പാലാരിവട്ടം പാലം: തുടക്കം മുതല്‍ ഒടുക്കം വരെ; കഥ മുഴുവന്‍
അന്ന കീർത്തി ജോർജ്

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ക്കും രാഷട്രീയ ചര്‍ച്ചകള്‍ക്കും ഒടുവില്‍ ഇതാ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിലേക്കും വരെ നയിച്ച ഒരു പാലം. പാലാരിവട്ടം പാലം. കഴിഞ്ഞ വര്‍ഷങ്ങളിലായി യു.ഡി.എഫ് സര്‍ക്കാരിനെതിരെ എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടിയ ഏറ്റവും വലിയ അഴിമതിക്കേസായിരുന്നു പാലാരിവട്ടം പാലത്തിന്റേത്. 2014ല്‍ തുടങ്ങിയ പാലം പണി മുതല്‍ ഇപ്പോള്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അറസ്റ്റ് വരെ എത്തിനില്‍ക്കുന്ന പാലാരിവട്ടം പാലം അഴിമതി കേസിന്റെ നാള്‍വഴികള്‍ പരിശോധിക്കുകയാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതകുരുക്ക് നേരിടുന്ന നഗരങ്ങളിലൊന്നായ കൊച്ചിയില്‍ പാലം വേണമെന്ന ആവശ്യം വര്‍ഷങ്ങളായി പ്രദേശവാസികള്‍ ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് 2014ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്.

കേരളാ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലായിരുന്നു പാലത്തിന്റെ നിര്‍മ്മാണം. ആര്‍.ഡി.എസ് പ്രോജക്ടിനെയായിരുന്നു കോര്‍പ്പറേഷന്‍ നിര്‍മ്മാണച്ചുമതല ഏല്‍പ്പിച്ചത്. സര്‍ക്കാര്‍ സ്ഥാപനമായിരുന്ന കിറ്റ്‌കോയായിരുന്നു പദ്ധതിയിലെ കണ്‍സള്‍ട്ടന്റ്. പാലത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയത് ബെംഗളുരു ആസ്ഥാനമായ നാഗേഷ് കണ്‍സള്‍ട്ടന്‍സിയും.

2014 സെപ്റ്റംബര്‍ 1ന് 442 മീറ്റര്‍ നീളമുള്ള പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രണ്ട് വര്‍ഷവും ഒരു മാസവുമെടുത്താണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. 42 കോടിയായിരുന്നു പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണച്ചെലവ്.

2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയും മെയ് മാസത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. പിന്നീട് അതേവര്‍ഷം ഒക്ടോബറില്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഒക്ടോബര്‍ 12നായിരുന്നു പാലം തുറന്നുകൊടുത്തത്. തെരഞ്ഞെടുപ്പ് തോറ്റെങ്കിലും പാലാരിവട്ടം പാലം യു.ഡി.എഫ് സര്‍ക്കാരിന്റെ അഭിമാനപദ്ധതികളിലൊന്നായി തുടര്‍ന്നു.

പാലാരിവട്ടം ചര്‍ച്ചയാകാന്‍ തുടങ്ങുന്നത് 2017 മുതലാണ്. 2016 ഒക്ടോബറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത പാലത്തില്‍ ഒരു വര്‍ഷമാകുമ്പോഴേക്കും കുഴികള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. 2017 ജൂലൈയില്‍ പാലാരിവട്ടം സ്വദേശി കെ.വി ഗിരിജന്‍ പാലത്തിലെ തകരാറുകളെകുറിച്ച് ഇപ്പോഴത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് പരാതി നല്‍കി.

തുടര്‍ന്ന് പാലത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു. അപ്പോഴേക്കും പാലത്തിലെ കുഴികള്‍ രാഷ്ട്രീയ ചര്‍ച്ചക്ക് മുതല്‍ പഞ്ചവടിപ്പാലം ട്രോളുകള്‍ക്ക് വരെ കളമൊരുക്കാന്‍ തുടങ്ങിയിരുന്നു.

കേരളാ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനോടായിരുന്നു അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടത്. സ്പാനിന് അടിയിലുള്ള ബെയറിംഗിനുണ്ടായ തകരാര്‍ മൂലം താല്‍ക്കാലിക താങ്ങ് നല്‍കിയിട്ടുണ്ടെന്നും പ്രശ്‌നമൊന്നുമില്ലെന്നുമായിരുന്നു കോര്‍പ്പറേഷന്‍ അന്വേഷണം നടത്തി വിശദീകരണം നല്‍കിയരുത്.

ഒരു വര്‍ഷത്തിന് ശേഷം 2018 സെപ്റ്റംബറില്‍ പാലത്തില്‍ ആറിടത്ത് ഗുരുതരമായവിള്ളല്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ഉയര്‍ന്നു.

2019 മാര്‍ച്ച് 27ന് മദ്രാസ് ഐ.ഐ.ടി പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന് പിന്നാലെയാണ് പാലാരിവട്ടം പാലം അഴിമതിയെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളും ഔദ്യോഗിക അന്വേഷണവും ആരംഭിക്കുന്നത്.

ഡിസൈനിലെ പോരായ്മ, അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ഗര്‍ഡറുകള്‍ക്കു താഴേക്കു വലിച്ചില്‍, തൂണുകളുടെ ബെയറിങ്ങുകളുടെ തകരാര്‍, ആവശ്യത്തിന് സിമന്റും കമ്പിയും ഉപയോഗിക്കാതെയുള്ള നിര്‍മാണം എന്നിവയാണ് തകര്‍ച്ചയ്ക്കു കാരണമായി ഐ.ഐ.ടി ആദ്യം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നത്.

പിന്നീട് ദ്രുതഗതിയില്‍ നടപടികളുണ്ടായി. 2019 മെയ് മാസത്തില്‍ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. നിര്‍മ്മാണ പദ്ധതികളില്‍ ആദ്യ 3 വര്‍ഷമുണ്ടാകുന്ന അപാകതകള്‍ കരാറുകാരന്റെ ചെലവില്‍ തീര്‍ക്കണമെന്ന കരാര്‍ പ്രകാരം ആര്‍.ഡി.എസ് പ്രോജക്ട്‌സ് തന്നെ പുനരുദ്ധാരണ പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ അതില്‍ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി ഇ.ശ്രീധരനെ കൂടുതല്‍ പരിശോധനയ്ക്കായി ചുമതലപ്പെടുത്തി.

ഇതേ സമയത്ത് തന്നെ വിജിലന്‍സ് അന്വേഷണവും തുടങ്ങി. 2019 മെയ് 29 ന് പാലം നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട് വന്നു. 2019 ജൂണ്‍ 4 ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുകയും 17 പേര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. പാലത്തിന്റെ നിര്‍മ്മാണ കരാറെടുത്ത ആര്‍.ഡി.എസ് പ്രോജക്ട്‌സിന്റെ എം.ഡി. സുമിത് ഗോയലിനെ ഒന്നാംപ്രതിയാക്കാനായിരുന്നു ശുപാര്‍ശ.

2019 ജൂലൈ 4ന് ഇ ശ്രീധരന്റെ നേതൃത്വത്തിലുളള വിദഗ്ധ സംഘം പാലത്തിന്റെ പരിശോധന നടത്തി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ പ്രധാന പോയിന്റുകളിലേക്ക്, പാലം ഡിസൈന്‍ ചെയ്ത ഘട്ടം മുതല്‍ വീഴ്ചയുണ്ടായി, 102 ആര്‍.സി.സി ഗര്‍ഡറുകളില്‍ 97 എണ്ണത്തിലും വിളളല്‍.
19 സ്പാനുകളില്‍ പതിനേഴും മാറ്റണം, 18 പിയര്‍ ക്യാപ്പില്‍ 16 എണ്ണം മാറ്റണം, 3 എണ്ണം അങ്ങേയറ്റം അപകടനിലയില്‍, സ്പാനിനും തൂണിനുമിടയില്‍ ഉപയോഗിച്ച ലോഹ ബെയറിംഗുകള്‍ മേന്മയില്ലാത്തത്, തൂണുകള്‍ക്ക് മുകളിലെ പിയറിനും ക്യാപ്പിനും ബലക്ഷയമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

നിര്‍മ്മാണഘട്ടത്തില്‍ പ്രതീക്ഷിച്ചതിന്റെ നാലിലൊന്നായി പാലത്തിന്റെ ആയുസ്സ് കുറഞ്ഞെന്നും 20 വര്‍ഷം മാത്രമേ പാലം നിലനില്‍ക്കുയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ ഇ ശ്രീധരന്‍ പറഞ്ഞു. അതേസമയം കാര്യമായ അറ്റകുറ്റപ്പണി പാലത്തിന് നടത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറ്റകുറ്റപ്പണികള്‍ക്കായി 18.71 കോടി രൂപ ചെലവ് വരുമെന്നും അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു.

ഡിസൈനിലെ പാളിച്ചകള്‍ കിറ്റ്‌കോ ഒരുഘട്ടത്തിലും ശ്രദ്ധിച്ചില്ലെന്നും ഇ. ശ്രീധരന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പാലാരിവട്ടം കൂടാതെ കിറ്റ്‌കോയുടെ 2011 മുതലുളള എല്ലാ പദ്ധതികളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2019 ഓഗസ്റ്റ് 30ന് പാലാരിവട്ടം പാലം ക്രമക്കേടില്‍ മുന്‍ പി.ഡബ്ല്യു.ഡി സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പാലം പണിത നിര്‍മാണക്കമ്പനിയായ ആര്‍.ഡി.എസ് പ്രോജക്ട്‌സിന്റെ എം ഡി സുമീത് ഗോയല്‍, കിറ്റ്‌കോയുടെ മുന്‍ എം.ഡി ബെന്നി പോള്‍, ആര്‍.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന്‍ എന്നിവരും അറസ്റ്റിലായി. ഇവരെ സെപ്റ്റംബര്‍ 19 വരെ വിജിലന്‍സ് കോടതി റിമാന്റ് ചെയ്തു. സൂരജടക്കമുള്ളവര്‍ മൂവാറ്റുപുഴ സബ് ജയിലിലാവുകയും ചെയ്തു.

2019 സെപ്റ്റംബര്‍ 17ന് പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് ടി ഒ സൂരജ് ഹൈക്കോടതിയില്‍ പറഞ്ഞു. കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുന്‍കൂര്‍ നല്‍കാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രി തന്നെയെന്ന് സൂരജ് ഹൈക്കോടതിയെ അറിയിച്ചു. കേസിലെ മുഖ്യപ്രതിതന്നെ ഇക്കാര്യം വെളിപ്പെടുത്തിയതോടെ പിന്നീട് അന്വേഷണം ഇബ്രാഹിം കുഞ്ഞിനെ കേന്ദ്രീകരിച്ചായി.

സൂരജിന്റേതടക്കമുള്ളവരുടെ മൊഴിയുടെയും ഇടപാടുകളുടെ രേഖകളടക്കമുള്ള തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇബ്രാഹിം കുഞ്ഞിനെ കേസില്‍ പലതവണ ചോദ്യം ചെയ്തു. വീട്ടില്‍ റെയ്ഡ് നടത്തി. മുന്‍കൂര്‍ പണം നല്‍കിയത് ഭരണപരമായ നടപടിക്രമമാണെന്നും തനിക്കല്ല അതിന്റെ ഉത്തരവാദിത്തമെന്നുമായിരുന്നു സൂരജിന്റെ ആരോപണങ്ങളോട് ഇബ്രാഹിം കുഞ്ഞിന്റെ പ്രതികരണം. വിജിലന്‍സിന്റെ ചോദ്യങ്ങള്‍ക്ക് മുന്‍മന്ത്രി വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണമുയര്‍ന്നു.

എന്നാല്‍ അഴിമതിയില്‍ മന്ത്രിയുടെ പങ്കിനെകുറിച്ച് ആരോപണമുയര്‍ന്നതിന് അഞ്ച് മാസങ്ങള്‍ക്ക് ശേഷം 2020 മാര്‍ച്ചില്‍ പാലാരിവട്ടം പാലം കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അഞ്ചാം പ്രതിയായി ചേര്‍ത്തു.

പാലാരിവട്ടം മേല്‍പ്പാലം പൂര്‍ണ്ണമായും പൊളിച്ച് പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇ.ശ്രീധരനെയാണ് നിര്‍മ്മാണച്ചുമതല ഏല്‍പ്പിച്ചത് ‘ഒരു വര്‍ഷത്തിനകം പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. പുതുക്കി പണിയുന്ന പാലത്തിന്റെ ഡിസൈനുകള്‍ തയ്യാറായിക്കഴിഞ്ഞു. പാലത്തിന്റെ ഫൗണ്ടേഷന്‍ പൊളിക്കേണ്ടതില്ല. പിയറുകളും, പിയര്‍ ക്യാപുകളും ശക്തിപ്പെടുത്തുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

ഇതിനിടയില്‍ പാലാരിവട്ടം പാലത്തിന്റെ ഭാര പരിശോധന നടത്തിയ ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് ഹൈക്കോടതി ഉത്തരവ് നല്‍കി. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് പാലം പണിയുമായി മുന്നോട്ട് പോകാനുള്ള അനുമതിയും നല്‍കി. പാലം പുതുക്കിപ്പണിതാല്‍ 100 വര്‍ഷം വരെ ആയുസ്സുണ്ടാകുമെന്നും അതേസമയം അതില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ 20 വര്‍ഷം മാത്രമേ ആയുസ്സ് കാണുകയുള്ളു എന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.

2020 സെപ്റ്റംബറില്‍ പാലാരിവട്ടം പാലം പൊളിക്കാന്‍ തുടങ്ങി. എട്ട് മാസം കൊണ്ട് നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാമെന്നാണ് പാലാരി വട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ഡി.എം.ആര്‍.സി വ്യക്തമാക്കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിയാണ് പാലം പൊളിച്ചുമാറ്റുന്നത്. പാലം പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന കോണ്‍ക്രീറ്റ് വേസ്റ്റ് കടല്‍ഭിത്തി നിര്‍മ്മാണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ പണം നല്‍കേണ്ടതില്ലെന്ന് ശ്രീധരന്‍ അറിയിച്ചിരുന്നു. കൊച്ചിയില്‍ ഡി.എം.ആര്‍.സി പണിത മെട്രോയുടെ നാല് പാലങ്ങളുടെ എസ്റ്റിമേറ്റ് തുകയിലും ചുരുങ്ങിയ തുകയില്‍ പണി തീര്‍ക്കാന്‍ സാധിച്ചതിനാല്‍ 17.4 കോടി രൂപ ബാങ്കിലുണ്ടെന്നും ഇത് വെച്ച് പണി നടത്താമെന്നുമായിരുന്നു ഇ ശ്രീധരന്‍ പറഞ്ഞത്.

പാലം പൊളിക്കലും പുനര്‍നിര്‍മ്മാണവും ആരംഭിച്ചിരിക്കുന്ന ഘട്ടത്തിലാണ് യു.ഡി.എഫ് മന്ത്രിയും ലീഗ് നേതാവുമായ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് കോണ്‍ഗ്രസും ലീഗും ആരോപണം ഉയര്‍ത്തിക്കഴിഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വൈകിയതിന് പിന്നില്‍ കോണ്‍ഗ്രസ് – സി.പി.ഐ.എം ഒത്തുക്കളിയാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. തദ്ദേശതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ സാഹചര്യത്തില്‍ പാലാരിവട്ടം പാലം ഒരിക്കല്‍ കൂടി സുപ്രധാന രാഷ്ട്രീയചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Palaraivattom Flyover Corruption Case full story Explained

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.