രക്ഷകനായി ഫഖര്‍ സമാനും ഉസ്മാന്‍ ഖാനും; സിംബാബ്‌വേയെ തകര്‍ത്ത് പാകിസ്ഥാന്‍
Cricket
രക്ഷകനായി ഫഖര്‍ സമാനും ഉസ്മാന്‍ ഖാനും; സിംബാബ്‌വേയെ തകര്‍ത്ത് പാകിസ്ഥാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 18th November 2025, 10:36 pm

2025 പാകിസ്ഥാന്‍ ടി-20 ട്രൈ നാഷന്‍ പരമ്പരയില്‍ സിംബാബ്‌വേയെ തകര്‍ത്ത് പാകിസ്ഥാന്‍. റാവല്‍ പിണ്ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പാകിസ്ഥാന്‍ വിജയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സായിരുന്നു നേടിയത്.

മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടി പാകിസ്ഥാന്‍ വിജയം സ്വന്തമാക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാനെ തുടക്കത്തില്‍ വലിയ സമ്മര്‍ദത്തില്‍ ആക്കിയെങ്കിലും ഫഖര്‍ സമാനും ഉസ്മാന്‍ ഖാനും നടത്തിയ മികച്ച പ്രകടനത്തിലാണ് ടീം വിജയത്തിലെത്തിയത്.

സമാന്‍ 32 പന്തില്‍ നിന്ന് രണ്ട് ഫോറും രണ്ട് സിക്‌സും അടക്കം 44 റണ്‍സ് ആണ് നേടിയത്. ഉസ്മാന്‍ പുറത്താകാതെ 28 പന്തില്‍ നിന്ന് മൂന്ന് ഫോര്‍ ഉള്‍പ്പെടെ 37 റണ്‍സും സ്വന്തമാക്കി. അവസാനഘട്ടത്തില്‍ മുഹമ്മദ് നവാസ് 12 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 21 റണ്‍സ് നേടി മികവു പുലര്‍ത്തി.

ഓപ്പണര്‍ സഹിബ്‌സാദാ ഫര്‍ഹാന്‍ 16 റണ്‍സിനും സയിം അയ്യൂബ് 22 റണ്‍സിനും നേരത്തെ പുറത്തായി. മൂന്നാമനായി ഇറങ്ങിയ സൂപ്പര്‍ താരം ബാബര്‍ അസമിനെ പൂജ്യം റണ്‍സിനാണ് സിംബാബ്‌വേ പറഞ്ഞയച്ചത്. എല്‍.ബി.ഡബ്ല്യൂവിലൂടെ ബ്രാഡ് ഇവന്‍സിനാണ് ബാബറിന്റെ വിക്കറ്റ്.

പാകിസ്ഥാന് വേണ്ടി നാലാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയെ ഒരു റണ്‍സിന് ടിനോട്ടെണ്ട മപ്പോസ പുറത്താക്കി. സിംബാബ്‌വേക്കുവേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ബ്രാഡ് ഇവന്‍സാണ്. രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. മാത്രമല്ല റിച്ചാര്‍ഡ് എന്‍ഗരാവ, ടിനോട്ടെണ്ട മപോസ, ഗ്രേമി ക്രെമര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

സിംബാബ്‌വേയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റാണ്. 36 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 49 റണ്‍സ് ആണ് താരം നേടിയത്. വെറും ഒരു റണ്‍സിനാണ് താരത്തിന് അര്‍ധസെഞ്ച്വറി നഷ്ടമായത്.

ഓപ്പണര്‍ തദവനാഷെ മരുമണി 22 പന്തില്‍ 30 റണ്‍സും നേടി. ഒരു സിക്‌സും മൂന്ന് ഫോറുമാടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 24 പന്തില്‍ ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 34 റണ്‍സ് നേടി പുറത്താകാതെയും നിന്നു.

പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി, സല്‍മാന്‍ മിര്‍സ, സയിം അയ്യൂബ്, ബ്രാര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. മുഹമ്മദ് നവാസ് രണ്ട് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനവും കാഴ്ചവെച്ചു.

Content Highlight: Pakistan Won Against Zimbabwe In  2025 Pakistan T20 Tri-Nation Series