ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി ആതിഥേയരായ പാകിസ്ഥാന്‍. ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 22 റണ്‍സിനാണ് പാകിസ്ഥാന്‍ കങ്കാരുക്കളെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 168 റണ്‍സായിരുന്നു സ്വന്തമാക്കിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഓസീസിന് എട്ട് വിക്കറ്റ് നഷ്ട്ത്തില്‍ 146 റണ്‍സ് മാത്രമാണ് നേടാനായത്.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ 1-0ന് മുന്നിലെത്താന്‍ പാകിസ്ഥാന് സാധിച്ചിരിക്കുകയാണ്.
ഫെബ്രുവരിയില്‍ വരാനിരിക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായ നിര്‍ണായക മത്സരത്തിലാണ് ട്രാവിസ് ഹെഡ്ഡിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഓസീസ് വമ്പന്മാരുടെ തോല്‍വി.
2018ന് ശേഷമുള്ള നാല് ടി-20 പരമ്പരയിലും പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഓസീസിന്, നിര്‍ണായക പരമ്പരയില്‍ തുടക്കം പിഴച്ചത് ചര്‍ച്ചയാകകുകയാണ്. ഇതോടെ ഓസ്‌ട്രേലിയയുടെ വിന്നിങ് സ്ട്രീക്കിന് വിരാമമിടാനും പാകിസ്ഥാന് സാധിച്ചേക്കും.
അതേസമയം മത്സരത്തില്‍ പാകിസ്ഥാന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിത് 22 പന്തില്‍ 40 റണ്‍സ് നേടിയ ഓപ്പണര്‍ സയിം അയൂബാണ്. രണ്ട് സിക്‌സും മൂന്ന് ഫോറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. താരത്തിന് പുറമെ 27 പന്തില്‍ 37 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയും മികച്ചുനിന്നു. നാലാം സ്ഥാനത്ത് ഇറങ്ങിയ ബാബര്‍ അസം 20 പന്തില്‍ 24 റണ്‍സും അക്കൗണ്ടിലാക്കി.
ഓസീസിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ആദം സാംപയാണ്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മാത്രമല്ല മഹ്‌ലി ബിയേഡ് മാന്‍, സേവിയര്‍ ബാര്‍ട്‌ലറ്റ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും നേടി.
മറുപടി ബാറ്റിങ്ങില്‍ തുടക്കത്തിലെ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായിരുന്നു സംഭവിച്ചത്. മാറ്റ് ഷോട്ടിനെ അഞ്ച് റണ്‍സിനാണ് ടീമിന് നഷ്ടമായത്. എന്നാല്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ ട്രാവിസ് ഹെഡ്ഡിനും 23ന് കൂടാരം കയറേണ്ടി വന്നു. 36 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. സേവിയര്‍ ബാര്‍ട്ട്‌ലെറ്റ് 34 റണ്‍സ് നേടി പുറത്താകാതെ നിന്നെങ്കിലും ഓസീസിന് വിജയിക്കാനായില്ല.
Content Highlight: Pakistan Won First T20 Match In Five match Series Against Australia Ahead T20 World Cup