ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി നടക്കുന്ന ട്രൈ നേഷന്‍സ് സീരിയില്‍ സൗത്ത് ആഫ്രിക്കയെ തകര്‍ത്ത് ആതിഥേയരായ പാകിസ്ഥാന്‍ ഫൈനലില്‍. കഴിഞ്ഞ ദിവസം നാഷണല്‍ സ്റ്റേഡിയം കറാച്ചിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്.
സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 353 റണ്‍സിന്റെ വിജയലക്ഷ്യം ആറ് വിക്കറ്റും ആറ് പന്തും ശേഷിക്കെ ആതിഥേയര്‍ മറികടക്കുകയായിരുന്നു. സല്‍മാന്‍ അലി ആഘാ, ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.
ഈ മത്സരത്തില്‍ പല ചരിത്ര റെക്കോഡുകളും പാകിസ്ഥാന്‍ സ്വന്തമാക്കി. തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ പല റെക്കോഡുകളും തകര്‍ത്താണ് പാക് പട വിജയവും ഫൈനല്‍ ബര്‍ത്തും സ്വന്തമാക്കി.
പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവുമയുര്‍ന്ന സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സിന്റെ റെക്കോഡാണ് ഇതില്‍ ആദ്യത്തേത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഒരു ടീം സ്വന്തമാക്കുന്ന സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സിന്റെ റെക്കോഡും കഴിഞ്ഞ ദിവസം കറാച്ചിയില്‍ കുറിക്കപ്പെട്ടു.
സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ പാകിസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍, ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവുയര്‍ന്ന രണ്ടാമത്തെ നാലാം വിക്കറ്റ് കൂട്ടുകെട്ട്, പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട്, കറാച്ചി സ്റ്റേഡിയത്തിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട് തുടങ്ങി പല റെക്കോഡുകളും റിസ്വാന്റെ പാകിസ്ഥാന്‍ സ്വന്തമാക്കി.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടി.
തുടര്‍ച്ചയായ നാലാം മത്സരത്തിലും 80+ സ്‌കോര്‍ നേടിയാണ് ക്ലാസന്‍ തന്റെ ക്ലാസ് വ്യക്തമാക്കിയത്. 86, 97, 81, 87 എന്നിങ്ങനെയാണ് അവസാന നാല് ഏകദിനങ്ങളില്‍ ക്ലാസന്റെ പ്രകടനം. ഈ നാല് മത്സരങ്ങളും പാകിസ്ഥാനെതിരെയായിരുന്നു എന്നതാണ് രസകരമായ മറ്റൊരു വസ്തുത
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ സല്‍മാന്‍ അലി ആഘയുടെയും ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്റെയും സെഞ്ച്വറി കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.