വിജയത്തുടക്കവുമായി മെന്‍ ഇന്‍ ഗ്രീന്‍; അരങ്ങേറ്റത്തില്‍ പൊരുതിത്തോറ്റ് ഒമാന്‍
Sports News
വിജയത്തുടക്കവുമായി മെന്‍ ഇന്‍ ഗ്രീന്‍; അരങ്ങേറ്റത്തില്‍ പൊരുതിത്തോറ്റ് ഒമാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th September 2025, 11:41 pm

ഏഷ്യാ കപ്പില്‍ ഒമാനെ പരാജയപ്പെടുത്തി പാകിസ്ഥാന്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 93 റണ്‍സിനാണ് പാകിസ്ഥാന്റെ വിജയം. മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബറ്റിങ്ങിനിറങ്ങിയ ഒമാന് 16.4 ഓവറില്‍ 67 റണ്‍സിന് തകരുകയായിരുന്നു. ബൗളിങ്ങില്‍ പാകിസ്ഥാനെതിരെ മല്ലിട്ട് നിന്നെങ്കിലും ബാറ്റിങ്ങില്‍ അരങ്ങേറ്റക്കാര്‍ക്ക് പിഴയ്ക്കുകയായിരുന്നു.

ഒമാന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് 23 പന്തില്‍ 27 റണ്‍സ് നേടിയ ഹമ്മദ് മിര്‍സയാണ്. 13 റണ്‍സ് നേടിയ ആമിര്‍ കലീമാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. അതേസമയം പാകിസ്ഥാന് വേണ്ടി സുഫിയാന്‍ മഖീം, ഫഹീം അഷ്‌റഫ്, സയിം അയൂബ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി മികവ് പുലര്‍ത്തി. ഹീന്‍ അഫ്രീദി, അബ്രാര്‍ അഹമ്മദ്, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

അതേസമയം പാകിസ്ഥാന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഹാരിസാണ്. 43 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 66 റണ്‍സ് നേടിയാണ് താരം പുറത്തായത്. മറ്റാര്‍ക്കും ടീമിന് വേണ്ടി സിക്‌സര്‍ നേടാന്‍ സാധിച്ചില്ലായിരുന്നു. ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍ 29 പന്തില്‍ 29 റണ്‍സും നേടിയിരുന്നു.

ബാറ്റ് ചെയ്ത് സ്‌കോര്‍ ഉയര്‍ത്താമെന്ന് സ്വപ്‌നം കണ്ട പാകിസ്ഥാനെതിരെ വലിയ വെല്ലുവിളിയാണ് ഒമാന്‍ ഉയര്‍ത്തിയത്. ഇന്നിങ്‌സിലെ രണ്ടാം പന്തെറിഞ്ഞ ഫൈസല്‍ ഷാ ഓപ്പണര്‍ സയിം അയൂബിനെ ക്ലീന്‍ എല്‍.ബി.ഡബ്ല്യുവിലൂടെ കൂടാരം കയറ്റിയാണ് തുടങ്ങിയത്. ഗോള്‍ഡന്‍ ഡക്കായാണ് താരം കൂടാരത്തിലേക്ക് മടങ്ങിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പാകിസ്ഥാനെ സമ്മര്‍ദത്തിലാക്കാന്‍ ഒമാന് സാധിച്ചത് വലിയ വിജയമാണ്. ടൂര്‍ണമെന്റിലെ അരങ്ങേറ്റക്കാരായ ഒമാന്‍ തെറ്റുകള്‍ വരുത്തിയെങ്കിലും ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും മികവ് പുലര്‍ത്തി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

ഒമാന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ആമിര്‍ കലീമാണ്. 31 ഫണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മാത്രമല്ല 34 റണ്‍സ് വഴങ്ങിയ ഫൈസല്‍ ഷായ്ക്കും മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. മപഹമ്മദ് നദീമിന് ഒരു വിക്കറ്റും നേടാന്‍ സാധിച്ചു.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

സയിം അയൂബ്, സഹിബ്‌സാദ ഫര്‍ഹാന്‍, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, സുഫിയാന്‍ മുഖീം, അബ്രാ അഹമ്മദ്

ഒമാന്‍ പ്ലെയിങ് ഇലവന്‍

ജതീന്ദര്‍ സിങ് (ക്യാപ്റ്റന്‍), ആമിര്‍ കലീം, ഹമ്മദ് മിര്‍സ, വിനായക് ശുക്ല (വിക്കറ്റ് കീപ്പര്‍), ഹസ്‌നൈന്‍ ഷാ, മുഹമ്മദ് നദീം, ഫൈസല്‍ ഷാ, സക്രിയ ഇസ്‌ലാം, സുഫിയാന്‍ മെഹ്‌മൂദ്, ഷക്കീല്‍ അഹ്‌മദ്, സമയ് ശ്രീവത്സവ

Content Highlight: Pakistan Won Against Oman In First Game In Asia Cup 2025