നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഐ.സി.സി വക മുഖത്തടി; പാക് സൂപ്പര്‍ താരത്തിന് പണി കൊടുത്ത് ക്രിക്കറ്റ് കൗണ്‍സില്‍
Sports News
നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഐ.സി.സി വക മുഖത്തടി; പാക് സൂപ്പര്‍ താരത്തിന് പണി കൊടുത്ത് ക്രിക്കറ്റ് കൗണ്‍സില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 18th March 2025, 9:18 am

പെരുമാറ്റച്ചട്ടം ലംഘിട്ടതിന് പിന്നാലെ പാകിസ്ഥാന്‍ സൂപ്പര്‍ താരം ഖുഷ്ദില്‍ ഷായ്ക്ക് ശിക്ഷ വിധിച്ച് ഐ.സി.സി. പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ടി-20യിലെ സംഭവങ്ങള്‍ക്ക് പിന്നാലെ മാച്ച് ഫീയുടെ 50 ശതമാനമാണ് ഐ.സി.സി പിഴ വിധിച്ചത്.

ഖുഷ്ദില്‍ ഷാ ആര്‍ട്ടിക്കിള്‍ 2.12വിന്റെ ലംഘനം നടത്തിയെന്നാണ് ഐ.സി.സി കണ്ടെത്തിയിരിക്കുന്നത്. എതിര്‍ ടീമിലെ താരം, സപ്പോര്‍ട്ടിങ് സ്റ്റാഫ്, അംപയര്‍, മാച്ച് റഫറി അല്ലെങ്കില്‍ മറ്റാരെങ്കിലുമായോ (അന്താരാഷ്ട്ര മത്സരങ്ങളില്‍ കാണികളും) ഉണ്ടാകുന്ന അനുചിതമായ ഫിസിക്കല്‍ കോണ്‍ടാക്ടിനെ കുറിച്ചാണ് ഈ ആര്‍ട്ടിക്കള്‍ വ്യക്തമാക്കുന്നത്.

മാര്‍ച്ച് 16ന് നടന്ന പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് സംഭവം നടന്നത്. പാക് ഇന്നിങ്‌സിന്റെ എട്ടാം ഓവറില്‍ ഖുഷ്ദില്‍ ഷാ ന്യൂസിലാന്‍ഡ് താരം സാക്രി ഫോള്‍ക്‌സിന്റെ തോളില്‍ ഇടിക്കുകയായിരുന്നു.

ഇതിനെ ‘ഇന്‍അപ്രോപ്രിയേറ്റ് ഫിസിക്കല്‍ കോണ്‍ടാക്ട് വിത്ത് ഹൈ ഡിഗ്രീ ഓഫ് ഫോഴ്‌സ്’ (inappropriate physical contact with a high degree of force) എന്ന് കണക്കാക്കിയ ഐ.സി.സി ഇതിനെ അശ്രദ്ധയെന്നും ഒഴിവാക്കാന്‍ സാധിക്കുന്നതായിരുന്നു എന്നും വിലയിരുത്തി.

അമ്പയര്‍മാര്‍ക്കും മാച്ച് റഫറി ജെഫ് ക്രോവിനും മുമ്പാകെ ഷാ ഇക്കാര്യം അംഗീകരിച്ചതിനാല്‍ ഔദ്യോഗികമായ വാദങ്ങള്‍ ഉണ്ടാകില്ല.

മാച്ച് ഫീയുടെ 50 ശതമാനം പിഴയൊടുക്കുന്നതിനൊപ്പം താരത്തിന് മേല്‍ മൂന്ന് ഡീ മെറിറ്റ് പോയിന്റുകളും ചുമത്തപ്പെട്ടു. രണ്ട് വര്‍ഷത്തിനിടെ താരത്തിന്റെ പേരില്‍ ചുമത്തപ്പെടുന്ന ആദ്യ കുറ്റകൃത്യമാണിത്.

ഇനിയുള്ള 24 മാസത്തിനിടെ നാലോ അതിലധികമോ ഡീ മെറിറ്റ് പോയിന്റുകള്‍ ലഭിച്ചാല്‍ അത് സസ്‌പെന്‍ഷന്‍ പോയിന്റായി കണ്‍വേര്‍ട്ട് ചെയ്യും. രണ്ട് സസ്‌പെന്‍ഷന്‍ പോയിന്റ് ലഭിച്ചാല്‍ ഒരു ടെസ്റ്റില്‍ നിന്നോ രണ്ട് ഏകദിനങ്ങള്‍ നിന്നോ ടി-20യില്‍ നിന്നോ വിലക്ക് നേരിടേണ്ടി വരും. ഇതില്‍ ഏത് മാച്ചാണ് ആദ്യം നടക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും സസ്‌പെന്‍ഷന്‍.

അതേസമയം, പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ നിരാശാജനകമായ തോല്‍വിയേറ്റുവാങ്ങിയ പാകിസ്ഥാന്‍ പരമ്പരയിലൊപ്പമെത്താനുള്ള ശ്രമത്തിലാണ്. യൂണിവേഴ്‌സിറ്റി ഓവലില്‍ നടക്കുന്ന പരമ്പരയിലെ രണ്ടാം മത്സരം മോശം കാലാവസ്ഥ മൂലം 15 ഓവറായി ചുരുക്കിയിരുന്നു.

നിലവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് എന്ന നിലയിലാണ്.

 

Content highlight: Pakistan star Khushdil Shah penalized for breaching ICC Code of Conduct against New Zealand