്ടി താമസിക്കുന്ന ജില്ലയിൽ പ്രവേശിക്കരുതെന്നും കേസിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റ് മാധ്യമങ്ങളിലൂടെയോ പ്രതികരിക്കരുതെന്നും കോടതി നിർദേശിച്ചു.

2020 ജനുവരിയിൽ കണ്ണൂർ പാലത്തായിയിലെ നാലാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിലും പുറത്തും വെച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് പത്മരാജനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ബി.ജെ.പി പ്രാദേശിക നേതാവായിരുന്ന പത്മരാജന് പിന്നീട് തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

കോടതി നടപടികളുമായി ബന്ധപ്പെട്ട് അതിജീവിതയുടെ കുടുംബം പ്രോസിക്യൂഷനെതിരെ ഗൂഢാലോചന ആരോപണം ഉന്നയിച്ച് ദിവസങ്ങള്‍ക്കുള്ളില് ആണ് കോടതി വിധി വന്നത്.

Content Highlight: Palathayi Case: CPM Alleges Collusion by UDF Government in Granting Bail to Padmarajan

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.